01 March, 2020 08:43:09 PM


കാട്ടാനയുടെ മുന്നിൽ നിന്നും വനപാലകനും സുഹൃത്തും കുടുംബവും രക്ഷപെട്ടത് തലനാരിഴക്ക്



എരുമേലി: വനത്തിൽ നിന്നും ഒരാഴ്ചയായി നാട്ടിലിറങ്ങിയ ആനകളെ ഭയന്ന് കഴിയുകയാണ് എയ്ഞ്ചൽവാലി, കാളകെട്ടി, പത്തേക്കർ, എഴുകുംമണ്ണ് എന്നിവിടങ്ങളിലെ നാട്ടുകാർ. ആറ്റിൽ കുളിക്കുകയും വസ്ത്രങ്ങൾ കഴുകുകയുമായിരുന്ന കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ളവരുടെ മുന്നിലേക്ക് വനത്തിൽ നിന്നെത്തിയ ആന ചിന്നം വിളിച്ച് തുമ്പിക്കൈ ചുഴറ്റി  പാഞ്ഞെത്തിയത് അപ്രതീക്ഷിതമായി. എന്ത് ചെയ്യണമെന്നറിയാതെ ആദ്യം ഭയന്നുപോയെങ്കിലും ധൈര്യം സംഭരിച്ച് മുതിർന്നവർ സ്ത്രീകളെയും കുട്ടികളെയുമെടുത്ത് ഓടിയത് രക്ഷയായി.


കലി പൂണ്ട ആന വസ്ത്രങ്ങളും ബക്കറ്റും സോപ്പുമൊക്കെ ചവിട്ടിമെതിച്ചു. ഇന്നലെ എയ്ഞ്ചൽവാലി എഴുകുംമണ്ണിലാണ് സംഭവം. അഴുതയാറിലെ വളക്കുഴി കടവിൽ കുളിക്കാനെത്തിയ നാട്ടുകാരനും ഫോറസ്റ്റ് വാച്ചറുമായ ഉടുമ്പക്കൽ മനോജ്‌, ഭാര്യ, കുട്ടികൾ, സുഹൃത്തും അയൽവാസിയുമായ പനച്ചിക്കൽ സന്തോഷും ഭാര്യയും മക്കളും ഉൾപ്പെട്ട സംഘമാണ് ആനയുടെ മുന്നിൽ നിന്ന് പ്രാണരക്ഷാർത്ഥം ഓടി അത്ഭുതകരമായി രക്ഷപെട്ടത്. മനോജ്‌ അറിയിച്ചതിനെ തുടർന്ന് വനപാലക സംഘം സ്ഥലത്തെത്തി വെടി പൊട്ടിച്ച് ആനയെ തുരത്തിയോടിച്ചെങ്കിലും ഉച്ചക്ക് 12 മണിയോടെ ആനകൾ കൂട്ടമായി ഇതേ സ്ഥലത്തെത്തി നിലയുറപ്പിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K