13 January, 2020 06:36:55 PM
ഏറ്റുമാനൂര്‍ റയി. സ്റ്റേഷന്‍ നവീകരണം പൂര്‍ത്തിയായി; യാത്രക്കാര്‍ ഇന്നും ത്രിശങ്കുവില്‍
ഏറ്റുമാനൂര്‍ ഏറ്റുമാനൂര്‍ റയില്‍വേ സ്റ്റേഷന്‍റെ നവീകരണജോലികള്‍ പൂര്‍ത്തിയായി. പാത ഇരട്ടിപ്പിക്കലിന്‍റെ ഭാഗമായി മാറ്റി സ്ഥാപിച്ച റയില്‍വേ സ്റ്റേഷന്‍റെ പാര്‍ക്കിംഗ് സ്ഥലവും റോഡും ടാറിംഗ് നടത്തുന്ന ജോലികളായിരുന്നു ബാക്കി നിന്നിരുന്നത്. മനയ്ക്കപ്പാടത്ത് റയില്‍വേ സ്റ്റേഷന്‍ ആരംഭിക്കുന്ന ഭാഗത്തും പുതിയ സ്റ്റേഷന്‍റെ മുന്നിലെ പാര്‍ക്കിംഗ് യാര്‍ഡും ടാറിംഗ് നടത്തുന്ന ജോലികള്‍ ഇന്നലെ പൂര്‍ത്തിയായി.
നീണ്ടൂര്‍ റോഡിനെയും അതിരമ്പുഴ റോഡിനെയും ബന്ധിപ്പിക്കുന്ന റയില്‍വേ സ്റ്റേഷന്‍ റോഡിന്‍റെ ഗതി നീണ്ടൂര്‍ റോഡിലെ മേല്‍പ്പാലം പൂര്‍ത്തിയായതോടെ മാറ്റിയിരുന്നു. പുതിയ സ്റ്റേഷന്‍ മന്ദിരത്തിന് പഴയ റോഡ് അസൗകര്യമാകുമെന്നതിനാല്‍ സമാന്തരമായി പുതിയ വഴിയൊരുക്കി നേരത്തെ ടാര്‍ ചെയ്തിരുന്നു. മനയ്ക്കപ്പാടം അടിപ്പാതയുടെ മേല്‍പ്പാലം പൊളിച്ചു നീക്കി പകരം നാല് വരി റയില്‍ പാതയോടുകൂടി രണ്ട് പാലങ്ങള്‍ പണിതിരുന്നു. പുതിയ സ്റ്റേഷന്‍ മന്ദിരത്തോട് ചേര്‍ന്നുള്ള പഴയ റോഡും സമീപസ്ഥലവും ചേര്‍ത്താണ് പാര്‍ക്കിംഗ് സൗകര്യം ഒരുക്കിയിരിക്കുന്നത്.
നേരത്തെ രണ്ട് പ്ലാറ്റ്ഫോമുകല്‍ മാത്രമായിരുന്ന ഏറ്റുമാനൂരില്‍ നാല് പ്ലാറ്റ്ഫോമുകളാണ് ഇപ്പോഴുള്ളത്. കേരളാ എക്സ്പ്രസ് പോലെ ഏറ്റവും നീളമുള്ള ട്രയിനുകളുടെ വരെ എല്ലാ കംപാര്‍ട്ട്മെന്‍റുകളും ഉള്‍കൊള്ളുന്ന രീതിയിലാണ് പ്ലാറ്റ്ഫോറം നവീകരിച്ചത്. നേരത്തെ പ്ലാറ്റ്ഫോമുകളിലേക്ക് പാളം മുറിച്ചായിരുന്ന യാത്രക്കാര്‍ കടന്നിരുന്നതെങ്കില്‍ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍നിന്നും രണ്ടും മൂന്നും പ്ലാറ്റ്ഫോമുകളിലേക്കെത്താന്‍ മേല്‍പാലവും സ്ഥാപിച്ചു.
മനയ്ക്കപ്പാടത്തെ അടിപ്പാതയും നീണ്ടൂര്‍ റോഡിലെ മേല്‍പ്പാലവും ഉള്‍പ്പെടെ നവീകരണ ജോലികള്‍ സമാപിച്ചപ്പോള്‍ ഏറ്റുമാനൂര്‍ സ്റ്റേഷന്‍റെ മുഖഛായ തന്നെ മാറി. പണ്ട് മീറ്റര്‍ഗേജായിരുന്ന പാളം ബ്രോഡ്‌ഗേജാക്കിയതും തുടര്‍ന്നുണ്ടായ പുരോഗതികളും പഴമക്കാര്‍ ഇന്നും അയവിറക്കുന്നു. എന്നാല്‍ സ്റ്റേഷന്‍ വലുതായിട്ടും തങ്ങള്‍ ഇപ്പോഴും ഗതികേടില്‍ തന്നെയാണെന്നാണ് നാട്ടുകാരുടെ പക്ഷം.
ഷട്ടില്‍ ട്രയിനുകളും പരശുറാം, വേണാട് എക്സ്പ്രസുകളുമല്ലാതെ ദീര്‍ഘദൂരസര്‍വ്വീസുകള്‍ ഒന്നും തന്നെ ഏറ്റുമാനൂരില്‍ നിര്‍ത്തുന്നില്ല. എം.ജി.യൂണിവേഴ്സിറ്റി, മെഡിക്കല്‍ കോളേജ്, കുട്ടികളുടെ ആശുപത്രി, ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്, ഗവ ഐടിഐ, ജില്ലയിലെ പ്രധാന ആശുപത്രികള്‍ ഇവയെല്ലാം ഏറ്റുമാനൂരിന് സമീപമാണ്. മാത്രമല്ല പാലാ, തൊടുപുഴ, മൂവാറ്റുപുഴ, ചേര്‍ത്തല, വൈക്കം, നീണ്ടൂര്‍, ഈരാറ്റുപേട്ട, വാഗമണ്‍ തുടങ്ങിയ പ്രദേശങ്ങളിലേക്ക് എത്തിപ്പെടുവാന്‍ കോട്ടയത്തേക്കാള്‍ ഏറെ എളുപ്പം ഏറ്റുമാനൂര്‍ തന്നെ.
ഇത്തരം സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പാലരുവി, വഞ്ചിനാട് തുടങ്ങിയ ട്രയിനുകള്‍ക്ക് എങ്കിലും ഏറ്റുമാനൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നാണ് സ്ഥിരം യാത്രക്കാരുള്‍പ്പെടെ ഉള്ളവരുടെ പരാതി. രാവിലെ എറണാകുളം ഭാഗത്തേക്ക് ട്രയിനുകള്‍ സൌകര്യത്തിനുണ്ട്. എന്നാല്‍ രാവിലെ തിരുവനന്തപുരം ഭാഗത്തേക്കുള്ളവര്‍ ഏറെ ബുദ്ധിമുട്ടി കോട്ടയത്തെത്തി വേണം യാത്ര തുടരാന്‍. തങ്ങളുടെ വര്‍ഷങ്ങളായുള്ള ഈ ആവശ്യത്തിന് നേരെ റയില്‍വേ മുഖംതിരിക്കുന്നുവെന്നാണ് ഇവരുടെ പരാതി.