06 March, 2020 07:36:40 PM


മാലിന്യനിക്ഷേപം: നാട്ടുകാര്‍ പിടിച്ചെടുത്ത വാഹനം വിട്ടുകൊടുത്ത് പോലീസ്



ഏറ്റുമാനൂര്‍: ജനവാസകേന്ദ്രത്തില്‍ മാലിന്യം തള്ളുവാന്‍ എത്തിയ വാഹനം നഗരസഭാ കൗണ്‍സിലറുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചര മണിയോടെ വള്ളിക്കാടിന് സമീപം പൊതുവഴിയുടെ അരികിലുള്ള കൈതതോട്ടത്തില്‍ തള്ളുവാനായി പ്ലാസ്റ്റിക് ചാക്കുകളില്‍ കെട്ടി നിറച്ച് പിക്കപ് വാനില്‍ കൊണ്ടുവന്ന മാലിന്യമാണ് നാട്ടുകാര്‍ തടഞ്ഞത്. സ്ഥലമുടമയുടെ സ്വന്തം സ്ഥാപനങ്ങളില്‍ നിന്നുള്ള തെര്‍മോക്കോള്‍ ഉള്‍പ്പെടെയുള്ള മാലിന്യം തോട്ടത്തില്‍ കുഴിച്ചിടാനും കത്തിക്കാനും കൊണ്ടുവന്നതാണെന്നാണ് നാട്ടുകാരുടെ ആരോപണം. 


വാര്‍ഡ് കൗണ്‍സിലര്‍ ബീനാ ഷാജിയുടെ നേതൃത്വത്തില്‍ മാലിന്യനിക്ഷേപം തടഞ്ഞതിനെതുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി വാഹനം പിടിച്ചെടുത്തു. എന്നാല്‍ പരാതി നല്‍കാന്‍ ആരും തയ്യാറാകാതെ വന്നതോടെ പോലീസ് ഉപാധികളോടെ വാഹനം ഉടമയ്ക്ക് തിരിച്ചുനല്‍കി. പ്ലാസ്റ്റിക്, തെര്‍മോക്കോള്‍ മാലിന്യങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ നഗരസഭാ പരിധിയില്‍ ഇവ നിക്ഷേപിക്കാന്‍ പാടില്ലെന്ന നിലപാടാണ് കൗണ്‍സിലര്‍ സ്വീകരിച്ചത്. തോട്ടത്തില്‍ ഇത് കുഴിച്ചിടുകയോ കത്തിക്കുകയോ ചെയ്താല്‍ വന്‍രീതിയില്‍ പരിസ്ഥിതി മലീനീകരണം സംഭവിക്കുമെന്നും ഇവര്‍ വ്യക്തമാക്കി.



വന്‍തോതില്‍ കീടനാശിനികളും രാസവസ്തുക്കളും ഉപയോഗിച്ചാണ് കൈതകൃഷി നടത്തുന്നത്. ഇത് നിലവില്‍ സമീപപ്രദേശത്തെ കിണറുകളിലെ ജലം മലിനമാകുന്നതിന് കാരണമായിട്ടുണ്ട്. ഇതിന് പുറമെ മാലിന്യനിക്ഷേപം കൂടിയാകുമ്പോള്‍ വേനലില്‍ നാട്ടുകാർക്ക് ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുകയേ ഉള്ളുവെന്ന് കൗൺസിലർ ചൂണ്ടികാട്ടുന്നു. മാലിന്യവുമായി വാഹനം പോലീസ് കസ്റ്റഡിയില്‍ എടുത്തതോടൊപ്പം കൗണ്‍സിലര്‍ ബീനാ ഷാജിയും റസിഡന്‍റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് ശ്രീനിവാസനും ഉള്‍പ്പെടെയുള്ളവര്‍ സ്റ്റേഷനില്‍ എത്തി.


സ്വന്തം സ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്ന സ്ഥലമുടമയ്ക്കെതിരെ നടപടിയെടുക്കാന്‍ പറ്റില്ലെന്ന നിലപാടാണ് ആദ്യം പോലീസ് സ്വീകരിച്ചതെന്ന് കൗണ്‍സിലര്‍ ബീനാ ഷാജി കുറ്റപ്പെടുത്തി.  5.45 മുതല്‍ 7.45 വരെ സ്റ്റേഷനില്‍ പിടിച്ചുനിര്‍ത്തിയതല്ലാതെ പരാതി എഴുതി വാങ്ങാനോ നടപടികള്‍ സ്വീകരിക്കാനോ പോലീസ് തയ്യാറാകാതെ വന്നതോടെ തങ്ങള്‍ സ്റ്റേഷനില്‍ നിന്ന് ഇറങ്ങിപോരുകയായിരുന്നുവെന്നും കൗണ്‍സിലര്‍ പറഞ്ഞു.


ആരും പരാതി നല്‍കാത്ത സാഹചര്യം ഉടലെടുത്തതോടെ കേസെടുക്കാന്‍ പറ്റാതെ പോലീസും കുഴങ്ങി. ഏറ്റുമാനൂര്‍ പരിസരത്ത് മാലിന്യം നിക്ഷേപിക്കരുതെന്ന നിര്‍ദ്ദേശത്തോടെ അവസാനം പോലീസ് വാഹനം ഉടമയ്ക്ക് വിട്ടുകൊടുക്കുകയായിരുന്നു. അതേസമയം, തെര്‍മോക്കോളും പ്ലാസ്റ്റികും നിരോധിച്ച നഗരസഭാ പരിധിയില്‍ നിന്ന് കൗണ്‍സിലറും നാട്ടുകാരും കൂടി വാഹനം പിടിച്ചെടുത്ത് കൈമാറിയ സാഹചര്യത്തില്‍ മാലിന്യവുമായെത്തിയവര്‍ക്കെതിരെ കേസെടുക്കേണ്ട ചുമതല പോലീസിനുണ്ടെന്ന് നഗരസഭാ ആരോഗ്യകാര്യസ്ഥിരം സമിതി അധ്യക്ഷന്‍ ടി.പി.മോഹന്‍ദാസ് പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K