12 December, 2019 06:34:05 PM
മഹാരാഷ്ട്രയില്‍ വകുപ്പ് വിഭജനം പൂര്‍ത്തിയായി, ശിവസേനയ്ക്ക് ആഭ്യന്തരം, എന്‍സിപിക്ക് ധനകാര്യം
മുംബൈ: മഹാരാഷ്ട്രയിലെ ത്രികക്ഷി സര്‍ക്കാരിന്‍റെ വകുപ്പ് വിഭജനം പൂര്‍ത്തിയായി. ശിവസേന തലവന്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്-എന്‍സിപി-ശിവസേന സഖ്യം അധികാരത്തിലെത്തി രണ്ടാഴ്ച പിന്നിടുമ്പോഴാണ് വകുപ്പ് വിഭജനത്തില്‍ അന്തിമ ധാരണയായത്. ധാരണ പ്രകാരം ആഭ്യന്തരം, നഗര വികസനം എന്നീ വകുപ്പുകള്‍ ശിവസേനയ്ക്ക് ലഭിക്കും.
ധനകാര്യം, ഭവന നിര്‍മാണം എന്നീ വകുപ്പുകള്‍ എന്‍സിപിക്ക് ലഭിക്കും. റവന്യൂ വകുപ്പ് കോണ്‍ഗ്രസിനാണ്. പൊതുമരാമത്ത് വകുപ്പ് അടക്കം സഖ്യത്തില്‍ വിള്ളല്‍ വീഴ്ത്തിയേക്കുമെന്ന് കരുതിയിരുന്ന ചില നിര്‍ണായക വകുപ്പുകള്‍ കൂടി ശിവസേനയ്ക്കാണ് ലഭിച്ചത്. വ്യവസായം, പരിസ്ഥി വകുപ്പുകളും ശിവസേനയ്ക്ക് ലഭിച്ചു. ഉപമുഖ്യമന്ത്രിമാരെ പ്രഖ്യാപിച്ചിട്ടില്ല.
പ്രധാന വകുപ്പുകള്‍ ആറ് മന്ത്രിമാര്‍ക്കായാണ് വിഭജിച്ച് നല്‍കിയിട്ടുള്ളത്. ആഭ്യന്തരം, നഗര വികസനം, വനം, പരിസ്ഥിതി, ജല വിഭവം, ടൂറിസം വകുപ്പുകളുടെ ചുമതല ശിവസേന നേതാവ് ഏക്നാഥ് ഷിന്‍ഡെയ്ക്കാണ് നല്‍കിയിരിക്കുന്നത്. ഡിസംബര്‍ 21ന് ശേഷം മന്ത്രിസഭാ വിപുലീകരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നവംബര്‍ 28നാണ് ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒന്നിച്ച് മത്സരിച്ച ശിവസേന- ബിജെപി സഖ്യം ഫലം വന്നതിന് ശേഷം വഴിപിരിഞ്ഞു, മുഖ്യമന്ത്രി പദത്തില്‍ ഉടക്കിയാണ് ശിവസേന ബിജെപി ബന്ധം അവസാനിപ്പിച്ചത്. തുടര്‍ന്ന് ആഴ്ചകള്‍ നീണ്ടു നിന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് കോണ്‍ഗ്രസിന്‍റെയും എന്‍സിപിയുടെയും പിന്തുണയോടെ ഉദ്ധവ് താക്കറെ മുഖ്യമന്ത്രി പദത്തില്‍ എത്തുന്നത്. താക്കറെ കുടുംബത്തില്‍ നിന്നുള്ള ആദ്യ മുഖ്യമന്ത്രിയാണ് ഉദ്ധവ് താക്കറെ,
ആഭ്യന്തര വകുപ്പിനെച്ചൊല്ലിയുളള ഭിന്നതയാണ് വകുപ്പ് വിഭജനം നീളാന്‍ ഇടയാക്കിയതെന്നാണ് സൂചന. നേരത്തെ ആഭ്യന്തരം എന്‍സിപിക്ക് നല്‍കാനായിരുന്നു തീരുമാനം. എന്‍സിപി നേതാവ് അജിത് പവാര്‍, ഉദ്ധവ് താക്കറെ, കോണ്‍ഗ്രസ് നേതാവ് ബാലാസാഹേബ് തോറാട്ട് എന്നിവര്‍ ചൊവ്വാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് അന്തിമ തീരുമാനമായത്.