20 February, 2020 10:17:46 AM
ഏറ്റുമാനൂരില്‍ പീഡനകുറ്റത്തിന് അറസ്റ്റിലായ അധ്യാപകന്‍ ആത്മഹത്യ ചെയ്തു
വൈക്കം: വിദ്യാര്‍ഥികളെ ലൈംഗികമായി ചൂഷണം ചെയ്തെന്ന പരാതികളില്‍ അറസ്റ്റിലായ അധ്യാപകന്‍ ആത്മഹത്യ ചെയ്തു. കേരള ഗവണ്‍മെന്‍റ് പട്ടികജാതി പട്ടികവര്‍ഗ വകുപ്പിന്‍റെ കീഴില്‍ ഏറ്റുമാനൂരിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെ സംഗീതാധ്യാപകന്‍ വൈക്കം ആറാട്ടുകുളങ്ങര ഭാഗത്ത് തെക്കുംകോവില്‍ വീട്ടില്‍ നരേന്ദ്രബാബു (51)വിനെ ആണ് വ്യാഴാഴ്ച രാവിലെ 6.30 മണിയോടെ വീടിനടുത്തുള്ള പൊതുശ്മശാനത്തിനരികെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
വിദ്യാര്‍ഥിനികളെ ശല്യം ചെയ്തെന്ന പരാതിയിൽ സ്കൂളിലെ സംഗീത അദ്ധ്യാപകനെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ 16നാണ് സംഗീത അധ്യാപകനായ നരേന്ദ്രബാബു ലൈംഗികചൂഷണം നടത്തുന്നതായി വിദ്യാര്‍ഥിനികള്‍ പരാതിപ്പെട്ടത്. സ്റ്റുഡന്‍റ്സ് കൗണ്‍സിലറോടാണ് ആദ്യം ഇക്കാര്യം പറയുന്നത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതരെ വിവരം അറിയിച്ചെങ്കിലും വ്യാജ പരാതിയെന്ന അനുമാനത്തില്‍ നടപടിയെടുക്കുകയോ പൊലീസിന് കൈമാറുകയോ ചെയ്തില്ല. ഇതോടെ പരാതി ഒതുക്കി തീര്‍ക്കാന്‍ പ്രധാന അധ്യാപകന്‍ അടക്കമുള്ള അധ്യാപകര്‍ ശ്രമിക്കുന്നുവെന്ന ആരോപണവും ഉയര്‍ന്നു.
ഇതിനുശേഷമാണ് പരാതിയുമായി രക്ഷിതാക്കള്‍ രംഗത്തെത്തുന്നത്. രക്ഷിതാക്കള്‍ ഇടപെട്ട് നല്‍കിയ പരാതികളില്‍ സമാന കുറ്റകൃത്യങ്ങള്‍ ചെയ്തതിലേക്ക് നരേന്ദ്രബാബുവിനെതിരെ ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനില്‍ പതിനഞ്ചോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അന്നത്തെ കോട്ടയം ജില്ലാ പോലീസ് മേധാവി പി.എസ്. സാബുവിന്‍റെ നിർദ്ദേശപ്രകാരം തുടര്‍ന്ന് പോക്സോ ചുമത്തി കോട്ടയം ഡിവൈഎസ്പി ആർ ശ്രീകുമാറിന്റെ നേതൃത്വത്തിൽ അധ്യാപകനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ജയിലില്‍ നിന്നും ഇറങ്ങിയ നരേന്ദ്രബാബു കഴിഞ്ഞ ദിവസം ശബരിമലയില്‍ പോയിവന്നിരുന്നുവത്രേ. തനിക്കെതിരെ ഉന്നയിക്കപ്പെട്ട എട്ടോളം പരാതികളുടെ പകര്‍പ്പും പത്രവാര്‍ത്തകളും ശരീരത്തില്‍ ഒട്ടിച്ചുവെച്ച നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. ഒപ്പം ആത്മഹത്യാകുറിപ്പും കണ്ടെടുത്തു. താന്‍ നിരപരാധിയാണെന്നും സ്കൂളില്‍ ഉണ്ടായ ചില ആഭ്യന്തരപ്രശ്നങ്ങളെ തുടര്‍ന്ന് ഹോസ്ററല്‍ സൂപ്രണ്ട്, സ്റ്റുഡന്‍റ്സ് കൌണ്‍സിലര്‍ ഷേര്‍ലി, ഡ്രൈവര്‍ എന്നിവര്‍ ചേര്‍ന്ന് കെട്ടിചമച്ചുണ്ടാക്കിയ കഥയിലൂടെ തന്നെ കുടുക്കുകയായിരുന്നുവെന്ന് ആത്മഹത്യാകുറിപ്പില്‍ പറഞ്ഞിട്ടുണ്ട്. നിരപരാധിയായ തന്നെ മനപൂര്‍വ്വം കേസില്‍ കുടുക്കിയതാണെന്ന് നരേന്ദ്രബാബു പറഞ്ഞിരുന്നതായി സഹപ്രവര്‍ത്തകര്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. അവിവാഹിതനാണ്. വൈക്കം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.