26 February, 2020 08:16:16 PM


ആദ്യത്തെ ഡിജിറ്റല്‍ സെന്‍സസിന് കോട്ടയം ജില്ലയില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു



കോട്ടയം: സെന്‍സസ് 2021 പ്രവര്‍ത്തനങ്ങള്‍ക്ക് കോട്ടയം ജില്ലയില്‍ തുടക്കം കുറിച്ചു. ആദ്യ ഘട്ടമായി ജില്ലാ സെന്‍സസ് ഉദ്യോഗസ്ഥര്‍ക്കും തഹസീല്‍ദാര്‍മാര്‍, മുനിസിപ്പല്‍ സെക്രട്ടറിമാര്‍ തുടങ്ങിയ ചാര്‍ജ് ഓഫീസര്‍മാര്‍ക്കും സെന്‍സസ് ക്ലര്‍ക്കുമാര്‍ക്കും കളക്ടറേറ്റില്‍ രണ്ടു ദിവസത്തെ പരിശീലനം സംഘടിപ്പിച്ചു. സെന്‍സസ് പ്രക്രിയ, ചോദ്യങ്ങള്‍, ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തങ്ങള്‍, മൊബൈല്‍ ആപ്ലിക്കേഷന്‍, സെന്‍സസ് മാനേജ്‌മെന്റ് ആന്‍ഡ് മോണിറ്ററിംഗ് പോര്‍ട്ടല്‍ തുടങ്ങിയ വിഷയങ്ങള്‍ വിശദീകരിച്ചു. 


ഒന്നാം ഘട്ട സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ ഏകദേശം 4200 എന്യൂമറേറ്റര്‍മാരുടെയും 700 സൂപ്പര്‍വൈസര്‍മാരുടെയും സേവനം ആവശ്യമുണ്ട്. ഇവരെ നിയോഗിക്കുന്നതിനായി സര്‍ക്കാര്‍ വകുപ്പുകളില്‍നിന്നും അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്നും ജീവനക്കാരുടെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. ജീവനക്കാരുടെ വിവരങ്ങള്‍ കൃത്യമായി നല്‍കാത്ത ഓഫീസ് മേധാവികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസറായ ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു അറിയിച്ചു.


സെന്‍സസിന്‍റെ കാര്യക്ഷമത ഉറപ്പാക്കുന്നതിനുവേണ്ടി നടത്തുന്ന പരിശീലന പരിപാടികളില്‍ ഉദ്യോഗസ്ഥര്‍ കൃത്യമായി പങ്കെടുക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് വിവര ശേഖരണം നടത്തുകയും പ്രത്യേക വെബ് പോര്‍ട്ടല്‍ മുഖേന പ്രവര്‍ത്തന പുരോഗതി വിലയിരുത്തുകയും ചെയ്യുന്നതുകൊണ്ടുതന്നെ ചരിത്രത്തിലെ ആദ്യ ഡിജിറ്റല്‍ സെന്‍സസാണിത്. ഒന്നാം ഘട്ടം വീടുപട്ടിക തയ്യാറാക്കലും വീടുകളുടെ സെന്‍സസും ആണ്. രണ്ടാം ഘട്ടമായ ജനസംഖ്യ കണക്കെടുപ്പ് 2021 ഫെബ്രുവരിയില്‍ നടക്കും. 


ആവാസ സ്ഥിതി, പ്രാഥമിക സൗകര്യങ്ങളുടെ ലഭ്യത, പാര്‍പ്പിട ദൗര്‍ലഭ്യം എന്നിവ വിലയിരുത്തുന്നതിന് കുടുംബങ്ങള്‍ക്ക് ലഭ്യമായ സൗകര്യങ്ങള്‍, കൈവശമുള്ള സാമഗ്രികള്‍ തുടങ്ങി 31 ചോദ്യങ്ങളാണ് ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സെന്‍സസില്‍  നല്‍കുന്ന വിവരങ്ങള്‍ തികച്ചും രഹസ്യമായി സൂക്ഷിക്കും. അതുകൊണ്ടുതന്നെ വീടുകളില്‍ എത്തുന്ന എന്യുമറേറ്റര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും ശരിയായ വിവരങ്ങള്‍ നല്‍കാനും സെന്‍സസിനോട് പൂര്‍ണ്ണമായും സഹകരിക്കാനും ജനങ്ങള്‍ തയ്യാറാകണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K