12 December, 2019 10:21:51 AM
പൗരത്വബില്‍ പ്രതിഷേധം: മഹാരാഷ്ടയില്‍ രാജിവെച്ച പോലീസ് ഐജി വിആര്‍എസിന് അപേക്ഷിച്ചിരുന്നു
മുംബൈ: ഈ വർഷം ആദ്യം മഹാരാഷ്ട്ര മനുഷ്യാവകാശ കമ്മീഷന്‍റെ അന്വേഷണ വിഭാഗം തലവനായി നിയമിതനായ ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് അബ്ദുർ റഹ്മാൻ പൗരത്വ (ഭേദഗതി) ബിൽ (സിഎബി) പാസാക്കിയതിൽ പ്രതിഷേധിച്ച് ബുധനാഴ്ച രാജിവെച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം രാജിവാർത്ത പുറം ലോകത്തെ അറിയിച്ചത്. എന്നാൽ, ഈ വർഷം ഓഗസ്റ്റ് എട്ടിന് അബ്ദുർ റഹ്മാൻ വി ആർ എസിന് അപേക്ഷിച്ചിരുന്നു എന്ന് വ്യക്തമാക്കുന്ന രേഖകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഇദ്ദേഹത്തിന്‍റെ വി ആർ എസ് അപേക്ഷ മഹാരാഷ്ട്ര സർക്കാർ പരിഗണിച്ചിരുന്നില്ലെന്നും അതിൽ വ്യക്തമാണ്.
ഐപിഎസ് ഉദ്യോഗസ്ഥനായ റഹ്മാൻ 21 വർഷത്തിലേറെയായി വിവിധ തസ്തികകളിൽ ജോലി ചെയ്യുന്നു. മുസ്ലീം സമുദായത്തിന്‍റെ ദുരവസ്ഥയെക്കുറിച്ച് പുസ്തകവും അദ്ദേഹം രചിച്ചിട്ടുണ്ട്. സച്ചാർ കമ്മിറ്റിക്കും രംഗനാഥ് മിശ്ര കമ്മീഷൻ റിപ്പോർട്ടിനും ശേഷം ഇന്ന് മുസ്ലിങ്ങൾ നേരിടുന്ന വിവേചനത്തെക്കുറിച്ചാണ് പുസ്തകം പറയുന്നത്. "പൗരത്വ (ഭേദഗതി) ബിൽ 2019 മുസ്ലിം സമുദായത്തിൽ പെട്ടവരോട് വിവേചനം കാണിക്കുന്നു. ബിൽ തീർത്തും ഭരണഘടനാ വിരുദ്ധവും നിയമത്തിന് മുമ്പിലുള്ള സമത്വത്തിന്റെ അടിസ്ഥാന സവിശേഷതയ്ക്ക് വിരുദ്ധവുമാണ്… ഞാൻ ബില്ലിനെ അപലപിക്കുന്നു. നാളെ മുതൽ ഓഫീസിൽ വരേണ്ടതില്ലെന്ന് തീരുമാനിക്കുന്നു. ഒടുവിൽ സർവീസ് ഉപേക്ഷിക്കുകയാണ് "- റഹ്മാൻ ട്വിറ്ററിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
''അസമിലെ എൻആര്‍സിയുടെ ഫലം നമ്മൾ കണ്ടതാണ്. 19 ലക്ഷം പേരാണ് അസമിൽ എൻആർസിക്ക് പുറത്തായത്. ദളിത്, പട്ടികവർഗക്കാർ, ഒബിസി വിഭാഗം, മുസ്ലിങ്ങൾ എന്നിവരാണ് പുറത്തായത്. പൗരത്വം തെളിയിക്കുന്നതിനുള്ള രേഖകൾക്കായി വലിയ അളവ് പണം ചെലവിടേണ്ടിവരുന്നു. പൗരത്വം തെളിയിക്കാനായില്ലെങ്കിലും മുസ്ലിം ഇതര വിഭാഗങ്ങൾ അഭയാർഥികൾ എന്ന നിലയ്ക്ക് പൗരത്വം സ്വന്തമാക്കാനുള്ള വഴിയാണ് തുറക്കുന്നതെന്നും അദ്ദേഹം പറയുന്നു. ബില്ലിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.