14 January, 2020 10:42:00 PM
പൗരത്വ ഭേദഗതി നിയമം എല്ലാ വിഭാഗം ആളുകള്‍ക്കും ദോഷകരമാകും - ആന്‍റോ ആന്‍റണി
മുണ്ടക്കയം: പൗരത്വ ഭേദഗതി മുസ്‌ലിങ്ങള്‍ക്ക് മാത്രമല്ല എല്ലാ വിഭാഗം ആളുകളെയും ദോഷകരമായി ബാധിക്കുമെന്ന് ആന്‍റോ ആന്‍റണി എം.പി. ഭരണഘടനയിലെ തുല്യതയും സമത്വവും ലംഘിക്കുന്ന തരത്തിലുളള പ്രവര്‍ത്തനം നടത്തുന്ന കേന്ദ്ര സര്‍ക്കാരിനു ഭരണത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും നഗ്നമായ ഭരണഘടനാ ലംഘനമാണ് ഇവര്‍ നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടികാട്ടി. എന്‍.ആര്‍.സി. രാജ്യത്തെമ്പാടും നടപ്പിലാക്കുമെന്ന് അമിത്ഷാ പാര്‍ലമെന്‍റില്‍ പ്രസംഗിച്ചത് ഇപ്പോള്‍ ചിലര്‍ തിരുത്തുകയാണ്.
അസ്സമില്‍ ഇതിന്‍റെ പേരില്‍ പുറത്തായത് 19 ലക്ഷം ഹിന്ദുക്കളാണ്. ബംഗ്ലാദേശില്‍ നിന്നും കുടിയേറി പാര്‍ത്തവരാണ് ഇതില്‍ 13 ലക്ഷവും. പുതിയ ഉത്തരവില്‍ മുസ്ലിങ്ങളെ മാത്രമായി മാറ്റി നിര്‍ത്തിയുളള പ്രഖ്യാപനം നീതിയല്ല. ഇത് അംഗീകരിക്കാനാവില്ല. ദുഷ്പ്രചരണം നടത്തുന്നത് രാഷ്ട്രിയ ലക്ഷ്യം മാത്രമാണ്. ഉരുക്കുമുഷ്ടികൊണ്ട് പൊതുജനത്തെ നേരിടാമെന്ന അഹങ്കാരം ജനാധിപത്യ ലംഘനമാണ്. ജാമിയയിലും ജെ.എന്‍.യുവിലും പെണ്‍കുട്ടികളെ കോളജില്‍ കയറി അക്രമിച്ച എവിബിപിക്കു കൂട്ടുനിന്നത് പൊലീസാണ്. മര്‍ദ്ദനം ഏറ്റവരെ സംരക്ഷിക്കാന്‍ ബാധ്യതയുളള പൊലീസ് അവരെ പ്രതിയാക്കി അക്രമികളെ സഹായിക്കുകയാണ് ചെയ്തത്.
ഇതിനെതിരെയാണ് രാഷ്ട്രിയമില്ലാതെ എല്ലാ വിഭാഗത്തെയും കൂടെനിര്‍ത്തി തന്‍റെ മണ്ഡലത്തില്‍ ലോങ് മാര്‍ച്ചു സംഘടിപ്പിക്കുന്നതെന്ന് ആന്‍റോ ആന്‍റണി പറഞ്ഞു. 17 നും 24 നും ലോംങ് മാര്‍ച്ച് നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. കാഞ്ഞിരപ്പള്ളി പേട്ട കവലയില്‍ 17 ന് ഉച്ചക്ക് രണ്ടിന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.സമാപന സമ്മേളനം ഈരാറ്റുപേട്ടയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. 24 ന് കോന്നിയില്‍ നിന്നും ആരംഭിച്ച് പത്തനംതിട്ടയില്‍ സമാപിക്കുന്ന മാര്‍ച്ചിന്‍റെ സമാപന സമ്മേളനം പത്തനംതിട്ടയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളത്തില്‍ യു.ഡി.എഫ്.നേതാക്കളായ ഷാജി തട്ടാംപറമ്പില്‍, റോയ് കപ്പലുമാക്കല്‍, നൗഷാദ് ഇല്ലിക്കല്‍, കെ.എസ്.രാജു, വി.ടി.അയ്യൂബ്ഖാന്‍ എന്നിവരും പങ്കെടുത്തു.