18 December, 2019 12:51:29 PM
ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി കാണുന്നില്ല; ബിജെപിയുടെ മതം ഭരണഘടന മാത്രം: അമിത് ഷാ
ന്യൂഡല്‍ഹി: ഇന്ത്യയെ ഹിന്ദുരാഷ്ട്രമായല്ല ബിജെപി കണക്കാക്കുന്നതെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ബിജെപി ഭരണഘടനയെയാണു പിന്തുടരുന്നതെന്നും ഭരണഘടന മാത്രമാണു ബിജെപിയുടെ മതമെന്നും അമിത് ഷാ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സവര്‍ക്കറുടെ ഹിന്ദുരാഷ്ട്രം എന്ന ആശയത്തെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു അമിത് ഷായുടെ മറുപടി. 'ഇന്ത്യന്‍ ഭരണഘടനയെ മാത്രമാണു ബിജെപി പിന്തുടരുന്നത്. രാജ്യത്തിനും സര്‍ക്കാരിനും ഒരു മതം മാത്രമാണുള്ളത്, അതു ഭരണഘടനയാണ്'- അമിത് ഷാ പറഞ്ഞു.
പൗരത്വ ഭേദഗതി സംബന്ധിച്ച് രാജ്യത്തെ ഒരു പൗരനും ഭയക്കേണ്ട കാര്യമില്ല. ഇന്ത്യയിലേക്ക് അനധികൃതമായി കുടിയേറിയവര്‍ പുറത്തുപോകേണ്ടിവരും. അവര്‍ തെറ്റു ചെയ്തെന്നു സമ്മതിക്കേണ്ടിവരുമെന്നും അമിത് ഷാ പറഞ്ഞു.
തങ്ങള്‍ ഭരിക്കുക മാത്രമല്ല, രാജ്യത്തെ പ്രശ്നങ്ങള്‍ പരിഹരിക്കുക കൂടിയാണു ചെയ്യുന്നതെന്ന് പറഞ്ഞ അദ്ദേഹം തങ്ങള്‍ രാഷ്ട്രീയം കളിക്കാറില്ലെന്നും അങ്ങനെയായിരുന്നെങ്കില്‍ 2023-ല്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയാല്‍ മതിയായിരുന്നെന്നും കൂട്ടിച്ചേര്‍ത്തു.