13 December, 2019 07:32:38 PM
മേല്‍പ്പാല നിര്‍മ്മാണം: കാരിത്താസ് റയില്‍വേ ഗേറ്റ് തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാലത്തേക്ക് അടയ്ക്കും
കോട്ടയം: മേല്‍പ്പാലനിര്‍മ്മാണത്തിനായി കാരിത്താസ് റയില്‍വേ ഗേറ്റ് തിങ്കളാഴ്ച അടയ്ക്കുമെന്ന് റയില്‍വേ അധികൃതര്‍. 15ന് അടയ്ക്കുമെന്നായിരുന്നു ജില്ലാ കളക്ടര്‍ അറിയിച്ചിരുന്നത്. എന്നാല്‍ 15 ഞായറാഴ്ച അവധി ആയതിനാലാണ് ഒരു ദിവസം കൂടി മുന്നോട്ടാക്കി തിങ്കളാഴ്ച അടയ്ക്കുന്നത്. ഇതോടെ കാരിത്താസ് - അമ്മഞ്ചേരി റോഡിലൂടെയുള്ള വാഹനഗതാഗതം അനിശ്ചിതകാലത്തേക്ക് വഴിതിരിച്ചുവിടും.
കാരിത്താസില്‍ റയില്‍വേ മേല്‍പ്പാലം വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു. ഇപ്പോള്‍ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി കൂടിയാണ് പാലം നിര്‍മ്മാണം ആരംഭിക്കുന്നത്. ട്രാക്കിന് മുകളിലുള്ള ഭാഗമാണ് ആദ്യം പണിയുക. റയില്‍വേ എഞ്ചിനീയറിംഗ് വിഭാഗമാണ് ഈ പണികള്‍ നടത്തുന്നത്. രണ്ട് വശത്തും നടപ്പാതകളോടുകൂടി ഏഴര മീറ്റര്‍ വീതിയിലും 25 മീറ്റര്‍ നീളത്തിലുമാണിതിന്റെ നിര്‍മ്മാണം.
എന്നാല്‍ അപ്രോച്ച് റോഡ് ഉള്‍പ്പെടെയുള്ള ഭാഗം നിര്‍മ്മിക്കുന്നത് റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ ആയിരിക്കുമെന്നാണ് സൂചന. ഇതിലേക്കുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി വരുന്നതേയുള്ളുവെന്ന് ആര്‍ബിഡിസി അധികൃതര്‍ വ്യക്തമാക്കി. ഓവര്‍ ബ്രിഡ്ജിന്റെ അപ്രോച്ച് റോഡിന് ആവശ്യമായ സ്ഥലം മാസങ്ങള്‍ക്ക് മുമ്പ് ഏറ്റെടുത്ത് റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന് കൈമാറിയിരുന്നു. അന്ന് വിളിച്ച ടെന്‍ഡര്‍ സാങ്കേതിക കാരണങ്ങളാല്‍ പൂര്‍ത്തിയാകാത്തതിനാലാണ് റീ ടെന്‍ഡര്‍ വിളിച്ചത്. 3.62 കോടിയാണ് നിര്‍മ്മാണചെലവ്.
കാരിത്താസ് റെയില്‍വേ ഗേറ്റ് ദിവസേന നിരവധി തവണ അടച്ചിടുന്നത് യാത്രക്കാര്‍ക്ക് കടുത്ത ദുരിതമാണ് സമ്മാനിക്കുന്നത്. പാലം നിര്‍മാണം പൂര്‍ത്തിയായാല്‍ സമയ ലാഭത്തിനൊപ്പം ഗതാഗതക്കുരുക്കും ഒഴിവാകും. ഏറ്റുമാനൂര്‍ - ചിങ്ങവനം പാതയിരട്ടിപ്പിക്കല്‍ ജോലികള്‍ക്കൊപ്പം പാലവും പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.