15 February, 2020 12:18:22 AM
കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരെ ഇടത് അവിശ്വാസം കോറമില്ലാതെ തളളി
- നൗഷാദ് വെംബ്ലി
കാഞ്ഞിരപ്പളളി: ബ്ലോക് പഞ്ചായത്ത് പ്രസിഡന്റിനെതിരെ ഇടത് അവിശ്വാസം കോറമില്ലാതെ തളളി. അഞ്ചംഗ പ്രതിപക്ഷത്തില്‍ സി.പി.ഐ.അംഗം ഹാജരായില്ല.
വികസനമുരടിപ്പിന്റെ പേരിലാണ് യു.ഡി.എഫിലെ കേരള കോണ്‍ഗ്രസ് പ്രതിനിധി സോഫി ജോസഫിനെതിരെ ഇടത് അംഗങ്ങള്‍ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. കാലാവധി കഴിഞ്ഞിട്ടം പ്രസിഡന്റ് സ്ഥാനം രാജിവക്കാന്‍ തയ്യാറാകാതിരുന്ന സോഫി ജോസഫിനെതിരെ യു.ഡി.എഫില്‍ ശക്തമായ പ്രതിഷേധമുയര്‍ന്ന സാഹചര്യം മുതലെടുക്കാന്‍ ഇടതുമുന്നണിയിലെ അഞ്ചംഗങ്ങള്‍ ഒറ്റകെട്ടായി ഒപ്പിട്ടു നല്‍കിയ അവിശ്വാസ നോട്ടീസാണ് ചര്‍ച്ചക്കെടുക്കാന്‍ കോറമില്ലാതെ തളളിയത്.
സി.പി.എംലെ നാലംഗങ്ങള്‍ ഹാജരായപ്പോള്‍ സി.പി.ഐ അംഗവും എ.ഐ.എസ്.എഫ് സംസ്ഥാനമുന്‍ സെക്രട്ടറിയുമായ ശുഭേഷ് സുധാകര്‍ വിട്ടുനിന്നതാണ് കോറമില്ലാതാകാന്‍ ഇടയായത്. പതിനഞ്ച് അംഗ സമിതിയില്‍ കോണ്‍ഗ്രസിലെ ഏഴും, കേരളകോണ്‍ഗ്രസ് (ജോസഫ്) ഒന്നും അംഗങ്ങള്‍ അവിശ്വാസപ്രമേയത്തെ അനുകൂലിച്ചു വോട്ടു ചെയ്യുമെന്നു പ്രചരണം ഉണ്ടായിരുന്നെങ്കിലും അവസാന നിമിഷം അവര്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നതിനാല്‍ സോഫി ജോസഫിനു സ്ഥാനം നഷ്ടമായില്ല.
മൂന്നു വര്‍ഷം കോണ്‍ഗ്രസിനും രണ്ടു വര്‍ഷം കേരള കോണ്‍ഗ്രസിനും പ്രസിഡന്റ് സ്ഥാനം നല്‍കാനായിരുന്നു മുന്നണി ധാരണ. ഇതില്‍ കേരളകോണ്‍ഗ്രസ് അംഗങ്ങളായ സോഫി ജോസഫിനും, മറിയാമ്മ ജോസഫിനും വീതം വച്ചു നല്‍കാനും ധാരണയുണ്ടായിരുന്നു. ഇതില്‍ കേരള കോണ്‍ഗ്രസിലെ പിളര്‍പ്പില്‍ മറിയാമ്മ ജോസഫിനൊപ്പം പോയതോടെ സാഫിയോടു രാജി നല്‍കേണ്ടന്നു ജോസ് കെ.മാണി വിഭാഗം നേതൃത്വം അറിയിക്കുകയായിരുന്നു. ഇതാണ് ഇവര്‍ രാജി വക്കാന്‍ തയ്യാറാകാതിരുന്നത്. ഇത് കോണ്‍ഗ്രസ് അംഗങ്ങളെ ചൊടുപ്പിക്കുകയും ഇവര്‍ 7 പേരും, മറിയാമ്മയും ഒപ്പിട്ടു അവിശ്വാസത്തിനു അനുമതി തേടി യു.ഡിഎഫ് നേതൃത്വത്തിനു കത്തു നല്‍കിയെങ്കിലും പ്രയോജനമുണ്ടായിരുന്നില്ല.
കഴിഞ്ഞ രാത്രി വൈകിയും ഇതു സംബന്ധിച്ചു നേതൃതലചര്‍ച്ച നടത്തിയെങ്കിലും ഇടതുമുന്നണി യുടെ അവിശ്വാസത്തെ അനുകൂലിക്കേണ്ടയെന്നു അവസാന നിമിഷം നേതൃത്വം തീരുമാനം അറിയിക്കുകയായിരുന്നു. പ്രസിഡന്റിന്റെ രാജിയല്ലാതെ മറ്റൊരു തീരുമാനം പറ്റില്ലന്ന ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റും ഡി.സി.സി. ജനറല്‍ സെക്രട്ടറിയുമായ അഡ്വ.പി.എ.ഷെമീര്‍ അവസാന നിമിഷം വരെ നേതൃത്വത്തോട് വാദിച്ചെങ്കിലും ഇടതുമുന്നണിയുടെ ഒപ്പം കൂടേണ്ട എന്ന തീരുമാനം അംഗീകരിക്കുകയായിരുന്നു.
ഇതിനിടെ പ്രതിക്ഷയോടെ അവതരിപ്പിച്ച അവിശ്വാസത്തില്‍ സി.പി.ഐ.അംഗം ശുഭേഷ് സുധാകര്‍ പങ്കെടുക്കാതിരുന്നത് ഇടതുമുന്നണിയില്‍ ശക്തമായ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. മേഖലയില്‍ ദീര്‍ഘകാലമായി ഉണ്ടായിരുന്ന സി.പി.ഐ.-സി.പി.എം.ഭിന്നത കൂടുതല്‍ ശക്തമാകാനിടയാക്കിയിട്ടുണ്ട്. സോഫി ജോസഫിനെ അട്ടിമറിക്കാനായി ഇടതിനൊപ്പം നില്‍ക്കാന്‍ ചിലര്‍ ശ്രമം നടത്തിയത് കോണ്‍ഗ്രസിലും ശക്തമായ ഭിന്നതയ്ക്കു ഇടയാക്കിയിട്ടുണ്ട്.
വികസന മുരടിപ്പിന്റെ പേരില്‍ ഇടതുമുന്നണി ഉണ്ടാക്കിയ വ്യാജ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണന്നു പ്രസിഡന്റ് സോഫി ജോസഫ് പറഞ്ഞു. മറിയാമ്മ ജോസഫിന് ഒരു വര്‍ഷത്തേക്ക് പ്രസിഡന്റ് സ്ഥാനം നല്‍കാന്‍ യാതൊരു വ്യവസ്ഥയും പാര്‍ട്ടി ഉണ്ടാക്കിയിട്ടില്ലന്നും അല്ലാതെ യുളള പ്രചരണം കളളമാണന്നും ഇവര്‍ പറഞ്ഞു. പാര്‍ട്ടി ആവശ്യപെട്ടാല്‍ താന്‍ എപ്പോള്‍ വേണമെങ്കിലും രാജിവക്കാന്‍ തയ്യാറാണന്നും, ഇപ്പോള്‍ രാജി വക്കേണ്ടന്നാണ് നേതൃത്വത്തിന്റെ നിര്‍ദ്ദേശമെന്നും സോഫി ജോസഫ് പറഞ്ഞു.
കാഞ്ഞിരപ്പളളി: കാഞ്ഞിരപ്പളളി ബ്ലോക് പഞ്ചായത്ത് പ്രസിഡന്റു സ്ഥാനത്തുനിന്നും സോഫി ജോസഫ് 20ന് രാജിവയ്ക്കാന്‍ നേതൃത്വ തീരുമാനം. കോണ്‍ഗ്രസ് നേതാവ് കെ.സി.ജോസഫ് എം.എല്‍.എയും, കേരള കോണ്‍ഗ്രസ് നേതാവ് റോഷി അഗസ്റ്റിന്‍ എം.എല്‍.എ.യും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് തൊട്ടുമുമ്പ് വരെ കോണ്‍ഗ്രസ് അംഗങ്ങള്‍ തീരുമാനമെടുക്കാതെ നിന്നപ്പോള്‍ കോണ്‍ഗ്രസ് , കേരള കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ടു സ്ഥാനം ഒഴിയുമെന്ന് ഉറപ്പു നല്‍കുകയായിരുന്നുവത്രെ. റോഷിന്‍ ആഗസ്‌ററിന്‍ എം.എല്‍.എ ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് കൂടിയായ ഡി.സി.സി. ജനറല്‍ സെക്രട്ടറി പി.എ.ഷെമീറിനെ ഫോണില്‍ ബന്ധപെടുകയും 20നു രാജി വയ്ക്കാമെന്ന് ഉറപ്പു നല്‍കുകയായിരുന്നുവെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.