13 December, 2019 06:48:47 PM
വസ്ത്രവ്യാപാര സ്ഥാപനമുടമയ്ക്ക് മര്‍ദ്ദനം: പിന്നില്‍ ഏറ്റുമാനൂരിലെ ക്വട്ടേഷന്‍ സംഘം? അന്വേഷണം ഊര്‍ജ്ജിതമാക്കി
ഏറ്റുമാനൂര്‍: വസ്ത്ര വ്യാപാര സ്ഥാപന ഉടമയെ കാറിൽ എത്തിയ സംഘം കമ്പി വടിക്കു അടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. എം.സി.റോഡില്‍ ശക്തിനഗറില്‍ പ്രവര്‍ത്തിക്കുന്ന അലീനാ ഫാഷന്‍സ് എന്ന സ്ഥാപനത്തിന്‍റെ ഉടമ കുറുമുള്ളൂര്‍ മൂഴികുളങ്ങര കൊങ്ങംപുഴക്കാലായില്‍ കെ.എസ്.റോയി(46)യ്ക്കാണ് വ്യാഴാഴ്ച രാത്രി മര്‍ദ്ദനമേറ്റത്. ഗുരുതമായി പരുക്കേറ്റ റോയിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
രാത്രി 8.30 മണിയോടെ കടയടച്ച് പോകാനിറങ്ങിയ റോയി തന്‍റെ കാറിലേക്ക് കയറിയപ്പോഴായിരുന്നു ആക്രമണം. ഡ്രൈവിംഗ് സീറ്റിലിരിക്കാന്‍ തുടങ്ങിയ സമയം വലതുവശത്തെ ഡോറിനുള്ളില്‍ കൂടി കമ്പിവടി പോലുള്ള ആയുധമുപയോഗിച്ച് മുഖത്ത് അടിക്കുകയായിരുന്നു. റോയി ബഹളം കൂട്ടിയപ്പോഴേയ്ക്കും മൂന്ന് പേരടങ്ങിയ അക്രമിസംഘം ഓടി രക്ഷപെട്ടു. മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നു കരുതുന്നതായി പോലീസ് പറഞ്ഞു.
റോയിയുടെ കടയുടെ എതിര്‍വശത്ത് മഹാലക്ഷ്മി സില്‍ക്സിന്‍റെ മുന്നില്‍ നിര്‍ത്തിയിരുന്ന ആഡംബരകാറിലാണ് അക്രമികള്‍ രക്ഷപെട്ടത്. സ്റ്റാര്‍ട്ട് ചെയ്ത് നിര്‍ത്തിയിരുന്ന കാര്‍ ആദ്യം മുന്നോട്ട് പോകുന്നതും കാറില്‍ കയറാനായി മൂവര്‍സംഘം പിന്നാലെ ഓടുന്നതും റോയിയുടെ കടയിലെ സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഏറ്റുമാനൂരിലുള്ള രണ്ട്മൂന്ന് പേര്‍ നിയോഗിച്ച ക്വട്ടേഷന്‍ സംഘമാണ് തന്നെ ആക്രമിച്ചതെന്ന് സംശയിക്കുന്നതായി റോയി പോലീസിന് മൊഴി നല്‍കി. ഏറ്റുമാനൂര്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.