15 December, 2019 01:27:04 PM
സ്ത്രീധനപീഡനം: ഐപിഎസ് ട്രെയിനിക്ക് സസ്പെൻഷൻ; നടപടി ഭാര്യയുടെ പരാതിയില്‍

ഹൈദരബാദ്: സ്ത്രീധനപീഡനത്തിന്‍റെ പേരിൽ ഐപിഎസ് ട്രെയിനിക്ക് സസ്പെൻഷൻ. ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആന്ധ്രാ സ്വദേശിയായ കൊക്കന്ദി വെങ്കട മഹേശ്വർ റെഡ്ഡി എന്ന ഐപിഎസ് ട്രെയിനിയെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സസ്പെൻഡ് ചെയ്തത്. അടുത്ത ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെയാണ് സസ്പെൻഷൻ എന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
ഐപിഎസ് ലഭിച്ചതിനെ തുടർന്ന് ഭാര്യയെ ഉപേക്ഷിച്ച് വേറെ വിവാഹം കഴിക്കാൻ ശ്രമിച്ചതിന്‍റെ പേരിൽ നേരത്തെ വാർത്തകളിൽ നിറഞ്ഞയാളാണ് മഹേശ്വർ റെഡ്ഡി. ഒസ്മാനിയ കോളജിൽ സഹപാഠിയായിരുന്ന തന്നെ കീസറ സബ് രജിസ്ട്രാർ ഓഫീസിൽ വച്ച് വിവാഹം കഴിച്ചിരുന്നു. എന്നാൽ ഐപിഎസ് സെലക്ഷൻ ലഭിച്ചതോടെ തന്നെ ചതിച്ച് മറ്റൊരു വിവാഹത്തിനായി ശ്രമങ്ങൾ ആരംഭിച്ചു എന്നാരോപിച്ച് ഭാവന ബിർദുല എന്ന യുവതിയാണ് രംഗത്തെത്തിയത്.
ഐപിഎസ് സെലക്ഷൻ കിട്ടിയതിന് പിന്നാലെ റെഡ്ഡി അധികം സ്ത്രീധനം ആവശ്യപ്പെട്ടുവെന്നും നൽകിയില്ലെങ്കിൽ വിവാഹമോചനം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചാണ് ഭാവന പരാതി നൽകിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഐപിഎസുകാരനെതിരെ ഇപ്പോൾ നടപടിയുണ്ടായിരിക്കുന്നത്.