06 December, 2019 01:46:20 PM


ഹീറോയായി വീണ്ടും സജ്ജനാർ: വിചാരണയ്ക്ക് പോലും കാത്തുനിൽക്കാതെ അന്ന് വധിച്ചത് മൂന്ന് പ്രതികളെ: ഇന്ന് നാല് പേരെ




ഹൈദരാബാദ്: വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഇന്ന് ഏറ്റുമുട്ടലിലൂടെ വധിച്ചത് വി.സി സ‌ജ്ജനാർ ഐ.പി.എസിന്റെ അധികാരപരിധിയിൽ. സജ്ജനാറിന്റെ കീഴിൽ നടക്കുന്ന രണ്ടാം ഏറ്റുമുട്ടൽ കൊലപാതകമാണിത്.


2008ൽ ആന്ധ്രയിലെ വാറങ്കലിൽ എൻജിനീയറിംഗ് വിദ്യാർത്ഥികളുടെ ശരീരത്തിൽ ആസിഡ് ഒഴിച്ച സംഭവത്തിലെ പ്രതികളെന്നു കരുതുന്ന മൂന്നു യുവാക്കളെ പൊലീസ് വെടിവച്ചു കൊന്നപ്പോൾ വാറങ്കൽ എസ്.പിയായിരുന്നു സജ്ജനാർ. അന്ന് ആസിഡ് ദേഹത്ത് വീണ പെൺകുട്ടികളിൽ ഒരാൾ മരിച്ചിരുന്നു. ആസിഡ് ഒഴിച്ച കേസിൽ അന്ന് അറസ്റ്റിലായ ശ്രീനിവാസ്, ഹരികൃഷ്ണ, സഞ്ജയ് എന്നിവരാണ് അന്നത്തെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. തങ്ങളാണ് പെൺകുട്ടികളുടെ ദേഹത്ത് ആസിഡ് ഒഴിച്ചതെന്ന് ഇവർ പൊലീസിനോട് സമ്മതിച്ചിരുന്നു.


ഇവരെ ഏറ്റുമുട്ടലിലൂടെ വധിച്ചതിനെ തുടർന്ന് സജ്ജനാർക്കെതിരെ വൻ പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ പ്രതികൾ സഞ്ചരിച്ചിരുന്ന ബൈക്ക് കസ്റ്റഡിയിൽ എടുക്കാൻ മൂവുനൂരിൽ എത്തിയപ്പോൾ പോലീസ് പാർട്ടിക്കു നേരെ ഇവർ ആക്രമണം നടത്തിയതിനെ തുടർന്ന് വെടി വയ്ക്കുകയായിരുന്നു എന്നാണ് സജ്ജനാറിന്റെ വിശദീകരണം. അറസ്റ്റ് ചെയ്ത യുവാക്കൾക്കൊപ്പം ബൈക്ക് കസ്റ്റഡിയിൽ എടുക്കാൻ പോയപ്പോഴായിരുന്നു സംഭവം.


സൗപർണിക എന്ന പെൺകുട്ടിയോട് പ്രധാന പ്രതിയെന്നു കരുതുന്ന സഞ്ജയ് നടത്തിയ പ്രേമാഭ്യർഥന നിരസിച്ചതിനെ തടുർന്ന് ഈ കുട്ടിയുടെയും കൂട്ടുകാരിയുടെയും ശരീരത്തിൽ ആസിഡ് ഒഴിക്കുകയായിരുന്നു. അന്നത്തെ സംഭവത്തെ തുടർന്ന് വാറങ്കലിൽ ഹീറോ പരിവേഷമായിരുന്നു സജ്ജനാർക്ക് ലഭിച്ചത്. പെൺകുട്ടിയുടെ സുഹൃത്തുക്കളടക്കം നിരവധി വിദ്യാർത്ഥികൾ ഇദ്ദേഹത്തെ കാണാനായി എത്തിയിരുന്നു. വിവിധ സ്ഥലങ്ങളിൽ സജ്ജനാറിന് മാലയിട്ട് സ്വീകരണം വരെ നൽകിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K