09 December, 2019 02:38:52 PM
കര്‍ണാടകയിലെ ജനങ്ങള്‍ കോണ്‍ഗ്രസിനെ ഒരു പാഠം പഠിപ്പിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ഹസാരിബാഗ്: കര്‍ണാടകയിലെ ജനങ്ങള്‍ കോണ്‍ഗ്രസിനെ പാഠം പഠിപ്പിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് കര്‍ണാടക ഉപതെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍, ജനാധിപത്യത്തെ വഞ്ചിച്ചവര്‍ക്ക് ജനങ്ങളില്‍ ജനാധിപത്യപരമായ രീതിയില്‍ വോട്ടര്‍മാരില്‍ നിന്ന് ഉത്തരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
കര്‍ണാടകയില്‍ ബിജെപി അധികാരത്തില്‍ ഉണ്ടോ ഇല്ലയോ എന്നത് ഇന്ന് തീരുമാനിക്കേണ്ടതായിരുന്നു. ജനങ്ങള്‍ അവിടെ കോണ്‍ഗ്രസിനെ ശിക്ഷിച്ചു. ഇത് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരു സന്ദേശമാണ് . ജനവിധിക്ക് വിരുദ്ധമായി ആരെങ്കിലും ജനങ്ങളെ അപമാനിക്കുകയും വഞ്ചിക്കുകയും ചെയ്‌താല്‍ വോട്ടര്‍മാര്‍ ഒടുവില്‍ അവരെ ഒരു പാഠം പഠിപ്പിക്കുകയും ചെയ്യും- മോദി പറഞ്ഞു.
കര്‍ണാടകത്തില്‍ കഴിഞ്ഞയാഴ്ച ഉപതെരഞ്ഞെടുപ്പ് നടന്ന 15 സീറ്റുകളിലെയും ഫലം പുറത്തുവന്നപ്പോള്‍ ബി.ജെ.പി 12 സീറ്റുകള്‍ നേടി. കോണ്‍ഗ്രസിന് രണ്ടും മറ്റുള്ളവര്‍ക്ക് ഒരു സീറ്റും ലഭിച്ചു. ജെ.ഡി.എസിന് വന്‍ തിരിച്ചടിയാണ് നേരിട്ടത് ഒറ്റ സീറ്റില്‍ പോലും വിജയിക്കാനായില്ല. 17 വിമത കോണ്‍ഗ്രസ്, ജെഡി (എസ്) എംഎല്‍എമാരുടെ അയോഗ്യത മൂലം ഉണ്ടായ ഒഴിവുകള്‍ നികത്താനാണ് കര്‍ണാടക ഉപതെരഞ്ഞെടുപ്പ് നടന്നത്.