04 December, 2019 06:13:10 PM


കോട്ടയം ഈരാറ്റുപേട്ടയില്‍ ജപ്തി ഭീഷണിയെ തുടര്‍ന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു




ഈരാട്ടുപേട്ട: സ്വകാര്യ ധനകാര്യ സ്ഥാപനം ജപ്തി നോട്ടീസ് പതിപ്പിച്ചതിന് പിന്നാലെ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. ഈരാറ്റുപേട്ട മൂന്നാം തോട് കട്ടക്കാല്‍ കോളനി തൊടിയില്‍ ഷാജിയാണ് ആത്മഹത്യ ചെയ്തത്. ഒരു വര്‍ഷം മുമ്പ് മകളുടെ കല്ല്യാണാവശ്യത്തിനായി ഒരു ലക്ഷത്തിമുപ്പതിനായിരം രൂപ ഷാജി വായ്പ്പയെടുത്തിരുന്നു. എന്നാല്‍ കഴിഞ്ഞ നാലുമാസമായി തിരിച്ചടവ് മുടങ്ങി.

തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് 19,500 രൂപ കുടിശ്ശിക തിരിച്ചടയ്ക്കണമെന്നും ഇല്ലെങ്കില്‍ ജപ്തി നടപടികളുമായി മുന്നോട്ട് പോകുമെന്നും കാണിച്ച്‌ ധനകാര്യ സ്ഥാപനം നോട്ടീസ് പതിപ്പിച്ചത്. ഇതേ തുടര്‍ന്നുള്ള മനോവിഷമത്തില്‍ ജീവനൊടുക്കുകയാണെന്ന് ആത്മഹത്യ കുറിപ്പ് എഴുതി വച്ച ശേഷമാണ് ഷാജി തൂങ്ങി മരിച്ചത്.
ആശാരിയായ ഷാജിക്ക് ഒരുമാസമായി ജോലിയുണ്ടായിരുന്നില്ലെന്നും ബന്ധുക്കള്‍ പറയുന്നു. വായപ് എടുക്കുന്നതിനായി ആധാരം അടക്കം ഷാജി ബാങ്കില്‍ നല്‍കിയിരുന്നു. ഇന്ന് രാവിലെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ ഷാജിയെ കണ്ടെത്തിയത്. ജപ്തി നോട്ടീസിന് പിന്നാലെ വീട് നഷ്ടപ്പെടുമെന്ന് കടുത്ത വിഷമം ഷാജിക്ക് ഉണ്ടായിരുന്നെന്നും കടുത്ത മാനസികസംഘര്‍ഷം നേരിട്ടിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K