24 December, 2019 08:16:35 PM
എന്‍.ആര്‍.സി ചര്‍ച്ച ചെയ്തിട്ടില്ല; എന്‍.പി.ആറില്‍ കേരളവും ബംഗാളും സഹകരിക്കണമെന്ന് അമിത് ഷാ
ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെയും പൗരത്വ രജിസ്റ്ററിനെതിരെയും പ്രതിഷേധം ശക്തമായിരിക്കെ നിലപാട് മയപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദേശീയ ജനസംഖ്യാ രജിസ്റ്ററും പൗരത്വ പട്ടികയും തമ്മില്‍ ബന്ധമില്ലെന്ന് അമിത് ഷാ പറഞ്ഞു. രാജ്യവ്യാപകമായി പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടന്നിട്ടില്ല. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി പറയുന്നതാണ് ശരിയെന്നും അമിത് ഷാ പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൗരത്വ നിയമ ഭേദഗതി പൗരത്വം നല്‍കുന്നതിന് വേണ്ടിയാണ്. ആരുടെയും പൗരത്വം നഷ്ടപ്പെടില്ല. എന്നാല്‍ പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷം ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. ഇത് എന്ത് തരം രാഷ്ട്രീയമാണെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും അമിത് ഷാ പറഞ്ഞു. ദേശീയ പൗരത്വ രജിസ്റ്ററും ജനസംഖ്യാ രജിസ്റ്ററും തമ്മില്‍ ബന്ധമില്ല. ഇക്കാര്യം താന്‍ ഉറപ്പുനല്‍ക്കുന്നുവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു.
ദേശീയ ജനസംഖ്യാ രജിസ്റ്ററിനായി ശേഖരിക്കുന്ന വിവരങ്ങള്‍ പൗരത്വ രജിസ്റ്ററിനായി ഉപയോഗിക്കില്ലെന്ന് അമിത് ഷാ പറഞ്ഞു. എന്‍.പി.ആര്‍ വിവരശേഖരണം മാത്രമാണ്. എന്‍.പി.ആറില്‍ നിന്ന് ചിലര്‍ പുറത്തായേക്കാം. എന്നാല്‍ അവരുടെ പൗരത്വം നഷ്ടപ്പെടില്ല. കാരണം എന്‍.പി.ആര്‍ പൗരത്വ രജിസ്റ്ററിനായുള്ള നടപടിയല്ല. എന്‍.പി.ആര്‍ തുടങ്ങിയത് യു.പി.എ സര്‍ക്കാരാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
എന്‍.പി.ആറില്‍ നിന്ന് കേരളത്തിനും ബംഗാളിനും മാറിനില്‍ക്കാനാകില്ലെന്ന് അമിത് ഷാ പറഞ്ഞു. രണ്ട് സംസ്ഥാന സര്‍ക്കാരുകളും നിലപാട് മാറ്റി എന്‍.പി.ആറിനോട് സഹകരിക്കണമെന്നും കേരള, ബംഗാള്‍ മുഖ്യമന്ത്രിമാരുടെ ഇപ്പോഴത്തെ നിലപാട് രാഷ്ട്രീയ പ്രേരിതമാമെന്നും അമിത് ഷാ പറഞ്ഞു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തുമെന്നും സമരക്കാരുമായുള്ള ആശയവിനിമയത്തില്‍ വീഴ്ച സംഭവിച്ചുവെന്നും അമിത് ഷാ പറഞ്ഞു.
അതേസമയം രാജ്യത്ത് ഡിറ്റക്ഷന്‍ ക്യാമ്പുകള്‍ നിര്‍മ്മിക്കുന്നുണ്ടെന്ന് അമിത് ഷാ തുറന്നു സമതിച്ചു. നിയമവിരുദ്ധ കുടിയേറ്റക്കാര്‍ക്ക് വേണ്ടിയാണ് ഡിറ്റക്ഷന്‍ സെന്ററുകള്‍ നിര്‍മ്മിക്കുന്നത്. ഡിറ്റക്ഷന്‍ സെന്ററുകള്‍ തുടങ്ങുന്നില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ വാദം.