24 January, 2020 11:08:22 AM
കോട്ടയം നഗരമധ്യത്തില്‍ അഗ്നിബാധ; എസിവി ഓഫീസ് കത്തി നശിച്ചു
കോട്ടയം: സ്റ്റാർ ജംഗ്ഷന് സമീപം നഗരമധ്യത്തിൽ വൻ അഗ്നിബാധ. ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ ഓഫിസ് പ്രവർത്തിക്കുന്ന എക്സോൺ ബിൽഡിംഗിലാണ് വ്യാഴാഴ്ച രാത്രി 11.30 ഓടെ അഗ്നിബാധയുണ്ടായത്. തീ പടരുന്നത് കണ്ട് എ സി വി ഓഫിസിലുണ്ടായിരുന്ന ആറോളം ജീവനക്കാർ പുറത്തേയ്ക്ക് ഓടി രക്ഷപെട്ടതിനാൽ വൻ അപായം ഒഴിവായി. ഓഫിസിലെ ഉപകരണങ്ങളും കേബിൾ നെറ്റ് വർക്ക് സംവിധാനങ്ങളും അടക്കമുള്ളവ കത്തി നശിച്ചു. എ.സി വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. നാശനഷ്ടത്തിന്‍റെ കണക്ക് കൃത്യമായി തിട്ടപ്പെടുത്തിയിട്ടില്ല.
ഒന്നാം നിലയിൽ എ.സി.വി ഓഫിസ് കൂടാതെ മുകളിലെ നിലയിൽ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഷോപ്പ് പ്രവർത്തിക്കുന്നുണ്ട്. മറ്റ് നിരവധി വ്യാപാര സ്ഥാപനങ്ങളാണ് ഈ പ്രദേശത്ത് പ്രവർത്തിക്കുന്നത്. ഇവിടേയ്ക്കൊന്നും തീ പടരാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. തീയും പുകയും കണ്ട് ഓടിയെത്തിയ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ ആദ്യം തന്നെ ഈ കെട്ടിടത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. കോട്ടയം യൂണിറ്റിൽ നിന്നുള്ള രണ്ട് യൂണിറ്റ് അഗ്നി രക്ഷാ സേനാ വാഹനങ്ങൾ ഒരു മണിക്കൂറോളം നീണ്ട പരിശ്രമഫലമായാണ് തീ നിയന്ത്രണ വിധേയമാക്കിയത്.