17 December, 2019 06:02:34 PM
പൗരത്വ ഭേദഗതി ബില്ലില്‍ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലില്‍ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ആരുടെയും പൗരത്വം എടുത്തുകളയുന്ന വ്യവസ്ഥ പൗരത്വ ബില്ലിലില്ലെന്ന് അമിത് ഷാ വ്യക്തമാക്കി. ബില്‍ വിദ്യാര്‍ഥികള്‍ പഠിക്കണം, ശരിയായ രീതിയില്‍ മനസിലാക്കണം. പ്രതിപക്ഷ പാര്‍ട്ടികള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.
അതേസമയം, പ്രക്ഷോഭങ്ങളില്‍ അക്രമമുണ്ടായാല്‍ അമര്‍ച്ച ചെയ്യണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം. ക്രമസമാധാനം ഉറപ്പാക്കാന്‍ എല്ലാ മുന്‍കരുതല്‍ നടപടികളും സര്‍ക്കാരുകള്‍ സ്വീകരിക്കണം. പൗരന്മാരുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്തമാണ്. അക്രമങ്ങള്‍ക്കിടയാക്കുന്ന വിധത്തില്‍ വ്യാജവാര്‍ത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും നടപടിയെടുക്കണമെന്ന് കേന്ദ്രആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചു.
'കഴിഞ്ഞദിവസം മേഘാലയ മുഖ്യമന്ത്രിയും മന്ത്രിമാരും മേഘാലയയിലെ സാഹചര്യങ്ങളും പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാന്‍ എത്തിയിരുന്നു. അവിടെ പ്രശ്‌നങ്ങള്‍ രൂക്ഷമാണെന്നായിരുന്നു അവര്‍ പറഞ്ഞത്. നിയമത്തില്‍ മാറ്റംവരുത്തണമെന്നും അഭ്യര്‍ഥിച്ചു. ക്രിസ്മസിന് ശേഷം ഇക്കാര്യത്തില്‍ ചര്‍ച്ച നടത്താമെന്നും ആരും ആശങ്കപ്പെടേണ്ടെന്നും അവരോട് ഞാന്‍ പറഞ്ഞു' - അമിത് ഷാ പ്രസംഗത്തില്‍ വ്യക്തമാക്കി. അതേസമയം, പൗരത്വ ഭേദഗതി ബില്ലില്‍ നിന്ന് ഒരു കാരണവശാലും പിന്നോട്ടില്ലെന്ന് അമിത് ഷാ വ്യക്തമാക്കി.
അതേസമയം, പൗരത്വനിയമത്തിനെതിരെ നടക്കുന്ന അക്രമ സമരങ്ങള്‍ നിര്‍ഭാഗ്യകരമെന്ന് പ്രധാനമന്ത്രി നേരത്തെ പറഞ്ഞിരുന്നു. ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ ജനങ്ങളെ തമ്മിലടിപ്പിക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി.