07 December, 2019 11:43:39 AM


ഹൈദരാബാദ് കേസിലെ പ്രതികളുടെ സംസ്‌കാരം തടഞ്ഞ് ഹൈക്കോടതി; ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും



ഹൈദരാബാദ്: ഹൈദരാബാദില്‍ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തിയ ബലാല്‍സംഗക്കേസിലെ പ്രതികളുടെ മൃതദേഹം സംസ്‌കരിക്കുന്നത് തെലങ്കാന ഹൈക്കോടതി താത്കാലികമായി തടഞ്ഞു. പൊലീസ് മന:പൂര്‍വ്വം പ്രതികളെ വെടിവെച്ചു കൊന്നതാണെന്ന് ആരോപിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഹൈക്കോടതിയെ സമീപിച്ചു. ഇതേ തുടര്‍ന്നാണ് കോടതി നടപടി. പൊലീസ് തന്നെ വിധി തീരുമാനിച്ച് വധശിക്ഷ നടപ്പാക്കുന്നത് അനുവദിച്ചാല്‍ നിയമവാഴ്ച തകരുമെന്നും ഇവര്‍ ഹര്‍ജിയില്‍ ആരോപിച്ചു.


പരാതി ഫയലില്‍ സ്വീകരിച്ച കോടതി വാദം കേള്‍ക്കാനായി തിങ്കളാഴ്ചയിലേക്ക് മാറ്റി. അതുവരെ മൃതദേഹം സംസ്‌കരിക്കരുതെന്നും കോടതി വിലക്കി. ഉത്തരവ് സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. ഈ വിഷയത്തില്‍ മനുഷ്യാവകാശ, സാമൂഹ്യപ്രവര്‍ത്തകര്‍ സുപ്രിം കോടതിയെ സമീപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ അഭിഭാഷകര്‍ ഈ വിഷയത്തില്‍ ചീഫ് ജസ്റ്റിസിനും ദേശീയ മനുഷ്യാവകാശ കമ്മീഷനും കത്തയച്ചു. അതേസമയം പൊലീസിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഒരു വിഭാഗം ഇന്നലെ പാതിരാത്രി പ്രകടനം നടത്തി. ഇന്നലെ പൊലീസിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K