20 December, 2019 09:04:28 PM
യുപിയില്‍ ഇന്ന് ആറു മരണം: പോലീസ് വെടിയുതിര്‍ത്തിട്ടില്ലെന്ന് യുപി ഡിജിപി
ലക്‌നൗ: പൗരത്വ പ്രഷോഭം തിളച്ചുകത്തി യുപി. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളില്‍ ഉത്തര്‍പ്രദേശില്‍ ഇന്ന് മാത്രം മരണം ആറായി. ഒരാള്‍ പോലും പോലീസ് വെടിവെയ്പ്പില്‍ അല്ല മരിച്ചതെന്ന് ഉത്തര്‍പ്രദേശ് ഡിജിപി ഒപി സിങ് വ്യക്തമാക്കി. ഒരു ബുള്ളറ്റ് പോലും വെടിയുതിര്‍ത്തില്ലെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു.
പ്രതിഷേധക്കാരായ രണ്ടു പേര്‍ ബിജ്‌നോറിലാണ് മരിച്ചത്. സംബാല്‍, ഫിറോസാബാദ്, മീററ്റ്, കാന്‍പൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ വീതവും മരണപ്പെട്ടു. ഒരാളെ പോലും പോലീസ് വെടിവെച്ചിട്ടില്ല. ഏതെങ്കിലും വെടിവെയ്പ് നടന്നിട്ടുണ്ടെങ്കില്‍ അത് പ്രതിഷേധക്കാരുടെ ഭാഗത്തു നിന്നാണെന്നും പോലീസ് മേധാവി പ്രതികരിച്ചു.
വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്കു ശേഷമാണ് യുപിയില്‍ 13 ജില്ലകളില്‍ പ്രതിഷേധം തുടങ്ങിയത്. ആയിരക്കണക്കിനാളുകള്‍ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങുകയായിരുന്നു. കല്ലേറും മറ്റും ഉണ്ടായതോടെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും സ്ഥിതി നിയന്ത്രണ വിധേയമാക്കാന്‍ ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. കടുത്ത സുരക്ഷാവലകള്‍ മറികടന്നാണ് ആയിരങ്ങള്‍ പ്രതിഷേധവുമായി നഗരത്തിലിറങ്ങിയത്. രാജ്യതലസ്ഥാന നഗരമായ ഡല്‍ഹിയിലും പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങി. മംഗളൂരുവിലും ബെംഗളൂരുവിലും സ്ഥിതി കലാപരൂക്ഷിതമാണ്