20 December, 2019 01:11:32 PM
വസ്ത്രവ്യാപാരിയെ മര്‍ദ്ദിച്ച സംഭവം: അക്രമികള്‍ മൂവരും അറസ്റ്റില്‍; സൂത്രധാരന്‍ കാണാമറയത്ത്
ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ ശക്തിനഗറില്‍ വസ്ത്രവ്യാപാരിയെ ഇരുമ്പുകമ്പി ഉപയോഗിച്ച് ആക്രമിച്ച സംഭവത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. അതേസമയം ആക്രമണത്തിന്‍റെ സൂത്രധാരന്‍ ഒളിവിലാണ്. എറണാകുളം തൃക്കാക്കര പൂക്കോട്ടില്‍ ബിനീഷ് (32), മുളവുകാട് കളിയാത്ത് വിഷ്ണു (30) എന്നിവരാണ് കഴിഞ്ഞ ദിവസം എറണാകുളത്തുനിന്നും അറസ്റ്റിലായത്. മറ്റൊരു പ്രതി കോതമംഗലം സ്വദേശി ഇബ്രാഹിം അലി (22) നേരത്തെ അറസ്റ്റിലായിരുന്നു.
ശക്തിനഗറില്‍ അലീനാ ടെക്സ്റ്റയില്‍സ് എന്ന സ്ഥാപനം നടത്തിവരുന്ന കുറുമുള്ളൂര്‍ മൂഴിക്കുളങ്ങര പൊങ്ങന്‍പുഴകാലായില്‍ കെ.എസ്. റോയിയാണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ 12ന് രാത്രി കട അടച്ച് കാറില്‍ കയറാന്‍ തുടങ്ങവേയാണ് റോയിക്ക് മര്‍ദ്ദനമേറ്റത്. ആഡംബരകാറില്‍ വന്ന മൂവര്‍സംഘം വഴി ചോദിക്കാനെന്ന വ്യാജേന എത്തിയാണ് റോയിയെ മര്‍ദ്ദിച്ചത്. മുഖത്ത് പരിക്കേറ്റ റോയി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
തന്നെ മര്‍ദ്ദിച്ചത് ക്വട്ടേഷന്‍ സംഘമാമെണെന്ന് റോയി സംശയം പ്രകടിപ്പിച്ചിരുന്നു. പിന്നീട് സിസിടിവി ക്യാമറ ദൃശ്യങ്ങളില്‍ നിന്നും കാറും അക്രമികളെയും പോലീസ് തിരിച്ചറിയുകയായിരുന്നു. ഇബ്രാഹിം അലിയെ ചോദ്യം ചെയ്തതിലൂടെ സംഭവത്തിന്‍റെ സൂത്രധാരന്‍ ആരെന്ന് പോലീസ് മനസിലാക്കിയെങ്കിലും ഇയാള്‍ ഒളിവില്‍ പോയി. ഇതിനിടെ വ്യാജപ്രതികളെ ഇറക്കി അന്വേഷണം വഴി തെറ്റിക്കുന്നതിനുള്ള ശ്രമവും നടന്നു. ഇപ്പോള്‍ കസ്റ്റഡിയില്‍ എടുത്ത മൂന്ന് പേരുമാണ് അക്രമികള്‍ എന്ന് പോലീസ് സ്ഥിരീകരിച്ചു. സൂത്രധാരനു വേണ്ടിയുള്ള അന്വേഷണം ഏറ്റുമാനൂര്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ അനൂപ് സി നായരുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. പിടിയിലായ പ്രതികളെ റിമാന്‍ഡ് ചെയ്തു.