07 March, 2020 03:58:30 PM
ഏറ്റുമാനൂരിലെ ലോഡ്ജില്‍ അക്രമം അഴിച്ച് വിട്ടത് ക്വട്ടേഷന്‍ സംഘമെന്ന് സൂചന
ഏറ്റുമാനൂര്‍: നിര്‍മ്മാണത്തിലിരിക്കുന്ന ലോഡ്ജ് മുറിയില്‍ അതിക്രമിച്ച് കയറി ഉടമയുടെ സഹോദരനെയും തൊഴിലാളിയേയും വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പുന്നത്തുറ മാടപ്പാട് വേലിത്താനത്ത് കുന്നേല്‍ ജോജോ (40) തൃശൂര്‍ സ്വദേശി സുനില്‍ കുമാര്‍ എന്നിവര്‍ക്കാണ് വേട്ടേറ്റത്. ലോഡ്ജ് ഉടമ തൃശ്ശൂര്‍ സ്വദേശി വിഷ്ണുവിന്റെ സഹോദരനാണ് ജോജോ. കഴിഞ്ഞ ദിവസം രാത്രി 11.30-ന് ഏറ്റുമാനൂര്‍ ക്ഷേത്രത്തിനു സമീപം നിര്‍മ്മിക്കുന്ന ലോഡ്ജില്‍ വിഷ്ണുവിനെ തേടിയെത്തിയ നാലംഗസംഘമാണ് അക്രമം അഴിച്ചുവിട്ടത്.
ലോഡ്ജിലെത്തിയ സംഘം മുന്‍വശത്ത് കെട്ടിമറച്ചിരുന്ന പടുത തകര്‍ത്ത് അകത്ത് കടക്കുകയായിരുന്നു. ജോജോയെ മുഖത്തടിച്ചു വീഴ്ത്തിയ ശേഷമായിരുന്നു ആക്രമണം. സംഘാംഗങ്ങളില്‍ ഒരാള്‍ സഞ്ചിയില്‍ സൂക്ഷിച്ചിരുന്ന വടിവാള്‍ ഉപയോഗിച്ച് ജോജോയുടെ കഴുത്തിലും ഇരുതോളിലും വെട്ടി. ജോജോയുടെ കഴുത്തില്‍ ആഴത്തിലുള്ള മുറിവുണ്ട്. സുനില്‍ കുമാറിന്റെ ഒരു ചുമലിലും വെട്ടേറ്റു. ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടാഴ്ച മുന്‍പ് അറസ്റ്റിലായ വിവരവകാശ പ്രവര്‍ത്തകര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
കെട്ടിടനിര്‍മ്മാണത്തിലെ അപാകത ചൂണ്ടികാട്ടി ജോജോയുടെ സഹോദരന്‍ വിഷ്ണുവിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്ത രണ്ട് പേരെ പിന്നീട് ജാമ്യത്തില്‍ വിട്ടിരുന്നു. ഈ സംഘത്തില്‍ ഒരു കൊലക്കേസ് പ്രതിയുംഉള്‍പ്പെട്ടിരുന്നു. ചിത്രങ്ങള്‍ കാട്ടിയതില്‍ ഇവരല്ല അക്രമികളെന്ന് ജോജോയും സുനിലും മൊഴി നല്‍കിയതായാണ് അറിയുന്നത്. എന്നാല്‍ ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പെടുത്താനുള്ള സാധ്യതയും പോലീസ് തള്ളികളയുന്നില്ല. സംഭവം നടന്നതിന് സമീപത്തുള്ള കെട്ടിടത്തില്‍ നിന്നും സി.സി.ടി.വി.ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.