03 March, 2020 05:41:12 PM


കോട്ടയം ടെക്സ്റ്റയിൽസ് തുറന്നു പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിക്കും - മന്ത്രി ഇ പി ജയരാജൻ



കോട്ടയം: കേരള സ്റ്റേറ്റ് ടെക്സ്റ്റയില്‍ കോര്‍പ്പറേഷന് കീഴില്‍ കാണക്കാരി വേദഗിരിയിലുള്ള കോട്ടയം ടെക്സ്റ്റയില്‍സ് തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഇ പി ജയരാജന്‍ അറിയിച്ചു. നിയമസഭയില്‍ അഡ്വ മോന്‍സ് ജോസഫ് എംഎല്‍എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. പ്രവര്‍ത്തന മൂലധനത്തിന്റെ അഭാവത്തില്‍ 2020 ജനുവരി 3 മുതല്‍ പ്രവര്‍ത്തനം സ്തംഭിച്ച സ്ഥാപനം വൈദ്യുതി വിഛേദിച്ചതിനെ തുടര്‍ന്ന് ഫെബ്രുവരി 7 മുതല്‍ ലേ ഓഫിലാണ്.


വൈദ്യുതി കണക്ഷന്‍ വിഛേദിച്ചത് പുന:സ്ഥാപിക്കുന്നതിന് വൈദ്യുതി വകുപ്പ് മന്ത്രിയുമായി സംസാരിച്ച് നടപടി ഉറപ്പുവരുത്തുമെന്ന് മന്ത്രി അറിയിച്ചു. കമ്പനി പ്രവര്‍ത്തനസജ്ജമാക്കുന്നതിന് തടസ്സമായി നില്‍ക്കുന്ന സാഹചര്യങ്ങള്‍ മാറ്റിയെടുക്കാന്‍ സര്‍ക്കാര്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യും. വൈദ്യുതി കുടിശ്ശികയായി 391.76 ലക്ഷം രൂപ കൊടുത്തു തീര്‍ക്കാനുണ്ട്. ഡിസംബര്‍ മുതല്‍ ശമ്പളം കൃത്യമായി കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഗ്രാറ്റുവിറ്റി, ഇപി.എഫ്, ഇ.എസ്.ഐ, ശമ്പളകുടിശിക ഇനത്തില്‍ 431.78 ലക്ഷം രൂപ തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും നല്‍കാനുണ്ട്. പിരിഞ്ഞു പോയവരുടെ  ആനുകൂല്യങ്ങളും കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല. 


സാമ്പത്തികപ്രതിസന്ധിക്കിടയിലും കോട്ടയം ടെക്സ്റ്റയില്‍സിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കായി 8 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളതായി മന്ത്രി ഇ പി ജയരാജന്‍ വ്യക്തമാക്കി. ഇതര മില്ലുകളില്‍  നിന്നും വ്യത്യസ്തമായി ഒരു വിഭാഗം തൊഴിലാളികള്‍ രാത്രി ഷിഫ്റ്റില്‍ പൂര്‍ണ്ണമായും പ്രവര്‍ത്തിക്കാത്തതിനാല്‍ മില്ലിന്റെ യൂട്ടിലൈസേഷന്‍ 40 മുതല്‍ 45 ശതമാനം വരെ മാത്രമെ കൈവരിക്കാന്‍ കഴിയുന്നുള്ളൂ. ജീര്‍ണ്ണാവസ്ഥയിലായ യന്ത്രങ്ങള്‍ നവീകരിക്കാനും ഉപയോഗിക്കാനും സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യമുയര്‍ന്നു.


കോട്ടണ്‍ നൂല്‍ ഉത്പാദനം നിര്‍ത്തുകയും പകരം സിന്തറ്റിക്കും കോട്ടണും കലര്‍ത്തി പോളിസ്റ്റര്‍ നൂല്‍ ഉല്‍പ്പാദിപ്പിക്കാനാരംഭിച്ചതും വീണ്ടും പ്രതിസന്ധിക്ക് കാരണമായി. ആവശ്യമായ നൂല്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും കമ്പനിയുടെ സമഗ്ര വികസനത്തിന് ആവശ്യമായ ഫണ്ട് ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും മോന്‍സ് ജോസഫ് ആവശ്യപ്പെട്ടു. എല്ലാ ട്രേഡ് യൂണിയനുകളെയും ടെക്സ്റ്റയില്‍ കോര്‍പ്പറേഷന്‍ അധികൃതരെയും പങ്കെടുപ്പിച്ചുകൊണ്ട് നിയമസഭാ സമ്മേളനത്തിനിടയില്‍ ഉന്നതതലയോഗം വിളിച്ചു ചേര്‍ക്കണമെന്നും ആവശ്യമുയര്‍ന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K