15 December, 2019 10:31:05 PM
മോഹന്‍ലാല്‍ ഏറ്റുമാനൂരില്‍: തിങ്കളാഴ്ച ഗതാഗതക്കുരുക്കില്‍ നിന്ന് രക്ഷപെടാനുള്ള വഴികള്‍
ഏറ്റുമാനൂര്‍: പട്ടിന്‍റെ ഉത്സവവുമായി മഹാലക്ഷ്മി സില്‍ക്സ് ഏറ്റുമാനൂരില്‍ തിങ്കളാഴ്ച പ്രവര്‍ത്തനം ആരംഭിക്കും. ഏഴരപൊന്നാനയുടെ നാടിന് 'മഹാലക്ഷ്മി'യെ സമര്‍പ്പിക്കുന്നത് മലയാളത്തിന്‍റെ പ്രിയതാരം മോഹന്‍ലാല്‍. എക്സ്ക്ലൂസീവ് വെഡിംഗ് സെക്ഷന്‍റെ ഉദ്ഘാടനം സിനിമാതാരം സംയുക്താ മേനോനും നിര്‍വ്വഹിക്കും.
താരപരിവേഷത്തില്‍ തിങ്കളാഴ്ച ഏറ്റുമാനൂര്‍ മുങ്ങുമ്പോള്‍ മണിക്കൂറുകളോളം എം.സി.റോഡില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. ആയതിനാല്‍ മോഹന്‍ലാല്‍ എത്തുന്ന സമയം നഗരത്തിലെ ഗതാഗതക്കുരുക്കില്‍ നിന്നും രക്ഷപെടാന്‍ താഴെ പറയുന്ന വഴികളിലൂടെ വാഹനങ്ങള്‍ തിരിഞ്ഞുപോകുന്നത് ഉത്തമമായിരിക്കുമെന്ന് പോലീസ് ഇന്‍സ്പെക്ടര്‍ എ.ജെ.തോമസ് പറഞ്ഞു. രാവിലെ 10 മുതല്‍ 12 വരെ ഗതാഗതനിയന്ത്രണം ഉണ്ടായേക്കുമെന്നാണ് സൂചന. ഈ സമയം എം.സി.റോഡില്‍ പാര്‍ക്കിംഗും അനുവദിക്കില്ല.
മൂവാറ്റുപുഴ, എറണാകുളം, വൈക്കം ഭാഗങ്ങളില്‍ നിന്നും കോട്ടയം, പാലാ ഭാഗങ്ങളിലേക്കും ഏറ്റുമാനൂര്‍ ടൌണിലേക്കും പോകേണ്ട വാഹനങ്ങള്‍ തവളക്കുഴിയില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് വള്ളിക്കാട് വഴി മംഗലം കലുങ്കിന് സമീപം പാലാ റോഡില്‍ പ്രവേശിച്ച് യാത്ര തുടരേണ്ടതാണ്.
പാലാ, മണര്‍കാട് ഭാഗങ്ങളില്‍ നിന്നും എറണാകുളം മൂവാറ്റുപുഴ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ പാലാ റോഡില്‍ മംഗലം കലുങ്കില്‍ നിന്നും തിരിഞ്ഞ് വള്ളികാട് വഴി തവളക്കുഴി ജംഗ്ഷനില്‍ എം.സി.റോഡില്‍ പ്രവേശിച്ച് യാത്ര തുടരാവുന്നതാണ്. കോട്ടയം ഭാഗത്തുനിന്നും ഏറ്റുമാനൂരിലെത്തി വടക്കോട്ടു പോകേണ്ട വാഹനങ്ങള്‍ക്കും പാലാ റോഡിലൂടെ സഞ്ചരിച്ച് ഈ വഴിയേ തവളക്കുഴിയില്‍ എത്തി യാത്ര തുടരാം.
കോട്ടയത്തുനിന്നും എറണാകുളം, മൂവാറ്റുപുഴ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ക്ക് അതിരമ്പുഴ, കോട്ടമുറി, ആനമല വഴി കാണക്കാരി അമ്പലം കവലയില്‍ എത്തി യാത്ര തുടരാം. എം.സി.റോഡില്‍ പാറോലിക്കല്‍ കവലയില്‍ നിന്നോ, വിമലാ ആശുപത്രിക്ക് മുമ്പ് തൂമ്പശ്ശേരി കവലയില്‍ നിന്നോ (ചെറുവാഹനങ്ങള്‍ മാത്രം) ഇടത്തോട്ട് തിരിഞ്ഞ് അതിരമ്പുഴ റോഡില്‍ പ്രവേശിച്ച് റയില്‍വേ സ്റ്റേഷന്‍ വഴി നീണ്ടൂര്‍ റോഡിലൂടെ സിയോണ്‍ കവലയില്‍ എത്തി വീണ്ടും ഇടത്തോട്ട് തിരിഞ്ഞാല്‍ തവളക്കുഴി ജംഗ്ഷനില്‍ എത്തി എം.സി.റോഡിലൂടെ യാത്ര തുടരാം.
മൂവാറ്റുപുഴ, എറണാകുളം, വൈക്കം ഭാഗങ്ങളില്‍ നിന്നും കോട്ടയം, നീണ്ടൂര്‍ എന്നിവിടങ്ങളിലേക്കുള്ള ചെറിയ വാഹനങ്ങള്‍ക്ക് തവളക്കുഴിയില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് നീണ്ടൂര്‍ റോഡ്, റയില്‍വേ സ്റ്റേഷന്‍, അതിരമ്പുഴ വഴി യാത്ര തുടരാവുന്നതാണ്.