23 December, 2019 02:52:45 PM
'ജനങ്ങളെ ബുദ്ധിമുട്ടിക്കുകയല്ല ജനപ്രതിനിധിയുടെ ജോലി'; പ്രഗ്യാ സിങ്ങിനോട് തട്ടിക്കയറി വിമാന യാത്രികര്‍
ദില്ലി: ബിജെപി എംപി പ്രഗ്യാ സിങ് താക്കൂറും വിമാന ജീവനക്കാരും തമ്മിലുള്ള സീറ്റ് തര്‍ക്കം വിവാദമായതിനു പിന്നാലെ വിമാനത്തില്‍ എംപിയോട് യാത്രികര്‍ തട്ടിക്കയറുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് ഡല്‍ഹി-ഭോപ്പാല്‍ സ്‌പൈസ് ജെറ്റ് വിമാനം ശനിയാഴ്ച 40 മിനിറ്റോളമാണ് വൈകിയത്. യാത്രയ്ക്കിടെ പ്രഗ്യാ സിങ്ങിന്റെ തര്‍ക്കത്തെ തുടര്‍ന്ന് മറ്റ് യാത്രക്കാരും വലഞ്ഞു. ഇതോടെയാണ് ഭോപ്പാല്‍ എംപിയായ പ്രഗ്യാ സിങ്ങിനെതിരെ യാത്രക്കാര്‍ തട്ടിക്കയറിയത്.
താങ്കള്‍ ജനപ്രതിധിയാണ്. ജനങ്ങളെ ബുദ്ധിമുട്ടിക്കുകയല്ല താങ്കളുടെ ജോലി. 50 ഓളം യാത്രികര്‍ നിങ്ങള്‍ കാരണം ബുദ്ധിമുട്ട് നേരിടുന്നതില്‍ നിങ്ങള്‍ക്ക് നാണക്കേട് തോന്നുന്നില്ലേ? ചിലര്‍ പ്രഗ്യാ സിങ്ങിനോട് പൊട്ടിത്തെറിച്ചു. ഇതിനിടെ ചില വനിതാ യാത്രികര്‍ വിമാന ജീവനക്കാരോടും തട്ടിക്കയറുന്നതും വീഡിയോയില്‍ കാണാം. എത്രയും പെട്ടെന്ന് ഈ പ്രശ്‌നം പരിഹരിക്കണമെന്നത് നിങ്ങളുടെ ഉത്തരവാദിത്തമാണെന്നും, മറ്റുള്ളവരുടെ സമയത്തിന് നിങ്ങള്‍ ഒരു വിലയും നല്‍കുന്നില്ലേ? എന്തുകൊണ്ടാണ് ഒരു തീരുമാനം എടുക്കാത്തതെന്നും ചോദ്യമുയര്‍ന്നു.
വീല്‍ ചെയര്‍ യാത്രികയായ പ്രഗ്യാ സിങ്ങിന് എമര്‍ജന്‍സി സീറ്റ് അനുവദിക്കാനാകില്ലെന്നും മാറി ഇരിക്കണമെന്നും വിമാന ജീവനാര്‍ പ്രഗ്യയോട് പറയുകയും എന്നാല്‍ ഇത് അംഗീകരിക്കാന്‍ അവര്‍ തയാറാകാതെ വന്നതുമാണ് തര്‍ക്കം ഉണ്ടാകാന്‍ കാരണം. 78 പേര്‍ക്കിരിക്കാവുന്ന വിമാനത്തിന്റെ ഒന്നാം നിരയിലെ സീറ്റാണ് പ്രഗ്യാ സിങ് ബുക്ക് ചെയ്തിരുന്നത്. എന്നാല്‍ അത് എമര്‍ജന്‍സി ഡോറിനടുത്തുള്ള സീറ്റായതിനാല്‍ വീല്‍ ചെയറുകാര്‍ക്ക് അനുവദിക്കാറില്ല. ബുക്ക് ചെയ്ത സീറ്റിലെ താന്‍ ഇരിക്കൂവെന്ന് പ്രഗ്യാ സിങ് നിര്‍ബന്ധം പിടിച്ചതോടെയാണ് തര്‍ക്കത്തിലെത്തിയത്. ഒടുവില്‍ പ്രഗ്യാ സിങ് സീറ്റ് മാറിയിരിക്കുകയായിരുന്നു