02 March, 2020 07:39:51 PM
ഏറ്റുമാനൂര്‍, കാണക്കാരി ഗവ. സ്കൂളുകളില്‍ നിന്നും നാല് വിദ്യാര്‍ത്ഥികളെ കാണാതായി
കോട്ടയം: കാണക്കാരി ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്കൂളില്‍ നിന്നും മൂന്ന് കുട്ടികളെയും ഏറ്റുമാനൂര്‍ ഗവ ഹയര്‍ സെക്കന്‍ററി സ്കൂളില്‍നിന്ന് ഒരു വിദ്യാര്‍ത്ഥിയെയും കാണാതായി. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ വെമ്പള്ളി അരവിന്ദമന്ദിരത്തില്‍ ജയകുമാറിന്‍റെ മകന്‍ ശ്രീരാജ് എം.എ (14), കാണക്കാരി ഓലയ്ക്കല്‍ ബാബുവിന്‍റെ മകന്‍ സനു ബാബു (14), പട്ടിത്താനം രാമനാട്ട് നവാസിന്‍റെ മകന്‍ അന്‍സില്‍ എന്‍ (14), ഏറ്റുമാനൂർ സ്കൂളിലെ വിദ്യാർത്ഥി പട്ടിത്താനം കുഴിപറമ്പിൽ ജഹാംഗീറിന്‍റെ മകൻ അൻസിൽ (14) എന്നിവരെയാണ് കാണാതായത്.
തിങ്കളാഴ്ച രാവിലെ പരിക്ഷയ്ക്ക് പോയതാണ് വിദ്യാര്‍ത്ഥികള്‍. ഉച്ചയ്ക്ക് 11.30 മണിയോടെ പരീക്ഷ കഴിഞ്ഞെങ്കിലും വൈകുന്നേരം ഏറെ വൈകിയിട്ടും ഇവര്‍ വീട്ടില്‍ മടങ്ങിയെത്തിയില്ല. സനുവിന്‍റെ ഇരട്ടസഹോദരനും ഇതേ സ്കൂളിലെ വിദ്യാര്‍ത്ഥിയുമായ സുനു പതിവുപോലെ പരീക്ഷ കഴിഞ്ഞ് വീട്ടില്‍ എത്തിയിരുന്നു. എന്നാല്‍ സനുവിനെ നാല് മണിയായിട്ടും കാണാതായതോടെയാണ് അന്വേഷണമാരംഭിച്ചതെന്ന് മാതാവ് ഗീത പറഞ്ഞു. പകല്‍ 1.30 മണിയോടെ വീട്ടിലെത്തിയ ശ്രീരാജ് ഉച്ചകഴിഞ്ഞും പരീക്ഷ ഉണ്ടെന്ന് പറഞ്ഞ് ചോറും ബാഗും ആയാണ് വീട്ടില്‍ നിന്ന് പോയത്. അഞ്ച് മണിയായിട്ടും കാണാതായതിനെ തുടര്‍ന്ന് ക്ലാസ് ടീച്ചറെ വിളിച്ച് ചോദിച്ചപ്പോള്‍ ഉച്ചവരെയേ പരീക്ഷ ഉണ്ടായിരുന്നുള്ളുവെന്നും കുട്ടികള്‍ എല്ലാവരും പോയെന്നുമുള്ള മറുപടിയാണ് ലഭിച്ചതെന്ന് പിതാവ് ജയകുമാര്‍ പറഞ്ഞു.
തുടരന്വേഷണത്തിലാണ് കാണക്കാരി സ്കൂളില്‍ നിന്നുള്ള മൂന്ന് പേരോടൊപ്പം ഏറ്റുമാനൂര്‍ സ്കൂളിലെ വിദ്യാര്‍ത്ഥിയായ അന്‍സിലിനെയും കാണാതായതായി മനസിലായത്. അഞ്ചരയോടെ സനുവിന്‍റെ രക്ഷിതാക്കള്‍ കുറവിലങ്ങാട് സ്റ്റേഷനില്‍ പരാതി നല്‍കി. കാണക്കാരി സ്കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതാവുമ്പോള്‍ സ്കൂള്‍ യൂണിഫോമായ വെള്ളനിറത്തോട് സാമ്യമുള്ള ഇളം നീല ഷര്‍ട്ടും നീല പാന്‍റുമായിരുന്നു വേഷം. ഇതിനിടെ കുട്ടികളെ ഉത്സവം നടക്കുന്ന ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രപരിസരത്ത് കണ്ടതായി വിവരം ലഭിച്ചു. തുടര്‍ന്ന് ക്ഷേത്രത്തില്‍ അനൌണ്‍സ്മെന്‍റ് നടത്തുകയും സമൂഹമാധ്യമങ്ങളിലൂടെ ചിത്രങ്ങള്‍ സഹിതം വിവരങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തു.
ശ്രീരാജിന്‍റെയും അന്‍സിലിന്‍റെയും പക്കല്‍ മൊബൈല്‍ ഫോണുകളുണ്ടെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. ഇടയ്ക്ക് ശ്രീരാജിന്‍റെ ഫോണ്‍ ഓണായ സമയത്ത് അര്‍ത്തുങ്കല്‍ ഭാഗത്ത് ഉള്ളതായി ടവര്‍ ലൊക്കേഷനിലൂടെ പൊലീസ് മനസിലാക്കി. ഇതേതുടര്‍ന്ന് ആ വഴിക്ക് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാണാതായ വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ 04822 230323 (കുറവിലങ്ങാട് പോലീസ് സ്റ്റേഷന്‍), 7558816303 (നവാസ്), 9846923460, 9188238245 (ജയകുമാര്‍), 9747901473 (ഗീത) എന്നീ നമ്പരുകളിലോ വിവരം അറിയിക്കണമെന്ന് പൊലീസ് പറഞ്ഞു.