20 February, 2020 07:40:30 PM
നാല് വര്‍ഷം കൊണ്ട് രജിസ്ട്രേഷന്‍ വകുപ്പ് 12000 കോടി സമാഹരിച്ചു - മന്ത്രി സുധാകരന്‍
ഏറ്റുമാനൂര്‍: സംസ്ഥാനത്ത് വരുമാനത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഡിപ്പാര്‍ട്ട്മെന്‍റായ രജിസ്ട്രേഷന്‍ വകുപ്പ് കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് 12000 കോടി രൂപ സമാഹരിച്ചതായി മന്ത്രി ജി.സുധാകരന്‍. വസ്തു ഇടപാടുകളുമായി ബന്ധപ്പെട്ട ഫീസിനത്തിലാണ് ഈ വര്‍ദ്ധനവ് ഉണ്ടായതെന്ന് സൂചിപ്പിച്ച അദ്ദേഹം റോഡുകളുടെ പുരോഗതിയാണ് ഇതിനു കാരണമെന്നും ചൂണ്ടികാട്ടി. ഇപ്പോള്‍ സംസ്ഥാനം സാമ്പത്തികഞെരുക്കത്തിലാണെങ്കിലും സാമ്പത്തികവളര്‍ച്ചയുടെ കാര്യത്തില്‍ ദീര്‍ഘവീക്ഷണത്തോടു കൂടിയാണ് പദ്ധതികള്‍ തയ്യാറാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഏറ്റുമാനൂര്‍ - മണര്‍കാട് ബൈപാസ് റോഡിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയായ രണ്ടാം ഭാഗം നാടിന് സമര്‍പ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. നല്ല റോഡുകള്‍ ഉണ്ടായാല്‍ വ്യാപാരമേഖല മെച്ചപ്പെടും. വസ്തുവിന്‍റെ വില വര്‍ദ്ധിക്കും. ഇത് നികുതിയിനത്തില്‍ വന്‍നേട്ടമുണ്ടാക്കും. കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ 3000 റോഡുകളും 514 പാലങ്ങളും പുനര്‍നിര്‍മ്മിച്ചതായി മന്ത്രി പറഞ്ഞു. 4000ലേറെ പുതിയ കെട്ടിടങ്ങള്‍ പണിതു. റോഡുകള്‍ ആധുനികരീതിയില്‍ കോണ്‍ക്രീറ്റ് ചെയ്യുന്നതിനെകുറിച്ച് ചിന്തിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഇത്തരത്തില്‍ റോഡ് നവീകരിക്കാന്‍ കിലോമീറ്ററിന് ഒന്നര കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി സൂചിപ്പിച്ചു.
റോഡുകള്‍ ആധുനികരീതിയില്‍ നിര്‍മ്മിക്കുന്നതോടെ അപകടങ്ങള്‍ വര്‍ദ്ധിക്കുന്നതായാണ് പ്രചരണം. എന്നാല്‍ ഇത് റോഡിന്‍റെ കുഴപ്പമല്ല. ഡ്രൈവിംഗിലെ വകതിരിവ് ഇല്ലായ്മയാണെന്ന് തിരിച്ചറിയണം. കാശ് കൊടുത്താല്‍ ലൈസന്‍സ് ലഭിക്കുന്ന സാഹചര്യം ഒഴിവാകണം. ഡ്രൈവിംഗിലെ വലതുപക്ഷവ്യതിയാനത്തിന് അറുതി ഉണ്ടാവുകയും ഡ്രൈവര്‍മാര്‍ക്ക് ക്ലാസുകള്‍ കൊടുക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. മന്ത്രി ചൂണ്ടികാട്ടി. അഡ്വ.കെ.സുരേഷ് കുറുപ്പ് എം.എല്‍.എ അധ്യക്ഷനായിരുന്നു.
72 കോടി രൂപാ ചെലവിലാണ് പൂവത്തുമൂട് മുതല്‍ പാറകണ്ടം വരെയുള്ള രണ്ടാം ഭാഗം നിര്‍മ്മാണം പൂര്‍ത്തിയായത്. ആകെ 4.78 കി.മീ നീളത്തില്‍ 2.50 കിലോമീറ്റര്‍ റോഡ് പുതുതായി നിര്‍മ്മിച്ചു. 12 കലങ്കുകളും ഒരു ബോക്സ് കള്‍വെര്‍ട്ടും നിര്‍മ്മിച്ചു. 12.6 കോടി രൂപ ചെലവില്‍ മൂന്നാം ഭാഗത്തിന്‍റെ പണികള്‍ ഉടന്‍ ആരംഭിക്കുമെന്നും കരാര്‍ നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്നും മന്ത്രി അറിയിച്ചു.
ഏറ്റുമാനൂര്‍ നഗരസഭാ ചെയര്‍മാന്‍ ജോര്‍ജ് പുല്ലാട്ട്, പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ബി.വിനു, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ശ്രീലേഖ പി, അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സണ്ണി ജോര്‍ജ്, നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ലൌലി ജോര്‍ജ്, സ്ഥിരം സമിതി അധ്യക്ഷരായ പി.എസ്.വിനോദ്, സൂസന്‍ തോമസ്, വിജി ഫ്രാന്‍സിസ്, മുന്‍ ചെയര്‍മാന്‍ ജയിംസ് തോമസ് പ്ലാക്കിതൊട്ടിയില്‍, കെ.ജി.ഹരിദാസ്, കെ.എന്‍.വേണുഗോപാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.