09 December, 2019 01:30:46 PM


ജനങ്ങള്‍ കൂറുമാറ്റക്കാരെ സ്വീകരിച്ചു; കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ തോല്‍വി അംഗീകരിച്ച് കോണ്‍ഗ്രസ്



ബംഗലൂരു: കര്‍ണാടകയിലെ 15 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ തോല്‍വി അംഗീകരിച്ച് കോണ്‍ഗ്രസ്. പതിനഞ്ചു മണ്ഡലങ്ങളിലെ ജനവിധി ഞങ്ങള്‍ അംഗീകരിക്കുന്നു. കൂറുമാറ്റക്കാരെ ജനങ്ങള്‍ സ്വീകരിച്ചു. ഞങ്ങള്‍ തോല്‍വി അംഗീകരിക്കുന്നു. കോണ്‍ഗ്രസ് നിരാശപ്പെടേണ്ടിതില്ലെന്നും ഡി.കെ ശിവകുമാര്‍ പ്രതികരിച്ചു. 15ല്‍ ഒമ്പത് സിറ്റിംഗ് സീറ്റുകള്‍ നഷ്ടപ്പെട്ട കോണ്‍ഗ്രസ് ആണ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്.


ഒടുവില്‍ ലഭിക്കുന്ന സൂചനയനുസരിച്ച് ബി.ജെ.പി 12 സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്. കോണ്‍ഗ്രസ് രണ്ട് സീറ്റുകളിലും കക്ഷി രഹിതര്‍ ഒരു സീറ്റിലും ലീഡ് ചെയ്യുന്നു. ജെ.ഡി.എസ് ആകട്ടെ ഒരിടത്തു പോലും സാന്നിധ്യമറിയിച്ചില്ല. യെദിയൂരപ്പ സര്‍ക്കാരിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമായിരുന്നു ഈ ഉപതെരഞ്ഞെടുപ്പ്. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ആറ് അംഗങ്ങളുടെ പിന്തുണ കൂടി സര്‍ക്കാരിന് ആവശ്യമായിരുന്നു. 12 മണ്ഡലങ്ങളില്‍ വ്യക്തമായ ഭൂരിപക്ഷം ഉറപ്പിച്ചതോടെ ബി.ജെ.പി കേന്ദ്രങ്ങളില്‍ വിജയാഘോഷം തുടങ്ങി.


കൂറുമാറ്റത്തെ തുടര്‍ന്ന് 17 അംഗങ്ങളെയാണ് ജെ.ഡി.എസ്-കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് സ്പീക്കര്‍ അയോധ്യരാക്കിയത്. ഈ നടപടി ശരിവച്ച കോടതി ഇവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നുള്ള വിലക്ക് മാറ്റിയിരുന്നു. രണ്ട് സീറ്റുകളില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയില്‍ നിലനില്‍ക്കുന്നതിനാലാണ് ഉപതെരഞ്ഞെടുപ്പില്‍ നിന്ന് ആ മണ്ഡലങ്ങളെ ഒഴിവാക്കിയത്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K