17 December, 2019 01:59:25 PM
ജാമിയ മിലിയ സംഘര്‍ഷം; ഹര്‍ജിക്കാരോട് ഹൈക്കോടതികളെ സമീപിക്കാന്‍ സുപ്രീംകോടതി
ന്യൂഡല്‍ഹി: ജാമിയ മിലിയ സര്‍വകലാശാലയിലുണ്ടായ അക്രമ സംഭവങ്ങളില്‍ പോലീസിനെതിരെ ഹര്‍ജിക്കാര്‍ക്ക് ഹൈക്കോടതികളെ സമീപിക്കാമെന്ന് സുപ്രീംകോടതി. ഉചിതമായ അന്വേഷണം ഹൈക്കോടതികള്‍ പരിഗണിക്കുമെന്ന് ഉറപ്പുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി. മുന്‍ജഡ്ജിമാരെ അന്വേഷണത്തിന് നിയമിക്കുന്നതില്‍ ഹൈക്കോടതി തീരുമാനം എടുക്കുമെന്നും സുപ്രീംകോടതി പറഞ്ഞു.
ജാമിയ മിലിയ സര്‍വകലാശാലയിലെയും അലിഗഡ് മുസ്ലീം സര്‍വകലാശാലയിലെയും പോലീസ് നടപടിയില്‍ ഉന്നത തല അന്വേഷണം വേണം. ഇതിന് ഒരു മുന്‍ സുപ്രീംകോടതി ജഡ്ജിയെ നിയോഗിക്കണം. വിദ്യാര്‍ത്ഥിക്കള്‍ക്കെതിരെയുള്ള കേസുകള്‍ ഉപേക്ഷിക്കണം. അനുമതിയില്ലാതെയാണ് പോലീസ് സര്‍വകലാശാലയില്‍ പ്രവേശിച്ചത്. അതിനാല്‍ ഇനിമുതല്‍ അനുമതിയോട് കൂടി മാത്രമേ പോലീസ് സര്‍വകലാ ശാലയില്‍ പ്രവേശിക്കൂകയുള്ളൂ എന്ന കാര്യം ഉറപ്പാക്കണം എന്നീ കാര്യങ്ങളായിരുന്നു ഹര്‍ജിക്കാര്‍ പ്രധാനമായും ആവശ്യപ്പെട്ടത്.
വാദം കേട്ട സുപ്രീംകോടതി ബന്ധപ്പെട്ട ഹൈക്കോടതികള്‍ ഈ കേസ് കേള്‍ക്കട്ടെ എന്നാണ് പറഞ്ഞത്. സര്‍ക്കാരിന്‍റെയും പോലീസിന്‍റെയും വാദങ്ങള്‍ ഹൈക്കോടതികള്‍ കേള്‍ക്കണം. അതിനു ശേഷം ഹൈക്കോടതികള്‍ക്ക് ഉചിതമായ തീരുമാനം എടുക്കാമെന്നും സുപ്രീംകോടതി പറഞ്ഞു.