23 December, 2019 03:36:14 PM


"ഞങ്ങളുടെ പാലാ കൂടി അങ്ങെടുക്കാമോ...?"; 'കേരളം മുഴുവൻ എടുക്കാ'മെന്ന് സുരേഷ് ഗോപിയുടെ മറുപടി

- സുനിൽ പാലാ



പാലാ: " സാറിനെ കാണാൻ പോകുന്നൂവെന്ന് പറഞ്ഞപ്പോൾ സാറിന്റെ ആരാധിക കൂടിയായ എന്റെ കൊച്ചുമകൾ ജോവാന എന്നോട് പറഞ്ഞു വിട്ടു ; തൃശ്ശൂർ എടുക്കും എന്ന് സാറിന്റെ വൈറലായ വാചകം പോലെ , പാലാ കൂടി  സാർ അങ്ങെടുക്കുമോ  എന്ന് ചോദിക്കണമെന്ന് ...." പാലാ നഗരസഭാ ചെയർപേഴ്സൺ മേരി ഡൊമിനിക്കിന്റെ  ചോദ്യം  കേട്ട് സുരേഷ്  ഗോപി എം.പി. ആദ്യം പൊട്ടിച്ചിരിച്ചു.ഒപ്പം വന്നു മറുപടിയും; " പാലാ മാത്രമല്ല, കേരളം മുഴുവനായങ്ങ് എടുക്കാം ഞാൻ ...." എം.പി. യുടെ മറുപടി കേട്ട് അടുത്തിരുന്ന മാണി. സി. കാപ്പൻ എം.എൽ. എ . യും ചിരിച്ചു പോയി.


പാലാ മുരിക്കുമ്പുഴ ദേവീക്ഷേത്രത്തിലെ പുതിയ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്യാനെത്തിയ  സുരേഷ് ഗോപി , ഭക്ഷണത്തിനും വിശ്രമത്തിനുമായി പാലാ നഗരസഭാ കൗൺസിലറും എൻ. എസ്. എസ്. മീനച്ചിൽ താലൂക്ക് യൂണിയൻ പ്രതിനിധിയുമായ അഡ്വ. ബിനു പുളിക്കക്കണ്ടത്തിന്റെ വസതിയിലെത്തിയപ്പോഴായിരുന്നൂ ഈ രസകരമായ സംഭവങ്ങൾ.  നഗരസഭാ ചെയർപേഴ്സൺ മേരി ഡൊമിനിക്കിന്റെ മകൻ പ്രിൻസിന്റെ മകളായ രണ്ടാം ക്ലാസ്സുകാരി ജോവാനാ, സുരേഷ് ഗോപിയുടെ കടുത്ത ആരാധിക. ഇദ്ദേഹത്തിന്റെ സിനിമകൾ പല തവണ കാണും. ഡയലോഗുകൾ തുടരെ ഉരുവിടും. അങ്ങിനെയാണ് തിരഞ്ഞെടുപ്പ് കാലത്തെ സുരേഷ് ഗോപിയുടെ വൈറൽ ഡയലോഗ് " തൃശ്ശൂര് ഞാനിങ്ങെടുക്കുവാ " കുഞ്ഞു ജോവാനയുടെയും മനസ്സിൽ കൊണ്ടത്. അമ്മച്ചി  സുരേഷ് ഗോപിയെ കാണാൻ പോകുവാണെന്ന് അറിഞ്ഞപ്പോഴെ ജോവാന ശട്ടം കെട്ടിയതാ, പാലാ കൂടി അങ്ങെടുക്കുമോന്ന് നേരിട്ട് ചോദിക്കണമെന്ന് .


" ഞാൻ പാലക്കാട് രണ്ട് ഗ്രാമങ്ങൾ ദത്തെടുത്തിട്ടുണ്ട്. കേരളത്തിൽ നിന്ന് 20  എം.പി. മാരുണ്ട്. ഇവർ ആരെങ്കിലും ഇവരുടെ മണ്ഡലത്തിൽ ഒരു ഗ്രാമമെങ്കിലും ദത്തെടുത്തിട്ടുണ്ടോ....?"  ചെയർപേഴ്സന്റെ ചോദ്യത്തിലെ തമാശ വിട്ട് അൽപ്പം സീരിയസായ സുരേഷ് ഗോപി   ചോദിച്ചു. " നിങ്ങൾ നഗരസഭയെങ്കിലും  ഇങ്ങനെയൊരു മാതൃക കാട്ടണം" - മേരി ഡൊമിനിക്കിനോട്  സുരേഷ് ഗോപി ആവശ്യപ്പെട്ടു. " ഞങ്ങൾക്ക് ഇക്കാര്യത്തിൽ വളരെയേറെ ആഗ്രഹമുണ്ട് സർ, പക്ഷേ നഗരസഭയ്ക്ക് ഇതിനുള്ള ഫണ്ടില്ല എന്നതാണ്  പ്രധാന വെല്ലുവിളി "-  ചെയർപേഴ്സൺ വിശദീകരിച്ചു. 'ആദ്യം പദ്ധതിയിടൂ, ഫണ്ട് പല തരത്തിൽ സ്വരൂപിക്കാവുന്നതേയുള്ളൂ' എന്നായി സുരേഷ് ഗോപിയുടെ ഉപദേശം



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K