16 December, 2019 06:19:19 PM
ആലത്തൂര്‍ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ സ്ഥിരം സംവിധാനം വേണമെന്ന് ആവശ്യം
കോട്ടയം: ആലത്തൂര്‍ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ടോഡി ഷോപ്പ് ലൈസന്‍സി അസോസിയേഷന്‍. നിലവില്‍ ഇവിടെ സ്ഥിരമായ ജീവനക്കാരില്ല. ഓരോ ദിവസവും മാറിമാറി വരുന്ന ഉദ്യോഗസ്ഥര്‍ അവരവരുടെ ഇഷ്ടം പോലെ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് പാലക്കാട് ജില്ലയില്‍ നിന്നും വിവിധ ഭാഗങ്ങളിലേക്ക് കള്ള് കൊണ്ടുപോകുന്നതിന് തടസ്സം സൃഷ്ടിക്കുന്നതായി അസോസിയേഷന്‍ കോട്ടയം ജില്ലാ ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
കള്ളുഷാപ്പുകളുടെ ലൈസന്‍സ് ഫീസ് 50 ശതമാനം കുറയ്ക്കണമെന്നും കള്ളിന്റെ വീര്യം എക്‌സ്‌പേര്‍ട്ട് കമ്മറ്റിയുടെ ശുപാര്‍ശ പ്രകാരം 9.59 ആയി പുതുക്കി നിശ്ചയിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. കള്ളിന്റെ രണ്ടാം സാമ്പിള്‍ സര്‍ക്കാര്‍ ലാബിലോ കേരളത്തിന് പുറത്ത് അംഗീകൃതലാബുകളിലോ പരിശോധിക്കാന്‍ അനുവദിക്കണമെന്നും മൂന്നാമതൊരു സാമ്പിള്‍ ലൈസന്‍സിക്ക് നല്‍കാനും സാമ്പിളില്‍ ലൈസന്‍സിയുടെ സീല്‍ കൂടി പതിക്കാനും നടപടിയെടുക്കണമെന്നും ആവശ്യമുയര്‍ന്നു.
കള്ളിന്റെ ഉത്പ്പാദനക്കുറവിനും കേടിനും പരിഹാരമായി അട്ടപ്പാടി മേഖലയിലും കണ്ണൂര്‍ ആറളം ഫാമിലും തെങ്ങ് ചെത്തുവാന്‍ അനുവദിക്കണമെന്ന് തുടങ്ങിയ ആവശ്യങ്ങളുമായി ടോഡി ഷാപ്പ് ലൈസന്‍സി അസോസിയേഷന്‍ കോട്ടയം ജില്ലാ സമ്മേളനം ബുധനാഴ്ച ഏറ്റുമാനൂര്‍ നാഷണല്‍ പാര്‍ക്ക് ഹോട്ടലില്‍ നടക്കും.
ജില്ലാ പ്രസിഡന്‍റ് എം.എസ്.മോഹന്‍ദാസ് കാഞ്ചനയുടെ അധ്യക്ഷതയില്‍ സംസ്ഥാന പ്രസിഡന്‍റ് എ.ബി.ഉണ്ണി സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറല്‍ സെക്രട്ടറി അജിത്ബാബു മുഖ്യപ്രഭാഷണം നടത്തും. കള്ള് ഷാപ്പ് ഉടമകള്‍ നേരിടുന്ന പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്യുന്നതു കൂടാതെ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കും.