09 December, 2019 12:03:19 PM


ഏറ്റുമാനൂരില്‍ റയില്‍വേ സ്‌റ്റേഷന്‍ നവീകരിച്ചു; യാത്രക്കാരുടെ ദുരിതത്തിന് ഇനിയും പരിഹാരമായില്ല



ഏറ്റുമാനൂര്‍: ഒട്ടേറെ പ്രതീക്ഷകളോടെ ഏറ്റുമാനൂര്‍ റയില്‍വേ സ്റ്റേഷന്റെ നവീകരണം പൂര്‍ത്തിയാകുന്നതും കാത്തിരുന്ന യാത്രക്കാര്‍ക്ക് നിരാശ സമ്മാനിച്ച് റയില്‍വേ. രണ്ടില്‍നിന്നും നാല് പ്ലാറ്റ്‌ഫോമുകളായും സിഗ്നല്‍ സംവിധാനം ആധുനികവല്‍ക്കരിച്ചും സ്‌റ്റേഷന്റെ തന്നെ സ്ഥാനം മാറ്റിയുമായിരുന്നു നവീകരണം നടന്നത്. കേരളാ എക്‌സ്പ്രസ് പോലുള്ള വലിയ ട്രയിനുകളുടെ മുഴുവന്‍ കംപാര്‍ട്ട്‌മെന്റുകളും ഉള്‍കൊള്ളുന്ന രീതിയിലുമായി പ്ലാറ്റ്‌ഫോം. പക്ഷെ ഇവിടെ നിര്‍ത്തി യാത്രക്കാരെ കയറ്റുവാന്‍ അധികൃതര്‍ പുതിയതായി ഒരു ട്രയിനിന് പോലും സ്‌റ്റോപ്പ് അനുവദിച്ചില്ല. കോട്ടയം ജില്ലയിലെ പ്രധാന സ്ഥാപനങ്ങളോടെല്ലാം ഏറെ അടുത്ത് നില്‍ക്കുന്ന ഏറ്റുമാനൂര്‍ സ്‌റ്റേഷനില്‍ അന്നും ഇന്നും നിര്‍ത്തുന്നത് ഷട്ടില്‍ ട്രയിനുകളും രണ്ട് എക്‌സ്പ്രസ് ട്രയിനുകളും മാത്രം.


രാവിലെ 6.45 ന് കടന്നു പോകുന്ന ഷട്ടില്‍ കഴിഞ്ഞാല്‍ പിന്നീട് 9 മണിയ്ക്ക് വേണാട് എക്‌സ്പ്രസ് മാത്രമാണ് എറണാകുളം ഭാഗത്തേക്ക് ഇതുവഴിയുള്ള ട്രെയിന്‍. അതും ഇപ്പോള്‍ കൃത്യസമയം പാലിക്കുന്നില്ല. പുതിയ കോച്ചുകള്‍ വന്നതിനു ശേഷം വേണാട് എക്‌സ്പ്രസ് സ്ഥിരമായി വൈകിയോടുന്നതിനാല്‍ കടുത്ത യാത്രാ ദുരിതത്തിലാണ് ഏറ്റുമാനൂരിലടക്കം ഇറങ്ങേണ്ട യാത്രക്കാര്‍. രാവിലെ തിരുവനന്തപുരം ഭാഗത്തേക്ക് ഏറ്റുമാനൂരില്‍ നിന്നും ട്രയിന്‍ ഇല്ല. തിരുവനന്തപുരം ഭാഗത്തേക്ക് ആദ്യമുള്ള ട്രയിന്‍ ഉച്ചയ്ക്കുശേഷമുള്ള പരശുറാം എക്‌സ്പ്രസ് ആണ്. തിരുവനന്തപുരത്ത് വിവിധ ഓഫീസുകളില്‍ ജോലി ചെയ്യുന്ന ഏറ്റുമാനൂര്‍ പരിസരങ്ങളിലുള്ളവര്‍ ഇപ്പോള്‍ കോട്ടയത്തെത്തി വഞ്ചിനാട് എക്‌സ്പ്രസില്‍ കയറിയാണ് യാത്ര തുടരുന്നത്. വഞ്ചിനാടിന് ഏറ്റുമാനൂരില്‍ സ്റ്റോപ്പ് അനുവദിച്ചാല്‍ യാത്രക്കാരുടെ ഈ ദുരിതത്തിന് പരിഹാരമാകുമെന്ന് വളരെ കാലങ്ങളായുള്ള നിര്‍ദ്ദേശമാണ്.



ആര്‍പ്പൂക്കരയിലെ മെഡിക്കല്‍ കോളേജ്, കുട്ടികളുടെ ആശുപത്രി, എം.ജി.യൂണിവേഴ്‌സിറ്റി, ഗവ.ഐടിഐ, ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്, അതിരമ്പുഴ പള്ളി, ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളിലേക്ക് ദിനംപ്രതി വന്നുപോകുന്ന യാത്രക്കാര്‍ക്ക് ഏറ്റുമാനൂരില്‍ ട്രയിനുകള്‍ നിര്‍ത്തുന്നത് വലിയ അനുഗ്രഹമാണ്. ചേര്‍ത്തല, ആലപ്പുഴ, പാലാ, ഈരാറ്റുപേട്ട, കട്ടപ്പന, തൊടുപുഴ, മൂവാറ്റുപുഴ തുടങ്ങിയ പ്രദേശങ്ങളിലേക്കും ഏറ്റുമാനൂരില്‍ നിന്ന് എത്താന്‍ വളരെ എളുപ്പം. ശബരിമല സീസണില്‍ അന്യസംസ്ഥാനങ്ങളില്‍നിന്ന് വരുന്ന തീര്‍ത്ഥാടകര്‍ക്ക് ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെത്തി യാത്ര തുടരുന്നതിനും ഇവിടെ ട്രയിന്‍ നിര്‍ത്തുന്നത് സഹായമാകും. വൈകുന്നേരം ഏഴു മണിയ്ക്ക് എറണാകുളത്തു നിന്നും പുറപ്പെടുന്ന പാലരുവി എക്‌സ്പ്രസ് ഏറ്റുമാനൂരില്‍ നിര്‍ത്തണമെന്നും ആവശ്യമുയര്‍ന്നു. 


ഇതിനിടെ പാലരുവി എക്സ്പ്രസിന് ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിയ്ക്കണമെന്നാവശ്യപ്പെട്ട് യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. സ്ഥിരം യാത്രക്കാരുടെ സംഘടനകളിലൊന്നായ ഫ്രണ്ട്സ് ഓണ്‍ റെയിലിന്റെ ആഭിമുഖ്യത്തിലായിരുന്നു പ്രക്ഷോഭം. ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനോടുള്ള അവഗണന അവസാനിപ്പിയ്ക്കണമെന്നും ആവശ്യപ്പെട്ടുള്ള പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി സ്ത്രീകളും വിദ്യാര്‍ത്ഥിനികളുമടക്കം നിരവധി പേര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. തിങ്കളാഴ്ച രാവിലെ ആറ് മുതല്‍ 9 വരെയായിരുന്നു യാത്രക്കാരുടെ പ്രതിഷേധകൂട്ടായ്മ.


സ്റ്റേഷനിലെ പ്ലാറ്റ്ഫോം സൗകര്യം പരിമിതമെന്ന് ചൂണ്ടിക്കാട്ടിയാണ് സമീപത്തെ ചെറുസ്റ്റേഷനുകളില്‍ പോലും പാലരുവിയ്ക്ക് സ്റ്റോപ്പ് അനുവദിച്ചപ്പോള്‍ ഏറ്റുമാനൂരിനെ മാറ്റിനിര്‍ത്തിയത്. എന്നാല്‍ സ്റ്റേഷന്‍ നവീകരണത്തോടെ ഈ വിഷയത്തില്‍ പരിഹാരമുണ്ടായെങ്കിലും ട്രയിനിന് സ്റ്റോപ്പ് അനുവദിക്കുന്നതിനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിച്ചില്ലെന്ന് യാത്രക്കാര്‍ കുറ്റപ്പെടുത്തുന്നു. ഏറ്റുമാനൂരില്‍ സ്‌റ്റോപ്പ് അനുവദിച്ചാല്‍ പാലരുവിയുടെ നിലവിലെ സമയക്രമത്തെ ഒരു തരത്തിലും ബാധിയ്ക്കില്ല എന്നും ചൂണ്ടിക്കാണിയ്ക്കപ്പെടുന്നു. ഒപ്പം ഏറ്റുമാനൂര്‍ സ്റ്റേഷന്റെ വരുമാനവും വര്‍ദ്ധിയ്ക്കും. വാണിജൃ-വ്യവസായിക മേഖലയിലെ വരുമാനവര്‍ദ്ധനവ് അടക്കമുള്ള കാര്യങ്ങള്‍ പരിഗണിച്ച് ഏറ്റുമാനൂരിലെ പൊതുസമൂഹവും യാത്രക്കാര്‍ക്കൊപ്പം അണി ചേര്‍ന്നിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K