16 January, 2020 04:12:22 PM
പിഴ ഈടാക്കി, രസീത് കീറി കളഞ്ഞു: ലീഗൽ മെട്രോളജി വകുപ്പിൽ വൻ തട്ടിപ്പ്; ഉദ്യോഗസ്ഥർക്കെതിരെ കേസ്
ചങ്ങനാശ്ശേരി : കടകളിൽ പരിശോധന നടത്തി ഈടാക്കിയ പിഴ കോടതിയില്‍ അടച്ചില്ല. രസീത് ഉദ്യോഗസ്ഥർ തന്നെ കീറിയെറിയുകയും ചെയ്തു. വന്‍തട്ടിപ്പ് ലീഗൽ മെട്രോളജി വകുപ്പിൽ. കഴിഞ്ഞ ദിവസങ്ങളിൽ ലീഗൽ മെട്രോളജി വകുപ്പ് ചങ്ങനാശ്ശേരിയിൽ നടത്തിയ പരിശോധനയില്‍ പിഴയായി ഈടാക്കിയ തുകയാണ് ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തത്. മേലുദ്യോഗസ്ഥയുടെ പരാതിയില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ പോലീസ് കേസെടുത്തു.
ചങ്ങനാശ്ശേരിയിലെ കടകളിൽ നടത്തിയ പരിശോധനയിൽ നിയമാനുസൃതമുള്ള വിവരങ്ങൾ രേഖപ്പെടുത്താതെ വില്‍ക്കാന്‍ വെച്ചിരുന്ന സാധനങ്ങള്‍ പിടിച്ചെടുക്കുകയും രണ്ട് വ്യാപാര സ്ഥാപനങ്ങളിൽ നിന്നും പിഴ ഈടാക്കുകയും ചെയ്തിരുന്നു. ചങ്ങനാശ്ശേരി ആദിത്യ ടവറിലുള്ള വെട്ടിക്കാട്ട് മറ്റം എന്ന പെയിന്‍റ് വ്യാപാരസ്ഥാപനത്തിൽ നിന്ന് 10000 രൂപയും ഐ.സി.ഒ ജംഗ്ഷനിലെ ന്യൂ ട്രീഡ്‌സ് ഓട്ടോമൊബൈൽ വ്യാപാര സ്ഥാപനത്തിൽ നിന്ന് 24000 രൂപയുമാണ് പിഴയീടാക്കിയത്. എന്നാൽ പിഴ ഈടാക്കിയതിന് രസീത് നല്‍കിയ ഉദ്യേഗസ്ഥർ കൌണ്ടര്‍ഫോയില്‍ കീറി കളഞ്ഞുവെന്നാണ് ആരോപണം.
തുടര്‍ന്ന് ലീഗൽ മെട്രോളജി വകുപ്പ് ഇൻ ചാർജ്ജ് ഓഫീസര്‍ ആർ. സുധ നടത്തിയ പരിശോധനയിൽ ആരോപണം ശരിയെന്ന് കണ്ടെത്തി. പിഴത്തുക കോടതിയിൽ അടച്ചിട്ടില്ലെന്ന് കണ്ടെത്തിയ ഇവര്‍ ഉദ്യോഗസ്ഥർക്കെതിരെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചങ്ങനാശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
ലീഗല്‍ മെട്രോളജി വകുപ്പ് മണ്ഡലമകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് മാത്രം കോട്ടയം ജില്ലയില്‍ നടത്തിയ മിന്നല്‍ പരിശോധനകളില്‍ 80 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പിഴ ഇനത്തില്‍ 206000 രൂപ ഈടാക്കി. പായ്ക്ക് ചെയ്ത മിനറല്‍ വാട്ടര്‍ ഉള്‍പ്പെടെയുളള ഉല്‍പ്പന്നങ്ങള്‍ക്ക് അമിത വില ഈടാക്കിയതിന് 15 വ്യാപാരികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇവിടെയും ഉദ്യോഗസ്ഥര്‍ വെട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നതും അന്വേഷണവിധേയമാക്കണമെന്ന് ആവശ്യമുയര്‍ന്നു.