10 December, 2019 08:58:58 AM
പൗരത്വ നിയമഭേദഗതി ബില്‍: അസമില്‍ 12 മണിക്കൂര്‍ ബന്ദ് ആരംഭിച്ചു; പലയിടത്തും ആക്രമണം
ദിസ്‌പൂര്‍: പൗരത്വ നിയമഭേദഗതി ബില്ലിനെതിരെ അസമില്‍ 12 മണിക്കൂര്‍ ബന്ദ് ആരംഭിച്ചു. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറുവരെയാണ് ബന്ദ്. ബില്ലിനെതിരെ സംസ്ഥാനത്ത് പലയിടത്തും ആക്രമണമുണ്ടായി. മൂന്ന് വിദ്യാര്‍ത്ഥി സംഘടനകളാണ് പ്രക്ഷോഭത്തിന് മുന്‍നിരയിലുള്ളത്. അസം മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിലും പ്രതിഷേധം തുടരുകയാണ്. സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളും പരീക്ഷകള്‍ മാറ്റിവെച്ചു. കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.
പ്രതിഷേധക്കാര്‍ക്കെതിരെ കഴിഞ്ഞ ദിവസം പൊലീസ് ലാത്തി വീശിയിരുന്നു. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് മതപീഡനങ്ങളെ തുടര്‍ന്ന് 2014 ഡിസംബര്‍ 31 വരെ ഇന്ത്യയിലേക്ക് കുടിയേറി ആറ് വര്‍ഷം കഴിഞ്ഞ ഹിന്ദു, സിക്ക്, ജൈന, ബുദ്ധ, ക്രിസ്ത്യന്‍, പാഴ്സി വിഭാഗക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാനുള്ള വിവാദ പൗരത്വ ഭേദഗതി ബില്‍ ഇന്നലെയാണ് ലോക് സഭ പാസാക്കിയത്. 391 അംഗങ്ങള്‍ പങ്കെടുത്ത് വോട്ടെടുപ്പില്‍ 311 അംഗങ്ങള്‍ ബില്ലിനെ അനുകൂലിച്ചു. 80 പേര്‍ ബില്ലിനെ എതിര്‍ത്തു.
പ്രതിപക്ഷം ഒറ്റക്കെട്ടായി ഉയര്‍ത്തിയ അതിരൂക്ഷ പ്രതിഷേധത്തിനിടെയാണ് ആഭ്യന്തരമന്ത്രി അമിത് ഷാ ബില്ല് അവതരിപ്പിച്ചത്. അമിത് ഷായും പ്രതിപക്ഷവും തമ്മില്‍ രൂക്ഷമായ വാഗ്വാദങ്ങളും അരങ്ങേറി. 82നെതിരെ 293 വോട്ടുകള്‍ക്കാണ് ബില്ല് അവതരണാനുമതി പ്രമേയം പാസായത്. ശിവസേനയും വൈ.എസ്.ആര്‍ കോണ്‍ഗ്രസും ബില്ലിനെ അനുകൂലിച്ചു. ബില്ല് ഒരു ശതമാനം പോലും ന്യൂനപക്ഷ വിരുദ്ധമല്ലെന്ന് അമിത് ഷാ പറഞ്ഞു. തങ്ങള്‍ അഞ്ചു വര്‍ഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടവരാണെന്നും അഞ്ചു വര്‍ഷവും തങ്ങളെ കേട്ടിരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.