30 January, 2020 01:36:29 PM


ജലമൂറ്റ്: സ്വകാര്യ ആശുപത്രിക്കും നഗരസഭാ കൗണ്‍സിലര്‍ക്കും എതിരെ റിപ്പോര്‍ട്ട്

- പി.എം.തോമസ്



ഏറ്റുമാനൂര്‍: നഗരസഭാ പരിധിയില്‍ അനധികൃത ജലമൂറ്റ് വ്യാപകമാകുന്നുവെന്ന പരാതിയില്‍ അന്വേഷണം ആരംഭിച്ചു. ഏറ്റുമാനൂര്‍ നഗരസഭാ പരിധിയില്‍ സ്ഥിതിചെയ്യുന്ന തെള്ളകം കാരിത്താസിലെ സ്വകാര്യ ആശുപത്രിയും കോണ്‍ഗ്രസ് നേതാവുകൂടിയായ നഗരസഭാ കൗണ്‍സിലറും അനധികൃതമായി ജലമൂറ്റ് നടത്തുന്നുവെന്ന റിപ്പോര്‍ട്ട് വില്ലേജ് ഓഫീസര്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി. തെള്ളകം - പേരൂര്‍ പാടശേഖരസമിതി മുഖ്യമന്ത്രിയ്ക്കും റവന്യു മന്ത്രിയ്ക്കും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്.


പരാതി വിശദമായ അന്വേഷണത്തിന് തഹസില്‍ദാര്‍ മുഖേന പേരൂര്‍ വില്ലേജ് ഓഫീസര്‍ക്ക് കൈമാറിയിരുന്നു. പരാതിക്കാരില്‍ നിന്നും നാട്ടുകാരില്‍ നിന്നും എടുത്ത മൊഴികളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിച്ചത്. തെള്ളകം പാടത്തിനോട് ചേര്‍ന്ന് കുഴിച്ച കിണറുകളില്‍ നിന്നുള്ള ജലമൂറ്റ് പാടത്തെ ജലനിരപ്പ് താഴുന്നതിനും അത് നെല്‍കൃഷിയെ പ്രതികൂലമായി ബാധിക്കുന്നുവെന്നും ചൂണ്ടികാട്ടിയാണ് പാടശേഖരസമിതി പരാതി നല്‍കിയത്. അനധികൃതമായി വലിയ കിണറുകള്‍ കുഴിച്ച് അനിയന്ത്രിതമായി വെള്ളം കടത്തുന്നതിലൂടെ പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമാണെന്ന് നാട്ടുകാര്‍ മൊഴി നല്‍കി. 



തെള്ളകത്ത് കുഴിച്ചിരിക്കുന്ന കിണറ്റില്‍ നിന്നും വെള്ളം ലോറിയില്‍ വില്‍ക്കുകയാണ് കൌണ്‍സിലര്‍ ചെയ്യുന്നതെന്ന് അന്വേഷണസംഘം കണ്ടെത്തി. വെള്ളം വില്‍ക്കുന്നതായി കൌണ്‍സിലര്‍ സമ്മതിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇന്നേവരെ നഗരസഭാ പരിധിയില്‍ നിന്നും ജലമെടുത്ത് വില്‍ക്കുവാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ജലവിതരണത്തിന് ആര്‍ക്കും ലൈസന്‍സ് നല്‍കിയിട്ടില്ലെന്നും അധികൃതര്‍ പാടശേഖരസമിതി സെക്രട്ടറിയുടെ വിവരാവകാശപ്രകാരമുള്ള കത്തിന് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയിരുന്നു. 


നടയ്ക്കല്‍ പാലത്തിന് സമീപം സ്വകാര്യ ആശുപത്രി അനധികൃതമായി കുഴിച്ച കിണറില്‍ നിന്നും വ്യാപകമായ രീതിയില്‍ വെള്ളം കടത്തുന്നതായി കണ്ടെത്തി. ഭൂമിക്കടിയിലൂടെ പൈപ്പിട്ടാണ് വെള്ളം കൊണ്ടുപോകുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാടത്തിനരികിലായിട്ടും തങ്ങള്‍ക്ക് കുടിവെള്ളക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്നത് ഈ ജലമൂറ്റ് കൊണ്ടാണെന്ന് പരിസരവാസികള്‍ മൊഴി നല്‍കി. അമ്പനാട്ട് ഭാഗത്ത് അനധികൃതമായി കുഴിച്ച കിണര്‍ കണ്ടെത്തി എങ്കിലും ഇവിടെ നിന്നും കുടിവെള്ളം പുറത്തോട്ട് കൊണ്ടുപോകുന്നില്ലെന്നും സംഘം കണ്ടെത്തി.


പാടശേഖരങ്ങള്‍ക്കരികില്‍  നടക്കുന്ന അനധികൃത ജലമൂറ്റ് കാരണം പാടത്തെ ജലവിതാനം താഴുകയും അത് കൃഷിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നത് ശ്രദ്ധയില്‍പെടുത്തി പാടശേഖരസമിതി നല്‍കിയ പരാതി വിശദമായ അന്വേഷണത്തിന് ജില്ലാ കളക്ടര്‍ക്ക് കൈമാറിയിരുന്നു. ഈ പരാതിയാണ് കോട്ടയം തഹസില്‍ദാര്‍ മുഖേന വില്ലേജ് ഓഫീസര്‍ അന്വേഷണവിധേയമാക്കിയത്. ഏറ്റുമാനൂരിലും പരിസരപ്രദേശങ്ങളിലും ആശുപത്രികള്‍ ഉള്‍പ്പെടെ വിവിധയിടങ്ങളില്‍ കുടിവെള്ളം എത്തിക്കുന്നത്  നിയമാനുസൃതമുള്ള ഗുണനിലവാര പരിശോധനകള്‍ നടത്താതെയും അനധികൃതമായിട്ടാണെന്നും നഗരസഭാ അധികൃതര്‍ സാക്ഷ്യപ്പെടുത്തിയ കത്തും സമിതി പ്രസിഡന്‍റ് തോമസ് വര്‍ഗീസ്, സെക്രട്ടറി മോന്‍സി പെരുമാലില്‍ എന്നിവര്‍ പരാതിയ്ക്കൊപ്പം അയച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.6K