19 December, 2019 11:46:29 PM
ഹര്‍ത്താല്‍ ദിനത്തില്‍ കലാപമെന്ന് അജ്ഞാത ഫോണ്‍ സന്ദേശം നല്‍കിയ യുവാവ് അറസ്റ്റില്‍
മുണ്ടക്കയം: ഹര്‍ത്താല്‍ ദിനത്തില്‍ കലാപമെന്ന് അജ്ഞാത ഫോണ്‍ സന്ദേശം നല്‍കിയ യുവാവ് അറസ്റ്റില്‍. ഒപ്പം പത്തു ലക്ഷം കൊടുത്ത് 75 കോടിയുടെ നിരോധിത നോട്ട് വാങ്ങാനെത്തിയ അഞ്ചംഗ സംഘവും പിടിയിലായി. ചൊവ്വാഴ്ചത്തെ ഹര്‍ത്താല്‍ ദിനത്തില്‍ എരുമേലിയിലും പരിസരപ്രദേശങ്ങളിലും ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ കത്തിക്കാന്‍ അഞ്ചംഗസംഘം മുണ്ടക്കയത്ത് ക്യാമ്പ് ചെയ്യുന്നതായി വ്യാജ സന്ദേശം നല്‍കിയ പാറത്തോട്ടില്‍ വാടകക്ക് താമസിക്കുന്ന പാമ്പനാര്‍ ഇല്ലത്തുപറമ്പില്‍ ഷാമോനെ(32)യാണ് മുണ്ടക്കയം സി.ഐ.ഷിബുകുമാറും സംഘവും പിടികൂടിയത്.
സംഭവം സംബന്ധിച്ചു പൊലീസ് പറയുന്നതിങ്ങനെ.
ചൊവ്വാഴ്ച ഹര്‍ത്താല്‍ ദിനത്തില്‍ പൊലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്നു മുണ്ടക്കയത്തെ സ്വകാര്യ ലോഡ്ജില്‍ നിന്നും അഞ്ചംഗ സംഘത്തെ പിടികൂടി ചോദ്യം ചെയ്യുന്നതിനിടയിലാണ് നിരോധിത നോട്ടു വാങ്ങുന്ന സംഘമാണന്നു കണ്ടെത്തിയത്. മലപ്പുറം സ്വദേശികളായ ഫക്രുദ്ദീന്‍ (42), മന്‍സൂര്‍ (50), പെരുമ്പാവൂര്‍ സ്വദേശി ജലീല്‍ (52) എറണാകുളം കളമശ്ശേരി സ്വദേശി സലിം (53), തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി നൗഷാദ് (42) എന്നിവരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.
ഇവരെ ചോദ്യം ചെയ്യുന്നതിനിടയിലാണ് വ്യാജ ഫോണ്‍ സന്ദേശക്കാരനായ ഷാമോനെ സംബന്ധിച്ചുളള വിവരം ലഭിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച കറന്‍സി പാതിവിലക്കെടുക്കുന്ന സംഘമാണിവര്‍. ഇവര്‍ക്ക് 75 കോടി രൂപ നല്‍കാമെന്നു പറഞ്ഞു 10ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങിയ ഇയാളെ കണ്ടെത്താനായാണ് സംഘം മുണ്ടക്കയത്ത് എത്തിയത്. വിവരം അറിഞ്ഞ ഇയാള്‍ തിരുവനന്തപുരത്തുപോയി തന്റെ മൊബൈല്‍ ഫോണില്‍ നിന്നും പൊലീസിന് വ്യാജ സന്ദേശം നല്‍കുകയായിരുന്നു.
താന്‍ കബളിപ്പിച്ച സംഘം തന്നെ തേടിയെത്തിയപ്പോള്‍ അവരെ കുടുക്കനായാണ് ഇയാള്‍ വ്യാജ സന്ദേശം നല്‍കിയതെന്നു കരുതുന്നു. പാമ്പനാറ്റില്‍ താമസിച്ചിരുന്ന ഷാമോന്‍ മുമ്പും നിരവധി തട്ടിപ്പുകള്‍ നടത്തിയതായാണ് വിവരം ലഭിക്കുന്നത്. പെരുവന്താനം സ്വദേശിയോട് പഴവ്യാപാരം നടത്തിന് ഷെയര്‍ നല്‍കാമെന്നു പറഞ്ഞു മുപ്പതിനായിരം രൂപ വാങ്ങി കബളിപ്പിച്ചു. ജമാഅത്ത് കമ്മറ്റിയില്‍ ഇത് സംബന്ധിച്ചു പരാതി നിലനില്‍ക്കുന്നുണ്ട്. ഇയാള്‍ക്കെതിരെ മറ്റു സാമ്പത്തീക ആരോപണങ്ങളും നിലനില്‍ക്കുന്നുണ്ട്.
ആം ആദ്മി പാര്‍ട്ടി അംഗമായിരുന്ന ഇയാള്‍ വിവരാവകാശ രേഖകള്‍ കാട്ടി പീരുമേട്ടിലെ ഒരു ഭരണകക്ഷിനേതാവില്‍ നിന്നും പണം തട്ടിയതായുളള ആരോപണം പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്നുണ്ട്. നിരോധിത നോട്ടു വ്യാപാര സംഘത്തില്‍ സംസ്ഥാനത്തെ വന്‍ കണ്ണികളുളളതായാണ് പൊലീസ് സംശയിക്കുന്നത്. ഇയാളെ വെളളിയാഴ്ച കോടതിയില്‍ ഹാജരാക്കും.