12 December, 2019 08:37:17 AM
പൗരത്വബില്‍ പ്രതിഷേധം: ആസാമില്‍ റയില്‍വേ സ്റ്റേഷനുകള്‍ക്ക് തീവെച്ചു; പട്ടാളത്തെ ഇറക്കി സര്‍ക്കാര്‍
ദിസ്പുർ: വിവാദമായ പൗരത്വ (ഭേദഗതി) ബില്ലിനെതിരേ ആസാം ഉള്‍പ്പെടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു. രണ്ടു റെയിൽവേ സ്റ്റേഷനുകൾക്ക് പ്രതിഷേധക്കാർ തീവച്ചു. മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ ജന്മനാടായ ദിബ്രുഗഡിലെ ചബുവ റെയിൽവേ സ്റ്റേഷനും ടിൻസുകിയയിലെ പാനിറ്റോള റെയിൽവേ സ്റ്റേഷനു നേരെയുമാണ് തീവയ്പുണ്ടായത്. പ്രതിഷേധം രൂക്ഷമായതോടെ ആസാമിലെ 10 ജില്ലകളില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി.
ഇതിനിടെ തലസ്ഥാനമായ ദിസ്പുരിൽ പ്രതിഷേധക്കാരെ പിരിച്ചു വിടാൻ പോലീസ് വെടിവയ്പ് നടത്തിയതായും റിപ്പോർട്ടുകളുണ്ട്. സംസ്ഥാനത്ത് ജനങ്ങളുടെ പ്രതിഷേധം അക്രമാസക്തമായതോടെ ക്രമസമാധാന പാലനത്തിനായി സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ട്. ദിബ്രുഗഡ്, ബോഗായിഗാവ് എന്നിവിടങ്ങളിൽ സൈന്യം തമ്പടിച്ചിട്ടുള്ളത്. ത്രിപുരയില്‍ കാഞ്ചന്‍പൂര്‍, മനു എന്നിവിടങ്ങളിലും പട്ടാളമിറങ്ങി. അയ്യായിരത്തോളം അര്‍ധസൈനികരെയും പലയിടത്തായി വിന്യസിച്ചിട്ടുണ്ട്..