06 December, 2019 10:43:10 AM
റിക്കോര്‍ഡിട്ട് ഏറ്റുമാനൂര്‍ നഗരസഭ: നാല് വര്‍ഷത്തിനുള്ളില്‍ 4 ചെയര്‍മാന്‍; ഒപ്പം തന്നെ സെക്രട്ടറിയും
വിവാദങ്ങള്‍ക്കൊടുവില്‍ ഏറ്റുമാനൂര്‍ നഗരസഭാ സെക്രട്ടറിയ്ക്ക് സ്ഥാനചലനം
ഏറ്റുമാനൂര്‍: സംസ്ഥാനത്തുടനീളം ശ്രദ്ധയാകര്‍ഷിച്ചതുള്‍പ്പെടെ ഒട്ടേറെ വിവാദങ്ങള്‍ക്ക് വേദിയായ ഏറ്റുമാനൂര്‍ നഗരസഭയുടെ സെക്രട്ടറിയ്ക്ക് സ്ഥാനചലനം. സെക്രട്ടറി എന്‍.വൃജയെ സൌത്ത് പറവൂരിലേക്ക് സ്ഥലമാറ്റം കഴിഞ്ഞ ദിവസം ഉത്തരവിറങ്ങി. ഇതോടെ ഗ്രാമപഞ്ചായത്ത് നഗരസഭയായി ഉയര്‍ത്തി നാല് വര്‍ഷത്തിനുള്ളില്‍ നാലാമത് സെക്രട്ടറിയാണ് ചാര്‍ജെടുക്കാന്‍ പോകുന്നത്. നാല് വര്‍ഷത്തിനുള്ളില്‍ നാല് ചെയര്‍മാന്‍ എന്നതിനൊപ്പം തന്നെ സെക്രട്ടറിയുടെ സ്ഥാനവും എത്തിയെന്നതാണ് ഏറെ കൌതുകം. നഗരസഭാ എഞ്ചിനീയര്‍മാരുടെ കാര്യത്തിലാണെങ്കില്‍ ഒരു പടി കൂടി കടന്നു. ആറാമത്തെ അസിസ്റ്റന്‍റ് എഞ്ചിനീയറാണ് ഇപ്പോഴുള്ള സി.എസ്.ഷിജു.
ഗ്രാമപഞ്ചായത്ത് ആയിരുന്ന സമയത്തെ സെക്രട്ടറി ഷറഫുദ്ദീന്‍ നഗരസഭ ആയപ്പോഴും ആ സ്ഥാനത്തു തുടര്‍ന്നു. പക്ഷെ ആദ്യവര്‍ഷം മാര്‍ച്ച് 31ന് വിരമിക്കല്‍ ദിനത്തില്‍ തന്നെ കൈക്കൂലി വാങ്ങിയതിന് അദ്ദേഹത്തെ വിജിലന്‍സ് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് അസിസ്റ്റന്‍റ് സെക്രട്ടറിയ്ക്കായിരുന്നു മാസങ്ങളോളം ചാര്‍ജ്. തുടര്‍ന്നു വന്ന സെക്രട്ടറി അഡ്വ.ജയകുമാറും വിവാദങ്ങളില്‍പെട്ടതോടെ നഗരസഭാ കൌണ്‍സില്‍ ഇടപെട്ട് തന്നെ അദ്ദേഹത്തെ സ്ഥലം മാറ്റി. മൂന്ന് മാസത്തോളം മാത്രം ഏറ്റുമാനൂരില്‍നിന്നും സ്ഥലം മാറി പോയ അദ്ദേഹം ഇപ്പോള്‍ ഡയറക്ടറേറ്റിലാണ്.
മൂന്നാമത് ചാര്‍ജെടുത്ത സെക്രട്ടറി എന്‍.വൃജ രണ്ട് വര്‍ഷത്തിലേറെ ഏറ്റുമാനൂരില്‍ സേവനമനുഷ്ടിച്ചു. ഇതിനിടെ പദ്ധതി നിര്‍വ്വഹണത്തിന് പുരസ്കാരം ലഭിച്ചുവെങ്കിലും ഒട്ടേറെ വിവാദങ്ങളില്‍ ചെന്നു വീഴുകയും വീഴ്ത്തുകയും ചെയ്തു. കോണ്‍ഗ്രസ് പ്രതിനിധിയായ ഒരു കൌണ്‍സിലറുടെ നിര്‍ദ്ദേശപ്രകാരം എത്തിയ യുവതിയുവാക്കളുടെ വിവാഹ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തി നല്‍കാന്‍ തയ്യാറാകാതെ വന്നതോടെ ഭരണ-പ്രതിപക്ഷഭേദമെന്യേ ഒരു വിഭാഗം അംഗങ്ങള്‍ ഇവര്‍ക്കെതിരായതാണ് ഇതില്‍ പ്രധാനം. തുടര്‍ന്ന് സെക്രട്ടറി തൊടുന്നതെല്ലാം കുറ്റമായി മാറ്റിയെടുക്കപ്പെടുകയായിരുന്നു.
ഇതിനിടെയാണ് ചിറക്കുളത്തിന് സമീപമുള്ള നാടോടികളെ ഒഴിപ്പിക്കണമെന്നും പുനരധിവസിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സെക്രട്ടറി ഏറ്റുമാനൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ക്ക് നല്‍കിയ കത്ത് വിവാദമായത്. പിന്നാലെ നവജാതശിശുവിനെ സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് പോലീസുമായി ഉണ്ടായ അഭിപ്രായവ്യത്യാസത്തിലും സെക്രട്ടറി പഴികേള്‍ക്കേണ്ടിവന്നു. നിലവില്‍ നിര്‍മ്മാണം നിര്‍ത്തിവെച്ച വ്യാപാരസമുശ്ചയത്തിന്‍റെ കരാര്‍ വെച്ചതിലും താല്‍പര്യപത്രം ക്ഷണിച്ചതിലും സെക്രട്ടറിക്കെതിരെ ആരോപണമുയര്‍ന്നിരുന്നു.
വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന നഗരസഭയില്‍ ഇതിനിടെ നടപ്പാക്കാനുദ്ദേശിച്ച പല കാര്യങ്ങളും ഉദ്യോഗസ്ഥരുടെയും ചില കൌണ്‍സിലര്‍മാരുടെയും താല്‍പര്യം മൂലം നടക്കാതെ പോയതും ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. തെള്ളകത്തെ സ്വകാര്യ ആശുപത്രി കെട്ടിട നികുതി വന്‍തോതില്‍ വെട്ടിക്കുന്നുവെന്ന പരാതിയാണ് ഇതിലൊന്ന്. സംഭവത്തില്‍ അന്വേഷണം നടത്തി നികുതി കൃത്യമായി നിര്‍ണ്ണയിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറി ഉത്തരവിട്ടെങ്കിലും ചില കൌണ്‍സിലര്‍മാരും ഉദ്യോഗസ്ഥരും ഇടപെട്ടതോടെ ഫയല്‍ പാതിവഴിയില്‍ കുരുങ്ങികിടക്കുകയാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
പ്രശ്നങ്ങള്‍ പലവഴിക്കായപ്പോള്‍ മുമ്പിരുന്ന ചില എഞ്ചിനീയര്‍മാര്‍ക്ക് സംഭവിച്ചതുപോലെ തന്നെ വൃജയും ഏറ്റുമാനൂരില്‍നിന്ന് രക്ഷപെടണമെന്ന ആഗ്രഹത്തിലായിരുന്നുവെന്ന് ഇവരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കൌണ്‍സിലര്‍മാര്‍ പറയുന്നു. സ്ഥലംമാറ്റത്തിന് അപേക്ഷ നല്‍കി കാത്തിരിക്കുകയായിരുന്നു ഇവരെന്ന് നഗരസഭാ ചെയര്‍മാന്‍ ജോര്‍ജ് പുല്ലാട്ട് 'കൈരളി വാര്‍ത്ത'യോട് പറഞ്ഞു. എന്നാല്‍ ഇവര്‍ക്കെതിരെ നീങ്ങുന്ന ഒരു വിഭാഗം പ്രചരിപ്പിക്കും പോലെ ശിക്ഷാനടപടിയുടെ ഭാഗമല്ല ഈ സ്ഥലംമാറ്റമെന്നും ചെയര്‍മാന്‍ പറഞ്ഞു.
തൃക്കാക്കരയില്‍ നിന്നും സ്ഥലംമാറി വരുന്ന പി.എസ്.ഷിബുവാണ് ഏറ്റുമാനൂര്‍ നഗരസഭയില്‍ നാലാമത് സെക്രട്ടറി. ഇദ്ദേഹം അടുത്ത ദിവസം തന്നെ ചാര്‍ജെടുക്കും. തീര്‍ത്താലും തീര്‍ത്താലും തീരാത്തത്ര പ്രശ്നങ്ങളാണ് ഏറ്റുമാനൂരില്‍ പുതിയ സെക്രട്ടറിയെ കാത്തിരിക്കുന്നത്. നഗരസഭാ പിതാവിനോടൊപ്പം സെക്രട്ടറി, അസിസ്റ്റന്‍റ് എഞ്ചിനീയര്‍ തുടങ്ങിയ താക്കോല്‍സ്ഥാനങ്ങളിലിരിക്കുന്നവരുടെ അടിക്കടിയുള്ള സ്ഥാനചലനങ്ങളും നഗരസഭയിലെ ഭരണസ്തംഭനത്തിന് പ്രധാന കാരണമായിരിക്കുകയാണ്.