11 December, 2019 07:00:10 AM


ഏറ്റുമാനൂർ ക്ഷേത്രകുളത്തിൽ കുളിക്കാനിറങ്ങിയ ശബരിമല തീർത്ഥാടകന്‍ മുങ്ങി മരിച്ചു; ക്ഷേത്രനട അടച്ചു



ഏറ്റുമാനൂർ: മഹാദേവ ക്ഷേത്ര കുളത്തിൽ കുളിക്കാനിറങ്ങിയ ശബരിമല തീർത്ഥാടകന്‍  മുങ്ങി മരിച്ചു. സംഭവത്തെ തുടര്‍ന്ന് ശുദ്ധിക്രീയകള്‍ക്കായി ക്ഷേത്രനട അടച്ചു. തിരുവനന്തപുരം വെമ്പായം കുഞ്ചിറ കടുവാക്കുഴി ചെവിട്ടിക്കുഴിയില്‍ ബാലകൃഷ്ണന്‍റെയും ഇന്ദിരയുടെയും മകന്‍ ദിലീപ് കുമാര്‍ (37) ആണ് മരിച്ചത്. രാവിലെ 5.30ന് ക്ഷേത്രകുളത്തില്‍ കുളിക്കാനിറങ്ങിയ തീര്‍ത്ഥാടകസംഘം തിരികെ കയറിയപ്പോള്‍ ദിലീപിനെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് കോട്ടയത്തുനിന്നും അഗ്നിശമനസേന എത്തി നടത്തിയ തെരച്ചിലിനൊടുവില്‍ 7.15 മണിയോടെ മൃതദേഹം കണ്ടെടുത്തു. 


24 തീര്‍ത്ഥാടകര്‍ അടങ്ങിയ സംഘമാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയ ശേഷം ഏറ്റുമാനൂരില്‍ എത്തിയത്. തിങ്കളാഴ്ച കാവിലുംപുറം തടത്തില്‍ അജയന്‍റെ വീട്ടില്‍നിന്നും കെട്ടുനിറച്ച 46 ഭക്തര്‍ രണ്ട് സംഘങ്ങളായാണ് ശബരിമലയ്ക്ക് തിരിച്ചത്. ഇവരില്‍ മരിച്ച ദിലീപിന്‍റെ പിതാവും മാതാവും ഉള്‍പ്പെടെ 22 പേര്‍ അടങ്ങിയ സംഘം ശബരിമലയില്‍ നിന്നും നേരെ നാട്ടിലേക്ക് തിരിച്ചുപോയി. ദിലീപ് ഉള്‍പ്പെടെ 24 പേര്‍ ശബരിമലയില്‍നിന്നും എരുമേലി വഴി ചോറ്റാനിക്കര ക്ഷേത്രത്തില്‍ എത്തി ദര്‍ശനം നടത്തിയ ശേഷം ചൊവ്വാഴ്ച  വൈകിട്ട് 7 മണിയോടെ ഏറ്റുമാനൂരില്‍ എത്തി. ക്ഷേത്രമൈതാനത്ത് വിശ്രമിച്ച ശേഷം രാവിലെ ദര്‍ശനം നടത്തി മടങ്ങാനിരിക്കവെയാണ് സംഭവം.


പെയിന്‍റിംഗ് തൊഴിലാളിയാണ് മരിച്ച ദിലീപ്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍  പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും. സന്ധ്യയാണ് ഭാര്യ. കാര്‍ത്തിക (8) ഏകമകളാണ്. 


ക്ഷേത്രനട അടച്ചു


ശബരിമല തീര്‍ത്ഥാടകന്‍ ക്ഷേത്രകുളത്തില്‍ മുങ്ങിമരിച്ചതിനെ തുടര്‍ന്ന് മഹാദേവക്ഷേത്രത്തിലെ പൂജകള്‍ നിര്‍ത്തിവെച്ച് നട  അടച്ചു. ശുദ്ധിക്രീയകള്‍ പൂര്‍ത്തിയാക്കിയ ശേഷമേ ഇനി നട തുറക്കു. ശീവേലിയ്ക്കു ശേഷമാണ്  തീര്‍ത്ഥാടകന്‍റെ മൃതദേഹം കണ്ടെടുത്തത്. ഉടനെ നട അടയ്ക്കുകയായിരുന്നു. തന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം മുട്ടുശാന്തിയായ ഓണംതുരുത്ത് അരവിന്ദവേലി ഇല്ലത്ത് നാരായണന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ നിര്‍മ്മാല്യം മുതലുള്ള ചടങ്ങുകള്‍ ആദ്യം മുതല്‍ ആരംഭിച്ചു. കലശത്തിനും പഞ്ചപുണ്യാഹത്തിനും ശേഷമേ ഇനി നട തുറക്കൂ.


അതേസമയം, ദിലീപിന്‍റെ മരണത്തോടെ തീര്‍ത്ഥയാത്ര അവസാനിപ്പിച്ച ഭക്തര്‍ ശബരിമലയ്ക്ക് പോകാനായി ധരിച്ചിരുന്ന മാല ഏറ്റുമാനൂര്‍ ക്ഷേത്രമൈതാനത്ത് വെച്ച് ഊരി മാറ്റി. ശബരിമല ദര്‍ശനവും കഴിഞ്ഞ് സ്വഗൃഹത്തിലെത്തി ഊരേണ്ട മാലയാണ് പാതിവഴിയില്‍ ഇവര്‍ ഊരിയത്. അലങ്കരിച്ച വാഹനത്തിന് മുന്നില്‍ കൂട്ടമായി നിന്നാണ് മാല ഊരിയത്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 10.9K