13 February, 2020 07:32:23 AM
വാഴേട്ട് വീട് ഉയരുന്നു: വെള്ളപ്പൊക്കത്തെ അതിജീവിക്കാൻ; ഉയരുന്നത് നാലര അടി
- സുനിൽ പാലാ
പാലാ: 'ഹമ്പമ്പടാ, വെള്ളപ്പൊക്കമേ, ഇനി എന്നെ തൊടാൻ വന്നാൽ നീ സുല്ലിടുകയേയുള്ളൂ'. പുലിയന്നൂരിലെ വാഴേട്ട് (നാലൊന്നിൽ ) ഇരുനില വീട് വെള്ളപ്പൊക്കത്തെ വെല്ലുവിളിക്കുകയാണ്. തല ഉയർത്തിപ്പിടിച്ചു തന്നെ. അതെ, കഴിഞ്ഞ രണ്ടു വെള്ളപ്പൊക്കങ്ങളും മുറ്റത്തെ മൂന്നടിയോളം മുക്കിത്താഴ്ത്തിയ വാഴേട്ട് വീടിനെ ഇനിയുള്ള വെള്ളപ്പൊക്കക്കെടുതികളിൽ നിന്നും ഏതുവിധേനയും രക്ഷിക്കാൻ വീട്ടുടമ രാജേഷ് ബാബുവും ഭാര്യ സോണിയും ചേർന്നൊരു തീരുമാനമെടുത്തു; വീട് അപ്പാടെ ഉയർത്തുക.!
നാട്ടിൽ കേട്ടുകേൾവി മാത്രമുള്ള വീട് പൊക്കൽ കാര്യം നടപ്പാക്കാൻ എറണാകുളത്തുള്ള ഒരു സ്വകാര്യ കമ്പിനിയുടെ സഹായം ഇവർ തേടി. വീട് ഉയർത്തിത്തരാം , പക്ഷേ വൻ തുക വേണ്ടി വരും, കമ്പിനിക്കാർ മുന്നറിയിപ്പു നൽകി. കുടുംബ വിഹിതമായ സ്ഥലത്ത് 12 വർഷം മുമ്പ് നാൽപ്പത് ലക്ഷത്തിൽപ്പരം രൂപാ മുടക്കി പണിത അഞ്ചു ബെഡ്ഡ് റൂം വീട് ഇപ്പോൾ ഉയർത്താനും അതിന്റെ തുടർ പണികൾക്കുമായി 25 ലക്ഷത്തോളം രൂപ വരുമെന്ന് മനസ്സിലാക്കിയിട്ടും പ്രിയപ്പെട്ട വീടിന്റെ കാര്യത്തിൽ വെച്ച കാൽ പിന്നോട്ടു വലിക്കാൻ രാജേഷും സോണിയും തയ്യാറായില്ല.
അങ്ങനെ കഴിഞ്ഞയാഴ്ച "വീടുയർത്തൽ" പണി തുടങ്ങി.
പ്രാഥമിക ജോലികൾ പൂർത്തിയാക്കി നൂറിൽപ്പരം വലിയ ജാക്കികൾ വെച്ച് ഒരേ സമയം പതിയെ പതിയെ വീടുയർത്താൻ തുടങ്ങി. ഉയർത്തുന്നതിനൊപ്പം സിമൻറ് കട്ടയും മറ്റുമിട്ട് ബലപ്പെടുത്തിയും പോന്നു. വീടുയർത്തലിൽ വിദഗ്ധരായ മുപ്പതോളം അന്യസംസ്ഥാന തൊഴിലാളികൾ തുടർച്ചയായി പണിയെടുത്തപ്പോൾ വാഴേട്ട് വീട് ഉയർന്നു തുടങ്ങി. ഇപ്പോൾ മൂന്നര അടിയോളം ഉയർന്നു കഴിഞ്ഞു. അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ ഒരടി കൂടി ഉയർത്തും. നാലരയടി ഉയർത്താനാണ് കരാർ.
കഴിഞ്ഞ രണ്ട് വെള്ളപ്പൊക്കക്കാലത്തും വീടിന്റെ മുറ്റത്ത് മൂന്നരയടിയോളം വെള്ളമുണ്ടായിരുന്നു. വീടിന്റെ ചുവരിൽ വെള്ളപ്പൊക്കത്തിന്റെ അളവ് മാർക്കും ചെയ്തിരുന്നു. വീട് ഉയർത്തിയതോടെ ഇനി അത്ര വെള്ളം വന്നാലും മുറ്റത്തിന്റെ താഴെ വന്ന് വീട് കണ്ടിട്ട് പോയെങ്കിലായി. നേവൽ ആർക്കിടെക്ടായ രാജേഷ് ബാബുവും കുടുംബവും ദുബായിലായിരുന്നു ഇത്ര നാൾ. വീട് വെച്ചിട്ട് 12 കൊല്ലമായെങ്കിലും ഇവർ ഇവിടെ താമസിച്ചിരുന്നില്ല. അടുത്തിടെ ഭാര്യ സോണിയും മക്കൾ നന്ദിനിയും രാഹുലും നാട്ടിലേക്കു പോന്നു. വീട് ഉയർത്തി പുനർ നിർമ്മാണം പൂർത്തിയായാലുടൻ ഇവിടെ താമസിച്ചു തുടങ്ങുമെന്ന് സോണി പറഞ്ഞു.
വീട് ഉയർത്തിയതോടെ ഇനി എത്ര വെള്ളം വന്നാലും മുറ്റത്തിനു താഴെക്കിടന്ന് മറിയുകയേയുള്ളൂ.
പുലിയന്നൂർ മഹാദേവ ക്ഷേത്രത്തിനു സമീപമുള്ള വാഴേട്ട് നാലൊന്നിൽ വീട് അപ്പാടെ ഉയർത്തുന്ന കാര്യം നാട്ടിൽ പാട്ടായതോടെ വീടുയർത്തൽ കാണാൻ നിരവധി പേരാണ് ദിവസവും ഇവിടേക്ക് എത്തുന്നത്.