02 March, 2020 11:50:22 PM


കാണക്കാരി, ഏറ്റുമാനൂർ സ്കൂളുകളില്‍ നിന്നും കാണാതായ കുട്ടികളെ കണ്ടെത്തി




ഏറ്റുമാനൂര്‍: നാടിനെ മുള്‍മുനയില്‍ നിര്‍ത്തി തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് സ്കൂളിൽ നിന്നും പുറപ്പെട്ടു പോയ നാല് വിദ്യാർത്ഥികൾ മണിക്കൂറുകൾക്കകം പിടിയിലായി. കോട്ടയം കാണക്കാരി ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്കൂളിലെ മൂന്ന് വിദ്യാര്‍ത്ഥികളെയും ഏറ്റുമാനൂർ ഗവ ഹയർ സെക്കന്ററി സ്കൂളിലെ ഒരു വിദ്യാർത്ഥിയെയുമാണ് അർത്തുങ്കൽ അറവുകാട് ക്ഷേത്രത്തിന് സമീപത്തുനിന്നും രാത്രി 11 മണിയോടെ പോലീസ് പിടികൂടിയത്. കാണക്കാരി സ്കൂളിലെ വിദ്യാര്‍ത്ഥികളായ വെമ്പള്ളി അരവിന്ദമന്ദിരത്തില്‍ ജയകുമാറിന്‍റെ മകന്‍ ശ്രീരാജ് എം.എ (14), കാണക്കാരി ഓലയ്ക്കല്‍ ബാബുവിന്‍റെ മകന്‍ സനു ബാബു (14), പട്ടിത്താനം രാമനാട്ട് നവാസിന്‍റെ മകന്‍ അന്‍സില്‍ എന്‍ (14), ഏറ്റുമാനൂർ സ്കൂളിലെ വിദ്യാർത്ഥി പട്ടിത്താനം കുഴിപറമ്പിൽ ജഹാംഗീറിന്‍റെ മകൻ അൻസിൽ (14) എന്നിവരാണ് കൂട്ടുകൂടി നാടുവിട്ടത്. നാല് പേരും ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളാണ്.

കാണാതായ ശ്രീരാജിന്‍റെ കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണിന്‍റെ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചതില്‍ ഇവര്‍ അര്‍ത്തുങ്കല്‍ ഭാഗത്തുകൂടി സഞ്ചരിക്കുന്നതായി പൊലീസ് മനസിലാക്കിയിരുന്നു. തുടര്‍ന്ന് ഈ മേഖലയിലെ പൊലീസ് സ്റ്റേഷനുകളിലേക്ക് നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് ഇവര്‍ പിടിയിലാവുന്നത്. തിങ്കളാഴ്ച രാവിലെ പരിക്ഷയ്ക്ക് പോയതാണ് വിദ്യാർത്ഥികൾ. ഉച്ചയ്ക്ക് 11.30 മണിയോടെ പരീക്ഷ കഴിഞ്ഞെങ്കിലും വൈകുന്നേരം ഏറെ വൈകിയിട്ടും ഇവര്‍ വീട്ടില്‍ മടങ്ങിയെത്തിയില്ല.

സനുവിന്‍റെ ഇരട്ടസഹോദരനും കാണക്കാരി സ്കൂളിലെ തന്നെ വിദ്യാര്‍ത്ഥിയുമായ സുനു പതിവുപോലെ പരീക്ഷ കഴിഞ്ഞ് വീട്ടില്‍ എത്തിയിരുന്നു. എന്നാല്‍ സനുവിനെ നാല് മണിയായിട്ടും കാണാതായതോടെയാണ് അന്വേഷണമാരംഭിച്ചതെന്ന് മാതാവ് ഗീത പറഞ്ഞു. പകല്‍ 1.30 മണിയോടെ വീട്ടിലെത്തിയ ശ്രീരാജ് ഉച്ചകഴിഞ്ഞും പരീക്ഷ ഉണ്ടെന്ന് പറഞ്ഞ് ചോറും ബാഗും എടുത്ത് വീട്ടില്‍ നിന്ന് പോകുകയായിരുന്നു. അഞ്ച് മണിയായിട്ടും കാണാതായതിനെ തുടര്‍ന്ന് ക്ലാസ് ടീച്ചറെ വിളിച്ച് ചോദിച്ചപ്പോള്‍ ഉച്ച വരെയേ പരീക്ഷ ഉണ്ടായിരുന്നുള്ളുവെന്നും കുട്ടികള്‍ എല്ലാവരും പോയെന്നുമുള്ള മറുപടിയാണ് ലഭിച്ചതെന്ന് പിതാവ് ജയകുമാര്‍ പറഞ്ഞു.


തുടരന്വേഷണത്തിലാണ് കണക്കാരി സ്കൂളിലെ മൂന്ന് പേരോടൊപ്പം ഏറ്റുമാനൂർ സ്കൂളിലെ മറ്റൊരു വിദ്യാർത്ഥിയെയും കാണാതായതായി മനസിലായത്. അഞ്ചരയോടെ കുറവിലങ്ങാട് സ്റ്റേഷനില്‍ പരാതി നല്‍കി. ഇതിനിടെ ഇവരെ ഉത്സവം നടക്കുന്ന ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രപരിസരത്ത് കണ്ടതായി കൃത്യമല്ലാത്ത വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ക്ഷേത്രത്തില്‍ അനൌണ്‍സ്മെന്‍റ് നടത്തുകയും സമൂഹമാധ്യമങ്ങളിലൂടെ ചിത്രങ്ങള്‍ സഹിതം വിവരം പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.


ശ്രീരാജിന്‍റെയും അന്‍സിലിന്‍റെയും പക്കല്‍ മൊബൈല്‍ഫോണുകളുണ്ടെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. ഇടയ്ക്ക് ശ്രീരാജിന്‍റെ ഫോണ്‍ ഓണായ സമയത്താണ് അര്‍ത്തുങ്കല്‍ ഭാഗത്ത് ഉള്ളതായി ടവര്‍ ലൊക്കേഷനിലൂടെ പൊലീസ് മനസിലാക്കിയത്. ഇതിനിടെ ആലപ്പുഴ, ചേർത്തല പോലീസ് സ്റ്റേഷനുകളിൽ ഇവർ പിടിക്കപ്പെട്ടതായി വ്യാജ പ്രചരണവുമുണ്ടായി. അർത്തുങ്കലിൽ നിന്നും കുറവിലങ്ങാട് പോലീസ് കുട്ടികളെ ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ടുപോന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 8K