08 December, 2019 03:57:11 PM
വ്യാജരേഖ ചമച്ച് ഓട്ടോ പെര്‍മിറ്റ് പുതുക്കല്‍: ആര്‍ ടി ഏജന്‍റായ ഡ്രൈവിംഗ് സ്കൂള്‍ ഉടമ അറസ്റ്റില്‍
കോട്ടയം: ആര്‍ ടി ഓഫീസില്‍ വ്യാജരേഖകള്‍ ചമച്ച് ഓട്ടോറിക്ഷാ പെര്‍മിറ്റ് പുതുക്കാന്‍ ശ്രമിച്ച ആര്‍ ടി ഓ ഏജന്‍റും ഡ്രൈവിംഗ് സ്കൂള്‍ ഉടമയുമായ യുവാവ് അറസ്റ്റില്‍. കോട്ടയം കലക്ട്രേറ്റിനു എതിര്‍വശമുള്ള കാഞ്ഞിരത്തുംമൂട്ടില്‍ ഡ്രൈവിംഗ് സ്കൂള്‍ ഉടമ കഞ്ഞിരത്തുമൂട്ടില്‍ ബിജോയ് ഫിലിപ്പ് ആണ് അറസ്റ്റിലായത്.
പതിനെട്ടു വര്‍ഷം മുന്‍പ് വിറ്റ ഓട്ടോറിക്ഷ ഇപ്പോഴും തന്‍റെ പേരില്‍ തന്നെ ആണെന്ന് മനസ്സിലാക്കിയ വിദേശ മലയാളി കോട്ടയം ഡി വൈ എസ് പി ആര്‍ ശ്രീകുമാറിന് നല്‍കിയ പരാതിയെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ബിജോയ് പിടിയിലായത്. കോട്ടയം ആര്‍ ടി ഓ ഓഫീസില്‍ നടത്തിയ അന്വേഷണത്തില്‍ വാഹനത്തിന്‍റെ പെര്‍മിറ്റ് കാലാവധി കഴിഞ്ഞുവെന്നും ആയത് പുതുക്കി നല്‍കുന്നതിനായി വിദേശ മലയാളിയുടെ പേരില്‍ അപേക്ഷ തയാറാക്കിയത് ഓഫീസില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും അറിയാനായി.
എന്നാല്‍ താന്‍ ഇങ്ങിനെ ഒരു അപേക്ഷ നല്‍കിയിട്ടില്ലെന്നും അപേക്ഷയില്‍ കാണുന്ന ഒപ്പ് തന്‍റേതല്ലെന്നും വിദേശ മലയാളി പറഞ്ഞതോടെയാണ് വ്യാജരേഖ ചമച്ചുള്ള തട്ടിപ്പ് വെളിപ്പെടുന്നതും അന്വേഷണം ബിജോയിലെത്തി നിന്നതും. ആര്‍ ടി ഓഫീസിലെ രേഖകളില്‍ ബ്ലാക്ക് ലിസ്റ്റില്‍പെടുത്തിയിരുന്ന വാഹനം ബ്ലാക്ക് ലിസ്റ്റില്‍ നിന്നും മാറ്റി പെര്‍മിറ്റു പുതുക്കിയത്തിനു ശേഷം വീണ്ടും ബ്ലാക്ക് ലിസ്റ്റില്‍ ആക്കുവാന്‍ വാഹന ഉടമ തന്നെ ചുമതലപ്പെടുത്തിയതായുള്ള സത്യവാങ്ങ്മൂലവും ബിജോയ് കൃതിമമായി തയാറാക്കി നല്‍കിയിരുന്നു. ജോയിന്‍റ് ആര്‍ ടി ഓ റോയ് തോമസിന്‍റെ റിപ്പോര്‍ട്ടിന്‍ പ്രകാരം കോട്ടയം ഈസ്റ്റ് പോലിസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.
നിരവധി കേസുകളില്‍ പ്രതി ആയിട്ടുള്ള മണര്‍കാട് സ്വദേശി നിജോ തോമസിന്‍റെ കൈവശം ആണ് ഇപ്പോള്‍ വാഹനം ഇരിക്കുന്നത്. പതിനെട്ടു വര്‍ഷം മുന്‍പ് വിറ്റ വാഹനം പലയാളുകളുടെ കൈ മറിഞ്ഞിട്ടുണ്ടെന്നു അന്വേഷണത്തില്‍ മനസ്സിലായി. ഇക്കാലയളവില്‍ എല്ലാം തന്നെ പ്രസ്തുത വാഹനത്തിന്‍റെ പെര്‍മിറ്റും, ഫിറ്റ്നസ്സും പുതുക്കുന്നതിനായി വ്യാജ രേഖ ചമച്ച് വിവിധ ആര്‍ ടി ഓ ഏജന്‍റുമാര്‍ ആണ് വാഹനം കൈവശം വച്ചിരുന്നവരെ സഹായിച്ചിരുന്നത് എന്നും അന്വേഷണത്തില്‍ തെളിഞ്ഞു. അവരിലേക്കും അന്വേഷണം വ്യാപിപ്പിക്കും.
കോട്ടയം ഡി വൈ എസ് പി ആര്‍ ശ്രീകുമാറിന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഡി വൈ എസ് എസ് പി ഓഫീസിലെ സബ് ഇന്‍സ്പെക്ടര്‍മാരായ ഉദയകുമാര്‍ പി ബി , പ്രസാദ് കെ ആര്‍ അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍ അരുണ്‍ കുമാര്‍ കെ. ആര്‍ എന്നിവര്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലാകുന്നത്. കോട്ടയം ഈസ്റ്റ് പോലിസ് സ്റ്റേഷന്‍ എസ് ഐ കെ.എം മഹേഷ്‌കുമാര്‍ ആണ് കേസ് അന്വേഷിക്കുന്നത്. കാഞ്ഞിരത്തുംമൂട്ടില്‍ ഡ്രൈവിംഗ് സ്കൂള്‍ ഉടമ ബിജോയ് ഫിലിപ്പിനെ അറസ്റ്റ് ചെയ്ത് കര്‍ശന ഉപാധികളോടെ ജാമ്യത്തില്‍ വിട്ടു.