11 December, 2019 10:42:59 AM
സ്വര്‍ണ്ണവും പണവും വേണ്ട; മോഷ്ടാക്കള്‍ക്ക് പ്രിയം ഉള്ളിയോട്: മഹാരാഷ്ട്രയില്‍ രണ്ട് പേര്‍ അറസ്റ്റില്‍
മുംബൈ: രാജ്യത്ത് ഉള്ളിവില കുതിച്ചുയരുന്നതിനിടെ ഉള്ളിക്കള്ളന്‍മാരുടെ എണ്ണവും പെരുകുന്നു. മുംബൈയിലെ കടയില്‍ നിന്നും കഴിഞ്ഞ ദിവസം 20,000 രൂപയുടെ ഉള്ളി മോഷ്ടിച്ച രണ്ടുപേരെ പൊലീസ് പിടികൂടി. ഡോംഗ്രിയിലെ മാര്‍ക്കറ്റില്‍ നിന്നും ഡിസംബര്‍ അഞ്ചിനും, ആറിനും ആണ് ഇവര്‍ മോഷണം നടത്തിയത്. സംഭവത്തില്‍ മോഷ്ടാക്കള്‍ക്കെതിരെ ഇന്ത്യന്‍ പീനല്‍ കോഡിലെ ഐ പി സി സെക്ഷന്‍ 379 പ്രകാരം മുംബൈ പൊലീസ് കേസെടുത്തു. 168 കിലോ ഉള്ളിയാണ് ഇവര്‍ മോഷ്ടിച്ചതെന്ന് പൊലീസ് പറയുന്നു.
അക്ബര്‍ ഷെയ്ക്കിന്റെ സ്റ്റോളില്‍ നിന്ന് 112 കിലോ ഉള്ളിയും ഇമ്രാന്‍ ഷെയ്ക്കിന്റെ സ്റ്റോളില്‍ നിന്ന് 56 കിലോ ഉള്ളിയുമാണ് മോഷ്ടിച്ചത്. ഉത്തര്‍പ്രദേശിലെ ഗോരഖ്പുരില്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘം 50 കിലോ ഉള്ളിയുമായി കടന്ന് കളഞ്ഞിരുന്നു. ഗോരഖ്പൂരിലെ മാര്‍ക്കറ്റില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു മോഷണം നടന്നത്. ഹോട്ടലിലേക്ക് ഉള്ളികൊണ്ടുപോവുകയായിരുന്ന ഉന്തുവണ്ടിക്കാരനില്‍ നിന്നാണ് ബൈക്കിലെത്തിയ സംഘം ഉള്ളി മോഷ്ടിച്ചത്. ഫിറോസ് അഹ്മദ് റഈന്‍ എന്ന വ്യാപാരിയുടെ ഉള്ളിയാണ് മോഷണം പോയത്.
അതേസമയം, കേരളത്തില്‍ ഉള്ളിവില 160 രൂപ പിന്നിട്ടിരിക്കുകയാണ്. എന്നാല്‍, ആന്ധ്രപ്രദേശില്‍ ഉള്ളി വില്‍ക്കുന്നത് 25 രൂപ നിരക്കിലാണ്. ആന്ധ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന പച്ചക്കറി മാര്‍ക്കറ്റുകളായ റിതു ബസാറുകള്‍ വഴിയാണ് കിലോയ്ക്ക് 25 രൂപ നിരക്കില്‍ ഉള്ളി വില്‍ക്കുന്നത്. ഉള്ളിവില കുതിച്ചുയരുമ്ബോഴും വില നിയന്ത്രിക്കാനുള്ള ഇടപെടല്‍ തുടരുമെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി പറഞ്ഞു.