23 December, 2019 02:05:10 PM
ജാർഖണ്ഡിൽ തകർന്നടിഞ്ഞ് ബിജെപി; ജെഎംഎം - കോൺഗ്രസ് സഖ്യം അധികാരത്തിലേക്ക്
റാഞ്ചി: ജാർഖണ്ഡിൽ 81 അംഗ നിയമസഭയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി ജാർഖണ്ഡ് മുക്തി മോർച്ച (ജെ.എം.എം). ജെഎംഎം-കോൺഗ്രസ്-ആർജെഡി സഖ്യം കേവല ഭൂരിപക്ഷമായ 41 മറികടന്നാണ് സംസ്ഥാനത്ത് അധികാരമുറപ്പിച്ചത്. ജെ.എം.എം നേതാവും മുൻ മുഖ്യമന്ത്രിയുമായ ഷിബു സോറന്റെ മകൻ ഹേമന്ദ് സോറനാണ് മഹാസഖ്യം മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടുന്നത്. ബെർഹൈറ്റ് മണ്ഡലത്തിൽ നിന്നും വിജയിച്ച ഹേമന്ദ് ഡുംകയിലും മുന്നിട്ടു നിൽക്കുകയാണ്.
അതേസമയം മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ രഘുബാർ ദാസ് ജംഷെഡ്പൂർ ഈസ്റ്റിൽ ഇപ്പോഴും പിന്നിലാണ്. ചക്രധര്‍പുറില്‍ മത്സരിച്ച ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ലക്ഷമണ്‍ ഗിലുവും ഏറെ പിന്നിലാണ്. എണ്ണായിരത്തിലധികം വോട്ടുകൾക്കാണ് മുഖ്യമന്ത്രി സ്വന്തം മണ്ഡലത്തിൽ പിന്നിലായിരിക്കുന്നത്. ഇവിടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായ സരയു റായിയാണ് രഘുബര്‍ ദാസിന് വെല്ലുവിളിയായത്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു ഇരുവരും. എന്നാല്‍ അവസാന ഘട്ടത്തിലേക്കെത്തിയപ്പോള്‍ സരയു റായ് ഏറെ മുന്നിലേക്കെത്തിയിട്ടുണ്ട്.
നിലവിൽ മഹാസഖ്യം 49 മണ്ഡലങ്ങളിലാണ് വിജയമുറപ്പിച്ചിരിക്കുന്നത്. ബി.ജെ.പിയാകട്ടെ 22 മണ്ഡലങ്ങളിലും. 31 സീറ്റുകളിൽ വിജയിച്ചാണ് ജെ.എം.എം ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയത്. 14 സീറ്റുകളിലാണ് കോൺഗ്രസ് സ്ഥാനാർഥികൾ വിജയിച്ചത്. നാല് സീറ്റുകളുമായി ആർ.ജെ.ഡിയും ജാർഖണ്ഡിൽ വൻ മുന്നേറ്റമാണുണ്ടാക്കിയിരിക്കുന്നത്.