05 January, 2020 07:15:01 PM


അര നൂറ്റാണ്ടിന്‍റെ കാത്തിരിപ്പിന് വിരാമം; അയര്‍ക്കുന്നം മഹാത്മാ കോളനി നിവാസികള്‍ക്ക് പട്ടയം



അയര്‍ക്കുന്നം: മഹാത്മ കോളനി നിവാസികളുടെ 49 വര്‍ഷം നീണ്ട കാത്തിരിപ്പും പ്രയത്‌നവും ഒടുവില്‍ ഫലമണിഞ്ഞു. ഇവിടുത്തെ 37ല്‍ 31 കുടുംബങ്ങള്‍ക്കും വൈക്കം നാനാടത്ത് നടന്ന പട്ടയ മേളയില്‍ പട്ടയം ലഭിച്ചു. അയര്‍ക്കുന്നം ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡിലാണ് കോളനി.


കോളനി 2018-ലെ പ്രളയത്തില്‍ വെള്ളത്തില്‍ മുങ്ങിയതിനെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പില്‍ അഭയം തേടിയപ്പോള്‍ സന്ദര്‍ശിക്കാനെത്തിയ  വനം മന്ത്രി കെ. രാജുവിനോട് ഇവര്‍ തങ്ങളുടെ ദുരിതങ്ങള്‍ വിശദീകരിച്ചിരുന്നു.  പട്ടയം നല്‍കുന്നതിനുള്ള തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കണമെന്ന് ഒപ്പമുണ്ടായിരുന്ന അന്നത്തെ ജില്ലാ കളക്ടര്‍ ഡോ ബി.എസ്. തിരുമേനിക്കും ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന മോനിമോള്‍ക്കും മന്ത്രി നിര്‍ദേശം നല്‍കി.


ഇതേത്തുടര്‍ന്ന് റവന്യു വകുപ്പ് സ്വീകരിച്ച അതിവേഗ നടപടികളിലൂടെയാണ് കോളനിക്കാര്‍ക്ക് ഭൂമിയുടെ അവകാശ രേഖ ലഭിച്ചത്. മതിയായ രേഖകളുടെ അഭാവത്തില്‍  ആറ് കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കാന്‍ സാധിച്ചില്ല. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോളി തോമസ്, അംഗം മോനിമോള്‍ എന്നിവരുടെ നേതൃത്വത്തില്‍ എല്ലാവരും ഒന്നിച്ചെത്തിയാണ് പട്ടയം വാങ്ങിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K