05 January, 2020 07:33:16 PM


കോട്ടയം ജില്ലയില്‍ അര്‍ഹരായ എല്ലാവര്‍ക്കും ഒരു വര്‍ഷത്തിനകം പട്ടയം - മന്ത്രി ഇ. ചന്ദ്രശേഖരന്‍



വൈക്കം: കോട്ടയം ജില്ലയില്‍ അവശേഷിക്കുന്ന അര്‍ഹരായ മുഴുവനാളുകള്‍ക്കും ഒരു വര്‍ഷത്തിനകം പട്ടയം വിതരണം ചെയ്യുമെന്ന് റവന്യു ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ അറിയിച്ചു. വൈക്കം നാനാടത്ത് ലാന്‍ഡ് റവന്യു വകുപ്പ് സംഘടിപ്പിച്ച ജില്ലാതല പട്ടയമേളയുടെ ഉദ്ഘാടനവും റീബില്‍ഡ് കേരള പദ്ധതിയില്‍ നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.


വര്‍ഷങ്ങളായി താമസിക്കുന്ന ഭൂമിയുടെ കൈവശാവകാശം ലഭിക്കാത്തതിനാല്‍  ബുദ്ധിമുട്ടിയിരുന്ന നിരവധി പേര്‍ക്ക് പട്ടയമേളകളിലൂടെ ആശ്വാസം നല്‍കാനായി. വനാതിര്‍ത്തിയുമായി ബന്ധപ്പെട്ട തകര്‍ക്കങ്ങളുള്ളവയാണ് ശേഷിക്കുന്നത്. ഇത്തരം സ്ഥലങ്ങള്‍ക്ക് പട്ടയം ലഭ്യമാക്കുന്നതിന് റവന്യു-വനം വകുപ്പുകള്‍ സംയുക്തമായി നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്.


ലാന്‍ഡ് ടൈബ്യൂണലില്‍ കെട്ടികിടക്കുന്ന അപേക്ഷകളില്‍  വേഗത്തില്‍  തീര്‍പ്പുണ്ടാക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട് . വിവിധ കാരണങ്ങളാല്‍ ട്രൈബ്യൂണല്‍ തള്ളിക്കളഞ്ഞ അപേക്ഷകള്‍ പുനഃപരിശോധന നടത്തി നിയമപരമായ തടസങ്ങളില്ലെങ്കില്‍ ഭൂമി പതിച്ചു കൊടുക്കാനാണ് ഉദ്ദേശിക്കുന്നത്- അദ്ദേഹം പറഞ്ഞു. ആതുരാശ്രമം ഇംഗ്ലീഷ് യു.പി. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന  ചടങ്ങില്‍  ആകെ 151 പേര്‍ക്ക് പട്ടയവും 30 പേര്‍ക്ക് വീടിന്‍റെ താക്കോലും നല്‍കി.


വടയാര്‍ ചക്കാല കോളനിയിലെ കെ.കെ. തങ്കമ്മ, വെച്ചൂര്‍ പാറ്റുവീട്ടില്‍ കോളനിയിലെ ഭാര്‍ഗവി, ടി.വി.പുരം ഉമാകേരി കോളനിയിലെ എത്സമ്മ എന്നിവര്‍ മന്ത്രിയില്‍ നിന്നും പട്ടയരേഖ ഏറ്റുവാങ്ങി. വടക്കേമുറി തെക്കേ വല്യാറ അജിത റോയി, അയലാറ്റുചിറ മണിയന്‍, മുളക്കുളം തേലക്കാട് ടി.എം. മാത്യു, വെള്ളൂര്‍ കോട്ടമുറിക്കല്‍ കെ.കെ സാബു, വടയാര്‍ ഇരുവേലിക്കാട് ഇ.എസ്. പ്രദീപ് എന്നിവര്‍ക്ക് വീടിന്‍റെ താക്കോലും അദ്ദേഹം കൈമാറി. 


വടക്കേമുറി സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്‍റെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് മന്ത്രി നിര്‍വഹിച്ചു. സി.കെ. ആശ എം.എല്‍.എ.  ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം.വൈ. ജയകുമാരി, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പത്മാ ചന്ദ്രന്‍, വൈക്കം മുനിസിപ്പല്‍ ചെയര്‍മാന്‍ പി. ശശിധരന്‍, ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഡി. സുനില്‍കുമാര്‍, എ.ഡി.എം അലക്സ് ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K