03 March, 2020 10:16:56 AM


വീടുവിട്ടിറങ്ങിയ നാല് വിദ്യാർത്ഥികളും പരീക്ഷ എഴുതി; പോലീസ് സാന്നിദ്ധ്യത്തിൽ



ഏറ്റുമാനൂർ: വീടുവിട്ടിറങ്ങി മണിക്കൂറുകള്‍ക്കകം പിടിയിലായ വിദ്യാർത്ഥികളെ ഇന്ന് രാവിലെ പോലീസ് സാന്നിദ്ധ്യത്തിൽ പരീക്ഷയ്ക്കിരുത്തി. തിങ്കളാഴ്ച പരീക്ഷയ്ക്കുശേഷം ഏറ്റുമാനൂര്‍, കാണക്കാരി ഭാഗങ്ങളില്‍ നിന്ന് നാടുവിട്ട ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ നാൽവർസംഘത്തെ രാത്രി 11 മണിയോടെ അർത്തുങ്കൽ അറവുകാട്‌ ക്ഷേത്രത്തിന് സമീപത്തു നിന്നും കണ്ടെത്തിയിരുന്നു. രാത്രി തന്നെ കുറവിലങ്ങാട് സ്റ്റേഷനിലെത്തിച്ച നാല് പേരുടെയും വർഷാവസാന പരീക്ഷ മുടങ്ങാതെ എഴുതിക്കാൻ പോലീസ് തീരുമാനിക്കുകയായിരുന്നു.


കാണക്കാരി ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്കൂളിലെ  വിദ്യാര്‍ത്ഥികളായ ശ്രീരാജ്, സനു, അന്‍സില്‍, ഏറ്റുമാനൂർ സ്കൂളിലെ വിദ്യാർത്ഥി അൻസിൽ എന്നിവരാണ് നാടിനെ മുള്‍മുനയില്‍ നിര്‍ത്തി നാടുവിട്ടത്. നാല് പേരും ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളാണ്. ചൊവ്വാഴ്ച പരീക്ഷയ്ക്കു ശേഷം നാല് പേരെയും ജുവനൈൽ ഹോമിന് കൈമാറും.


കാണാതായ ശ്രീരാജിന്‍റെ കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണിന്‍റെ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചതിലൂടെ ഇവർ അര്‍ത്തുങ്കല്‍ ഭാഗത്തുകൂടി സഞ്ചരിക്കുന്നതായി പൊലീസ് മനസിലാക്കിയിരുന്നു. തുടര്‍ന്ന് ഈ മേഖലയിലെ പൊലീസ് സ്റ്റേഷനുകളിലേക്ക് നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് ഇവര്‍ പിടിയിലാവുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 11.30 മണിയോടെ പരീക്ഷ കഴിഞ്ഞെങ്കിലും വൈകുന്നേരം ഏറെ വൈകിയിട്ടും ഇവര്‍ വീട്ടില്‍ മടങ്ങിയെത്തിയില്ല.

ഇരട്ടസഹോദരനും കാണക്കാരി സ്കൂളിലെ തന്നെ വിദ്യാര്‍ത്ഥിയുമായ സുനു പതിവുപോലെ പരീക്ഷ കഴിഞ്ഞ് വീട്ടില്‍ എത്തി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും സനു എത്താതിരുന്നതിനെ തുടര്‍ന്നാണ് രക്ഷിതാക്കള്‍ അന്വേഷണമാരംഭിച്ചത്. പകല്‍ 1.30 മണിയോടെ വീട്ടിലെത്തിയ ശ്രീരാജ് ഉച്ചകഴിഞ്ഞും പരീക്ഷ ഉണ്ടെന്ന് പറഞ്ഞ് ചോറും ബാഗും എടുത്ത് വീട്ടില്‍ നിന്ന് പോയിരുന്നു. അഞ്ച് മണിയായിട്ടും കാണാതായതിനെ തുടര്‍ന്ന് ക്ലാസ് ടീച്ചറെ വിളിച്ച് ചോദിച്ചപ്പോള്‍ ഉച്ചവരെയേ പരീക്ഷ ഉണ്ടായിരുന്നുള്ളുവെന്നും കുട്ടികള്‍ എല്ലാവരും പോയെന്നുമുള്ള മറുപടിയാണ് പിതാവിന് ലഭിച്ചത്.


തുടരന്വേഷണത്തിലാണ് കണക്കാരി സ്കൂളിലെ മൂന്ന് പേരോടൊപ്പം ഏറ്റുമാനൂർ സ്കൂളിലെ മറ്റൊരു വിദ്യാർത്ഥിയെയും കാണാതായതായി മനസിലായത്. അഞ്ചരയോടെ കുറവിലങ്ങാട് സ്റ്റേഷനില്‍ പരാതി നല്‍കി. ശ്രീരാജിന്‍റെയും അന്‍സിലിന്‍റെയും പക്കല്‍ മൊബൈല്‍ഫോണുകളുണ്ടെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. ഇടയ്ക്ക് ഫോണ്‍ ഓണായ സമയത്താണ് അര്‍ത്തുങ്കല്‍ ഭാഗത്ത് ഉള്ളതായി ടവര്‍ ലൊക്കേഷനിലൂടെ പൊലീസ് മനസിലാക്കിയത്. ഇതിനിടെ ആലപ്പുഴ, ചേർത്തല പോലീസ് സ്റ്റേഷനുകളിൽ ഇവർ പിടിക്കപ്പെട്ടതായി വ്യാജ പ്രചരണവുമുണ്ടായി. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.8K