09 January, 2020 05:05:18 PM


ഏറ്റുമാനൂര്‍ നഗരസഭാ വ്യാപാര സമുശ്ചയം: ക്രമക്കേടുകള്‍ ചൂണ്ടി കാട്ടിയ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം

എം.പി.തോമസ്



ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നഗരസഭയുടെ വ്യാപാരസമുശ്ചയത്തിന്‍റെ നിര്‍മ്മാണത്തിലും കരാര്‍ നടപടികളിലും ക്രമക്കേടുകളും അഴിമതിയും ചൂണ്ടികാട്ടിയ ഉദ്യോഗസ്ഥന് സ്ഥാനചലനം. അഞ്ച് മാസം മുമ്പ് നഗരസഭയില്‍ ചാര്‍ജെടുത്ത അസിസ്റ്റന്‍റ് എഞ്ചിനീയര്‍ സി.എസ്.ഷിജുവിനെയാണ് ധൃതിപിടിച്ച് സ്ഥലം മാറ്റുന്നത്. ഈരാറ്റുപേട്ടയ്ക്കു സമീപം മൂന്നിലവ് ഗ്രാമപഞ്ചായത്തിലേക്കാണ് ഇദ്ദേഹത്തെ സ്ഥലം മാറ്റിയിരിക്കുന്നത്. ഷിജുവിന്‍റെ സ്ഥലംമാറ്റത്തിന് പിന്നില്‍ വ്യാപാരസമുശ്ചയനിര്‍മ്മാണത്തിലെ അഴിമതിയ്ക്ക് കൂട്ടുനിന്ന കൌണ്‍സിലര്‍മാരാണെന്നാണ് ആരോപണം.


സി.എസ്.ഷിജുവിന്‍റെ സ്ഥാനം ഒഴിയുന്നതോടെ നാല് വര്‍ഷം മുമ്പ് രൂപം കൊണ്ട ഏറ്റുമാനൂര്‍ നഗരസഭയില്‍ ഏഴാമത്തെ അസിസ്റ്റന്‍റ് എഞ്ചിനീയറാവും ഇനി ചാര്‍ജെടുക്കുക. കേരളത്തില്‍ തന്നെ ഇത് ഒരു റിക്കാര്‍ഡായേക്കും. നാല് വര്‍ഷത്തിനുള്ളില്‍ ചാര്‍ജെടുത്ത നാലാമത്തെ സെക്രട്ടറിയാണ് ഇപ്പോള്‍ നഗരസഭയിലുള്ളത്. തങ്ങളുടെ ചൊല്‍പ്പടിയ്ക്ക് നില്‍ക്കാത്ത ഉദ്യോഗസ്ഥരെ ഏതെങ്കിലും തരത്തില്‍ തുരത്തുക എന്ന ഭരണ - പ്രതിപക്ഷഭേദമെന്യേയുള്ള നയമാണ് ഇപ്പോള്‍ ഷിജുവിന് ലഭിച്ച സ്ഥലംമാറ്റ ഉത്തരവ്. 


കെട്ടിടനിര്‍മ്മാണത്തിന് കരാര്‍ വെച്ചതുമുതലുള്ള കാര്യങ്ങളില്‍ ക്രമക്കേട് ചൂണ്ടികാട്ടി എഞ്ചിനീയര്‍ ഷിജു നഗരസഭാ ചെയര്‍മാന് കത്ത് നല്‍കിയതോടെ മള്‍ട്ടിപ്ലക്‌സ് തീയേറ്റര്‍ ഉള്‍പ്പെടെയുള്ള വ്യാപാരസമുശ്ചയം വിവാദങ്ങളിലേക്ക് കൂപ്പു കുത്തുകയായിരുന്നു. വ്യാപാരസമുശ്ചയത്തിന്‍റെ നിര്‍മ്മാണച്ചുമതല ഏറ്റെടുത്ത കേന്ദ്ര സര്‍ക്കാര്‍ എജന്‍സിയായ വാപ്‌കോസിന് സെന്‍റേജ് ചാര്‍ജായി 44 ലക്ഷം രൂപ നല്‍കുവാന്‍ നഗരസഭാ കൌണ്‍സില്‍ തീരുമാനിക്കുകയും ഫയല്‍ പുതുതായി ചാര്‍ജെടുത്ത അസിസ്റ്റന്‍റ് എഞ്ചിനീയറുടെ പക്കല്‍ എത്തുകയും ചെയ്തതോടെ വെളിപ്പെട്ടത് വന്‍വെട്ടിപ്പിന്‍റെയും ക്രമക്കേടുകളുടെയും കഥകള്‍.


താന്‍ കണ്ടെത്തിയ ക്രമക്കേടുകള്‍ കൌണ്‍സിലില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട എഞ്ചിനീയര്‍ക്കെതിരെ ഏതാനും പ്രതിപക്ഷ കൌണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ ഒരു വിഭാഗം ഭരണസമിതിയംഗങ്ങള്‍ തിരിഞ്ഞു. മാത്രമല്ല, വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന പത്രപ്രസ്താവനയുമായി ചെയര്‍മാന്‍ ജോര്‍ജ് പുല്ലാട്ട് രംഗത്തു വരികയും ചെയ്തു. വ്യാപാരസമുശ്ചയ നിര്‍മ്മാണത്തിന്‍റെ ആരംഭഘട്ടത്തില്‍ സപ്ലിമെന്‍റിലൂടെ പരസ്യയിനത്തില്‍ വന്‍തുക ഈടാക്കിയ പത്രങ്ങളാകട്ടെ ചെയര്‍മാന് സ്തുതി പാടി രംഗത്തെത്തുകയും ചെയ്തു. സത്യാവസ്ഥ വെളിപ്പെടുത്തണമെന്ന ആവശ്യവുമായി കൂടുതല്‍ കൌണ്‍സിലര്‍മാര്‍ രംഗത്തെത്തിയതോടെ ചെയര്‍മാന്‍റെയും കൂട്ടരുടെയും വാദങ്ങള്‍ ഒന്നൊന്നായി പൊളിയുകയായിരുന്നു.


എഞ്ചിനീയര്‍ കത്ത് നല്‍കി ഒരു മാസമാകാറായിട്ടും വിഷയം ചര്‍ച്ചയ്‌ക്കെടുക്കാന്‍ ചെയര്‍മാന്‍ തയ്യാറാകാതെ വന്നതും സംശയങ്ങള്‍ക്ക് ആക്കം കൂട്ടിയിരുന്നു. ഒരു വിഭാഗം അംഗങ്ങളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി അവസാനം ചെയര്‍മാന്‍ ചീഫ് എഞ്ചിനീയറുടെ ഉപദേശം തേടി. എന്നാല്‍ അസിസ്റ്റന്‍റ് എഞ്ചിനീയറുടെ റിപ്പോര്‍ട്ട് ശരിവെയ്ക്കുന്നതായിരുന്നു ചീഫ്  എഞ്ചിനീയറുടെ റിപ്പോര്‍ട്ട്. തുടര്‍ന്ന് നടന്ന കൌണ്‍സിലില്‍ ഏതാനും യുഡിഎഫ് അംഗങ്ങളും രണ്ട് എല്‍ഡിഎഫ് അംഗങ്ങളും ഒഴികെ കൌണ്‍സിലില്‍ ഹാജരായ എല്ലാ അംഗങ്ങളും കെട്ടിട നിര്‍മ്മാണം തുടരുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചു. പണികള്‍ തത്ക്കാലം നിര്‍ത്തിവെച്ച് നടപടികള്‍ സുതാര്യമാക്കുവാന്‍ യോഗം തീരുമാനിച്ചു.


എന്നാല്‍ വാപ്‌കോസിന് സ്റ്റോപ്പ് മെമ്മോ കൊടുക്കണമെന്ന അംഗങ്ങളുടെ ആവശ്യത്തിന് നേരെ ചെയര്‍മാന്‍ മുഖം തിരിച്ചപ്പോള്‍ ബിജെപി അംഗങ്ങളും ഒരു സ്വതന്ത്രവനിതാ അംഗവും ചെയര്‍മാന്‍റെ കാബിന് മുന്നില്‍ കുത്തിയിരുപ്പ് സമരവുമായി രംഗത്തെത്തി. വിവാദങ്ങള്‍ക്കൊടുവില്‍ ചെയര്‍മാനെ മറികടന്ന് എഞ്ചിനീയര്‍ ഷിജു വാപ്‌കോസിന് സ്റ്റോപ്പ് മെമ്മോ നല്‍കുകയായിരുന്നു. ഈ നടപടിയാണ് എഞ്ചിനീയര്‍ക്കെതിരെയുള്ള നീക്കത്തിന് കാരണമായതെന്നും പറയുന്നു. ചീഫ് എഞ്ചിനീയറുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കൂടിയ കൌണ്‍സില്‍ യോഗത്തില്‍ കെട്ടിടനിര്‍മ്മാണം തുടരണമെന്ന് ആവശ്യപ്പെട്ട അംഗങ്ങളാണ് എഞ്ചിനീയറുടെ സ്ഥലംമാറ്റത്തിന് പിന്നിലെന്നാണ് മറ്റ് അംഗങ്ങളുടെ ആരോപണം.


ഇതിനിടെ ഇടഞ്ഞുനില്‍ക്കുന്ന അംഗങ്ങളെ കൂടെനിര്‍ത്തി നിര്‍മ്മാണം പുനരാരംഭിക്കാന്‍ മറുവിഭാഗം നടത്തിയ ശ്രമവും വിഫലമായി. എഞ്ചിനീയര്‍ കണ്ടെത്തിയ ക്രമക്കേടുകള്‍ ഫയല്‍ ചെയ്ത് മേല്‍ഘടകങ്ങളിലേക്ക് അയച്ചതാണ് പ്രശ്‌നമായത്. ഇതോടെ എഞ്ചിനീയറെ മാറ്റി മറ്റൊരാളെ ഈ സ്ഥാനത്ത് പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കുകയായിരുന്നു. ഷിജു കണ്ടെത്തിയ അഴിമതികള്‍ ശരിവെച്ച് നഗരസഭാ പ്രവര്‍ത്തനം സ്തംഭിപ്പിച്ച് സമരം നടത്തിയ സിപിഎമ്മും ഇപ്പോള്‍ എഞ്ചിനീയറുടെ സ്ഥലംമാറ്റത്തില്‍ മൌനം പാലിക്കുകയാണ്. അതേസമയം, പുതിയ എഞ്ചിനീയര്‍ വന്നാലും ഈ നിലയില്‍ വ്യാപാരസമുശ്ചയത്തിന്‍റെ നിര്‍മ്മാണം മുന്നോട്ട് കൊണ്ടുപോകാന്‍ സമ്മതിക്കില്ലെന്നാണ് ഒരു വിഭാഗം കൌണ്‍സിലര്‍മാര്‍ പറയുന്നത്. 


കുത്തഴിഞ്ഞു കിടന്ന നഗരസഭയിലെ മരാമത്ത് ജോലികള്‍ ഒന്നൊന്നായി ക്രമവല്‍ക്കരിച്ചു വരുന്നതിനിടെയാണ് ഷിജുവിന്‍റെ സ്ഥലംമാറ്റമെന്നതും ശ്രദ്ധേയമാണ്. സാമ്പത്തികപ്രതിസന്ധി തുടരുന്ന നഗരസഭയില്‍ ഗ്രാമീണറോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ കരാറുകാര്‍ തയ്യാറാവാതെ വന്നതിനും ഷിജു പരിഹാരം കണ്ടെത്തിയിരുന്നു. എന്നാല്‍ ഇദ്ദേഹം സ്ഥലം മാറിയാല്‍ നഗരസഭയിലെ മരാമത്ത് പണികള്‍ വീണ്ടും അവതാളത്തിലാകുമെന്ന് ഭൂരിഭാഗം അംഗങ്ങളും ചൂണ്ടികാട്ടുന്നു. അതുകൊണ്ടുതന്നെ കുറഞ്ഞത് മാര്‍ച്ച് 31 വരെയെങ്കിലും ഇദ്ദേഹത്തെ നഗരസഭയില്‍ തുടരാന്‍ അനുവദിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം കൌണ്‍സില്‍ പാസാക്കി. എന്നാല്‍ ഈ കൌണ്‍സില്‍ യോഗത്തില്‍ നിന്ന് ചില സിപിഎം അംഗങ്ങള്‍ വിട്ടുനിന്നതും ദുരൂഹത പരത്തുന്നുണ്ട്.


വ്യാപാരസമുശ്ചയനിര്‍മ്മാണം ആരംഭിച്ചത് അനുമതിയില്ലാതെ



ഏറ്റുമാനൂര്‍: വിവാദമായ നഗരസഭാ വ്യാപാരസമുശ്ചയനിര്‍മ്മാണത്തിന് തുടക്കം കുറിച്ചത് നഗരസഭയില്‍ നിന്നുള്ള കെട്ടിട നിര്‍മ്മാണ അനുമതിയില്ലാതെയെന്ന് വെളിപ്പെടുത്തല്‍. ഒരു ചെറിയ ഷെഡ് പണിയണമെങ്കില്‍ പോലും കെട്ടിടനിര്‍മ്മാണ പെര്‍മിറ്റ് വേണമെന്നിരിക്കെ നഗരസഭയുടെ വന്‍പദ്ധതി പെര്‍മിറ്റില്ലാതെയാണ് പണി തുടങ്ങിയത്. നഗരസഭാ സെക്രട്ടറി ഈ കെട്ടിടനിര്‍മ്മാണത്തിന് അനുമതി നല്‍കിയിരുന്നില്ലെന്ന് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷനും സിപിഎം നേതാവുമായ ടി.പി.മോഹന്‍ദാസ് ചൂണ്ടികാട്ടി. ഇതോടെ മുന്‍സെക്രട്ടറി വൃജയുടെ സ്ഥലംമാറ്റവും കെട്ടിടനിര്‍മ്മാണവും തമ്മില്‍ കൂട്ടിവായിക്കാന്‍ തുടങ്ങിയിരിക്കുകയാണ് അംഗങ്ങള്‍.


സ്വകാര്യ ബസ് സ്റ്റാന്റിലേക്കുള്ള വഴിയില്‍ ചിറക്കുളത്തിനോട് ചേര്‍ന്ന് എം.സി. റോഡിന് അഭിമുഖമായി 58 കടമുറികളും 240 സീറ്റുകളുള്ള മള്‍ട്ടിപ്ലക്‌സ് സിനിമാ തീയറ്ററും അടങ്ങുന്നതായിരുന്നു വിവാദമായ പദ്ധതി. 400 സീറ്റുകളുള്ള തീയേറ്റര്‍ സമുശ്ചയം ഉള്‍പ്പെട്ട കെട്ടിടത്തിന് പാര്‍ക്കിംഗ് കാണിച്ചിരുന്നത് സ്വകാര്യ ബസ് സ്റ്റാന്‍റും തൊട്ടുചേര്‍ന്നുള്ള വഴികളുമായിരുന്നുവത്രേ. പദ്ധതിയുടെ നിര്‍മ്മാണത്തിന് ടെന്‍ഡര്‍ വിളിക്കേണ്ടതും പ്രോജക്ട് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സി (പിഎംസി)യെ കണ്ടെത്തേണ്ടതും നിര്‍വ്വഹണ ഉദ്യോഗസ്ഥനായ നഗരസഭാ അസിസ്റ്റന്റ് എഞ്ചിനീയറാണെന്നിരിക്കെ ഇതിന് ഘടകവിരുദ്ധമായിട്ടായിരുന്നു കാര്യങ്ങള്‍ നീക്കിയത്. 


നിയമസാധുതയില്ലാതെ വാപ്‌കോസുമായി വെച്ച കരാര്‍ പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അസിസ്റ്റന്റ് എഞ്ചിനീയര്‍ നഗരസഭാ ചെയര്‍മാന് നല്‍കിയ കത്തില്‍ ക്രമക്കേടുകള്‍ അക്കമിട്ടു നിരത്തിയിരുന്നു. കെട്ടിടം നഗരസഭ നേരിട്ട് നിര്‍മ്മിച്ചാല്‍ മതിയെന്നായിരുന്നു അസിസ്റ്റന്‍റ് എഞ്ചിനീയറുടെ നിലപാട്. 18 മാസംകൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യത്തോടെ കരാര്‍ ഏറ്റെടുത്ത വാപ്‌കോസ് ഒരു സ്വകാര്യ കമ്പനിയ്ക്ക് സബ് കോണ്‍ട്രാക്ട് നല്‍കിയിരുന്നു.


27 കോടി രൂപയാണ് 4500ഓളം ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള കെട്ടിടത്തിന് അടങ്കല്‍ തുക. എന്നാലിത് പൊതുമരാമത്ത് വകുപ്പ് നിശ്ചയിച്ചിട്ടുള്ള തുകയുടെ മൂന്നിരട്ടിയാണത്രേ. ചതുരശ്ര അടിയ്ക്ക് 2000 രൂപ പ്രകാരം കണക്കുകൂട്ടിയാല്‍ പോലും 10 കോടി രൂപയില്‍ കെട്ടിടം പണി തീരുമെന്നും വിദഗ്ധര്‍ ചൂണ്ടികാട്ടുന്നു. തൊടുപുഴയില്‍ 5500 ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള ഷോപ്പിംഗ് കോംപ്ലക്‌സ് നഗരസഭ 10 കോടി രൂപയ്ക്ക് പണിയുമ്പോള്‍ ഇവിടെ 27 കോടി രൂപ ചെലവഴിക്കുന്നതിലെ സാങ്കേതികത്വവും ഇപ്പോള്‍ അംഗങ്ങള്‍ ചോദ്യം ചെയ്യുകയാണ്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K