05 January, 2020 07:13:22 PM
പേരൂര്‍ വില്ലേജ് ഓഫീസ് സ്മാര്‍ട്ടാകുന്നു; നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി
ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നഗരസഭാ അതിര്‍ത്തിയിലെ പേരൂര്‍ വില്ലേജ് ഓഫീസ് സ്മാര്‍ട്ടാകുന്നു. ഇതിന് മുന്നോടിയായി പഴയ വില്ലേജ് ഓഫീസ് പൊളിച്ചുനീക്കി പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. വില്ലേജ് ഓഫീസിന്റെ ശിലാസ്ഥാപനകര്‍മ്മം മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. 44 ലക്ഷം രൂപാ വകയിരുത്തിയാണ് പുതിയ മന്ദിരം നിര്‍മ്മിക്കുന്നത്. വില്ലേജ് ഓഫീസിന് സ്വന്തമായുള്ള നാല് സെന്റ് സ്ഥലത്ത് ഇരുനിലകളിലായാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഒരു വര്‍ഷത്തിനുള്ളില്‍ പണിതുയര്‍ത്തുക.
കഴിഞ്ഞ നാലു വര്‍ഷത്തിനിടെ വില്ലേജ് ഓഫീസുകളുടെ ആധുനികവത്കരണത്തില്‍ ശ്രദ്ധേയമായ പുരോഗതി നേടാന്‍ കഴിഞ്ഞതായി മന്ത്രി പറഞ്ഞു. വില്ലേജ് ഓഫീസുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 113 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. ഇതുവരെ 146 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ അനുവദിച്ചു. ഇതില്‍ നൂറിലധികം ഓഫീസുകളുടെ ഉദ്ഘാടനവും നടന്നു. മറ്റുള്ളവ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. 75 പുതിയ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ അനുവദിക്കും. ഓഫീസുകളുടെ സൗകര്യം വര്‍ധിക്കുന്നതുവഴി ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
കെട്ടിടനിര്‍മ്മാണത്തിനും ഫര്‍ണീച്ചറുകള്‍ക്കും കുടിവെള്ളത്തിനായി ബോര്‍വെല്‍ കുഴിക്കുന്നതിനും ഉള്‍പ്പെടെയാണ് 44 ലക്ഷം രൂപ വകയിരുത്തിയിട്ടുള്ളത്. പേരൂരില്‍ സ്വകാര്യവ്യക്തിയുടെ കെട്ടിടത്തില്‍ വാടകയ്ക്ക് പ്രവര്‍ത്തിച്ചിരുന്ന വില്ലേജ് ഓഫീസ് 1988- 90 കാലഘട്ടത്തിലാണ് സ്വന്തം സ്ഥലത്ത് പണിത കെട്ടിടത്തിലേക്ക് മാറിയത്. അന്ന് 550 ചതുരശ്ര അടിയോളം വരുന്ന കെട്ടിടം നിര്‍മ്മിതികേന്ദ്രമാണ് പണിതത്. വില്ലേജ് ഓഫീസുകള്‍ ആധുനികവല്‍ക്കരിക്കുകയും ഇടപാടുകള്‍ വര്‍ദ്ധിക്കുകയും ചെയ്തതോടെ ചെറിയ രണ്ട് മുറികളിലെ സ്ഥലപരിമിതി വലിയ പ്രശ്‌നമായി മാറിയിരുന്നു.
ഫയലുകള്‍ക്കിടയില്‍ മൂര്‍ഖന്‍ പാമ്പ് കയറിയ സംഭവം വരെ ഇവിടെ ഉണ്ടായി. പുതിയ കെട്ടിടത്തിന്‍റെ നിര്‍മ്മാണം കഴിയുന്നതുവരെ വില്ലേജ് ഓഫീസിന്റെ പ്രവര്‍ത്തനം ചെറുവാണ്ടൂരിലെ വാടകകെട്ടിടത്തിലേക്ക് മാറ്റിയിരിക്കുകയാണ്. പുതിയ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ വില്ലേജ് ഓഫീസറുടെ മുറിയും ജീവനക്കാരുടെ സൗകര്യങ്ങള്‍ക്കനുസരിച്ച് ഓഫീസ് മുറിയും സന്ദര്‍ശകര്‍ക്ക് ഇരിപ്പിടത്തോടുകൂടി വരാന്തയും ഉണ്ടാവും. ഒപ്പം വില്ലേജ് ഓഫീസര്‍ക്കും ജീവനക്കാര്‍ക്കും സന്ദര്‍ശകര്‍ക്കുമായി നാല് ബാത്ത് റൂമുകളും പണിയും. മുകളിലത്തെ നിലയില്‍ ഡൈനിംഗ് റൂമും റിക്കാര്‍ഡ് റൂമുമാണ് സജ്ജീകിക്കുക.
ചടങ്ങില്‍ കെ.സുരേഷ്‌കുറുപ്പ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ പി.കെ.സുധീര്‍ ബാബു, ഏറ്റുമാനൂര്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ ജോര്‍ജ് പുല്ലാട്ട്, വാര്‍ഡ് കൗണ്‍സിലര്‍ മോളി ജോണ്‍, തഹസില്‍ദാര്‍ പി.ജി. രാജേന്ദ്രബാബു, പി.ഡബ്ല്യു.ഡി. അസിസ്റ്റന്‍റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ സുരേഷ് കുമാര്‍, ജോണി വര്‍ഗീസ്, പി.കെ. സുരേഷ്, കെ.ജി. മുരളീധരന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.